എന്റെ ‘ബോർഡേഴ്സ് ഓഫ് ദി ഇന്നർ വേൾഡ്’ (Borders of the Inner World) എന്ന പുസ്തകത്തിലെ “എ പ്ലേസ് കോൾഡ് ഹോം” എന്ന അധ്യായത്തിൽ ഇതിനോട് ചേർന്നുനിൽക്കുന്ന ചില കാര്യങ്ങൾ ഞാൻ എഴുതിയിരുന്നു. ഉള്ളിൽ വീടിനെ പേറുക എന്നാൽ പലപ്പോഴും അതിന്റെ ചെറിയ ചില ശീലങ്ങളെ സൂക്ഷിച്ചുവെക്കലാണെന്ന്: അമ്മ ഉണ്ടാക്കാറുള്ള ചില വിഭവങ്ങൾ വീണ്ടും ഉണ്ടാക്കി നോക്കുക, പണ്ടെങ്ങോ കേട്ടൊരു പാട്ടിലേക്ക് തിരികെപ്പോവുക, അല്ലെങ്കിൽ നമ്മളെ പഴയൊരു കാലവുമായി നിശബ്ദമായി ബന്ധിപ്പിക്കുന്ന ചില സാധാരണ വസ്തുക്കളെ ചേർത്തുപിടിക്കുക.
മുതിർന്നവർ ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ചില ശീലങ്ങളെക്കുറിച്ചാണ് ഞാൻ അന്ന് ചിന്തിച്ചിരുന്നത്.
എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്.
മുതിർന്നവർ ആവർത്തിക്കുന്നതുകൊണ്ടാണ് കുട്ടികൾ അത് ഓർത്തുവെക്കുന്നത്.
ഒരു കുടുംബത്തിലെ ചില ശീലങ്ങളോ രീതികളോ ഒരു വലിയ പ്രഖ്യാപനത്തോടെയല്ല തുടങ്ങുന്നത്. ഒരു പ്രത്യേക വൈകുന്നേരമോ, ഭക്ഷണനേരമോ, ഏതെങ്കിലും ചില വാക്കുകളോ അത്രമേൽ പ്രധാനപ്പെട്ടതാകണമെന്ന് ആരും മുൻകൂട്ടി തീരുമാനിക്കാറുമില്ല. അതങ്ങനെ ഒരിക്കൽ സംഭവിക്കുന്നു, വീണ്ടും ആവർത്തിക്കുന്നു; ഒടുവിൽ അത് തന്റെ ദിവസങ്ങളുടെ ഭാഗമാണെന്ന് ഒരു കുഞ്ഞ് വിശ്വസിച്ചുതുടങ്ങുന്നു.
ചിലപ്പോൾ അതൊരു ഞായറാഴ്ച രാവിലെ അടുക്കളയിൽ നിന്നുയരുന്ന പ്രിയപ്പെട്ട വിഭവത്തിന്റെ മണമാകാം.
എല്ലാ കൊല്ലവും ഒരല്പം ശ്രുതി തെറ്റി പാടുന്ന ആ പഴയ ജന്മദിന ഗാനമാകാം.
ബെഡ്ഷീറ്റുകൾ കൊണ്ട് അച്ഛൻ തീർക്കുന്ന കൊച്ചു കൂടാരങ്ങളാകാം, മഴയുള്ള നാളുകളിൽ അമ്മ കാത്തുവെക്കുന്ന പ്രിയപ്പെട്ട രുചികളാകാം, ഉറങ്ങും മുൻപ് ഒരേ കിടക്കയിൽ ചേർന്നിരുന്ന് കേൾക്കുന്ന കൊച്ചുകഥകളാകാം.
‘പാരമ്പര്യം’ എന്ന വലിയ വാക്കുകൊണ്ട് വിളിക്കാൻ മാത്രം അത്ര വലിയ കാര്യങ്ങളൊന്നും ആയിരിക്കില്ല ഇവ. പക്ഷേ, കുട്ടിക്കാലം പണിതുയർത്തുന്നത് ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ കൊണ്ടാണ്.
അസാധാരണമായ ദിവസങ്ങളെയാണ് മുതിർന്നവർ ഓർക്കാറുള്ളത്. എന്നാൽ കുട്ടികളുടെ ഉള്ളുനിറയ്ക്കുന്നത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന നിമിഷങ്ങളാണ്.
ചില കൃത്യസമയങ്ങളിൽ വീടിന്റെ പടി കയറിവരുന്ന ശബ്ദം അവർ ഓർക്കും. പാൽ കുടിച്ചിരുന്ന ആ പ്രത്യേക കപ്പ്. ലൈറ്റ് അണയ്ക്കുന്നതിന് മുൻപ് കേട്ട വാക്കുകൾ. അത്താഴസമയത്ത് ഓരോരുത്തരും ഇരുന്നിരുന്ന ഇടങ്ങൾ. ദീർഘയാത്രകളിൽ കാറിൽ മുഴങ്ങിയ പാട്ടുകൾ. ജന്മദിനങ്ങൾ തുടങ്ങിയിരുന്ന രീതി. ചില പ്രഭാതങ്ങളിൽ വീടാകെ നിറഞ്ഞുമൊഴുകിയ മണം.
അതൊക്കെ സംഭവിക്കുന്ന നേരത്ത് അതിനത്ര പ്രാധാന്യമുണ്ടെന്ന് ആർക്കും തോന്നാറില്ല. അതുകൊണ്ടുതന്നെയാകാം അത് ഓർമ്മകളിൽ അത്രമേൽ ഉറച്ചുപോകുന്നത്. യാതൊരു അനുവാദവും ചോദിക്കാതെയാണ് അത് ഓർമ്മകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
അതിരുകളില്ലാത്തൊരു ലോകവും ഉള്ളിലെ സ്വാസ്ഥ്യവും
നിയമങ്ങളൊന്നും മനസ്സിലാകാത്ത ഒരു ലോകത്തിലേക്കാണ് ഒരു കുഞ്ഞ് ജനിച്ചുവീഴുന്നത്. ദിവസങ്ങൾ വരുന്നു, പോകുന്നു. മുതിർന്നവർ ജോലിക്ക് പോകുന്നു, സ്കൂളുകൾ തുടങ്ങുന്നു, വീടുകൾ മാറുന്നു, അതിഥികൾ വരുന്നു, തിരികെപ്പോകുന്നു. മാറിയെത്തുന്ന ഋതുക്കൾ പോലും അവർക്ക് അപരിചിതമായി തോന്നും.
ഈ അനിശ്ചിതത്വങ്ങൾക്കിടയിൽ കാര്യങ്ങൾക്ക് ഒരു രൂപം നൽകുന്നത് ആവർത്തനങ്ങളാണ്. പരിചിതമായ ഒന്ന് തിരികെ വരുമ്പോൾ, അത് നിശബ്ദമായി ആ കുട്ടിയോട് പറയുന്നു: “എനിക്കിത് അറിയാം. ഞാൻ മുൻപും ഇവിടെയുണ്ടായിരുന്നു. ഈ ലോകത്തിലെ ഈയൊരിടം എന്റേതാണ്.”
അതുകൊണ്ടാണ് ഒരു ശീലത്തിന്റെ മൂല്യം അത് എത്രത്തോളം ചെലവേറിയതാണ് എന്നതിലല്ല ഇരിക്കുന്നത്. വലിയ തുക മുടക്കിയുള്ള ഒരു യാത്ര ചിലപ്പോൾ നല്ലൊരു ഓർമ്മയായേക്കാം; എന്നാൽ ചായ തിളയ്ക്കുമ്പോൾ അടുക്കളയിൽ എല്ലാവരും ഒന്നിച്ചുചേർന്നുനിന്ന ആ നിമിഷവും അതുപോലെ മനോഹരമായിരിക്കും. അർത്ഥങ്ങളെ പണം കൊണ്ട് അളക്കാൻ കുട്ടികൾക്ക് അറിയില്ല. അവർ ശ്രദ്ധിക്കുന്നത് ആ അന്തരീക്ഷമാണ്, അവിടെയുള്ളവരുടെ സാന്നിധ്യമാണ്, ആവർത്തനങ്ങളാണ്.
എല്ലാവരും അവിടെയുണ്ടായിരുന്നു എന്ന് അവർ കാണുന്നു. ആരോ അത് ഓർത്തുുവെച്ചിരുന്നു എന്ന് അവർ തിരിച്ചറിയുന്നു. തങ്ങൾക്കായി ഒരിടം അവിടെ കാത്തുവെച്ചിട്ടുണ്ടായിരുന്നു എന്ന് അവർ അനുഭവിക്കുന്നു.
വീണ്ടും വീണ്ടും സംഭവിക്കുന്നത് ഉള്ളിലെ ഏകാന്തതയിൽ അവർക്ക് ചാരിയിരിക്കാനുള്ള പ്രിയപ്പെട്ടൊരു കസേരയായി മാറുന്നു.
വാക്കുകളില്ലാതെ നമ്മൾ പറയുന്ന കഥകൾ
ഓരോ കുടുംബവും തങ്ങളുടെ കുട്ടികളോട് തങ്ങൾ ആരാണെന്നതിനെക്കുറിച്ച് ഒരു കഥ പറയുന്നുണ്ട്. ആ കഥ മിക്കപ്പോഴും വാക്കുകളിലൂടെയല്ല അവരിലേക്ക് എത്തുന്നത്. തിരക്കുകൾക്കിടയിലും ആ കുടുംബം എന്തിനുവേണ്ടിയാണ് സമയം കണ്ടെത്തുന്നത് എന്നതിലൂടെയാണ് അത് വ്യക്തമാകുന്നത്.
എത്ര തിരക്കുണ്ടെങ്കിലും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുമ്പോൾ നാം നൽകുന്ന സന്ദേശം ഇതാണ്: നമ്മൾ എപ്പോഴും പരസ്പരം തിരികെ എത്തേണ്ടവരാണ്. എത്ര ലളിതമായിട്ടാണെങ്കിലും ജന്മദിനങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ ആ കഥ ഇതാണ്: നീ ഈ ലോകത്തേക്ക് വന്ന ദിവസം ഞങ്ങൾക്ക് അത്രമേൽ പ്രധാനപ്പെട്ടതാണ്. വിശേഷദിവസങ്ങളിൽ ബന്ധുക്കളെ വിളിക്കുമ്പോൾ അത് പറയുന്നു: അകലങ്ങൾ മനുഷ്യരെ നമ്മിൽ നിന്ന് ഇല്ലാതാക്കുന്നില്ല. പഴയൊരു വിഭവം വീണ്ടും ഉണ്ടാക്കുമ്പോൾ ആ കഥ ഇതാണ്: നിനക്ക് മുൻപും ഇവിടെ ആളുകളുണ്ടായിരുന്നു, അവരുടെ അടയാളങ്ങൾ ഇന്നും നമ്മളിലുണ്ട്. രാത്രികളിൽ ഒരേ വാക്കുകളോടെ ഉറങ്ങാൻ കിടത്തുമ്പോൾ ആ കഥ ഇതാണ്: ഈ ദിവസം എങ്ങനെ കടന്നുപോയാലും, ഒടുവിൽ നീ സുരക്ഷിതനാണ്, സ്നേഹിക്കപ്പെടുന്നുണ്ട്.
ഇതൊക്കെ വിവരിക്കാൻ പാകത്തിൽ ഭാഷ വളരുന്നതിന് എത്രയോ മുൻപ് തന്നെ കുട്ടികൾ ഈ കാര്യങ്ങൾ ഉള്ളിലൊതുക്കുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം, ആ തീൻമേശയ്ക്കരികിൽ നടന്ന ഓരോ സംഭാഷണങ്ങളും അവർ ഓർക്കണമെന്നില്ല. ചില ദിവസങ്ങളിൽ ചില വിഭവങ്ങൾ തന്നെ ഉണ്ടാക്കിയത് എന്തിനാണെന്ന് അവർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. കൗമാരപ്രായത്തിലെത്തുമ്പോൾ ചില കുടുംബശീലങ്ങൾ അവർക്ക് അല്പം മടിയുണ്ടാക്കിയേക്കാം.
എങ്കിലും, അതിന്റെ ഉള്ളിലെ സന്ദേശം അവിടെത്തന്നെയുണ്ടാകും. ഇങ്ങനെയാണ് നമ്മൾ ജീവിച്ചിരുന്നത്. ഇതിലേക്കാണ് നമ്മൾ മടങ്ങിയെത്തിയിരുന്നത്. നമ്മുടെ വീടുകളിൽ സ്നേഹം പെരുമാറിയിരുന്നത് ഇങ്ങനെയായിരുന്നു.
പൂർണ്ണത തിരയുന്നതിലെ അപകടം
പുതിയ ശീലങ്ങൾ ഉണ്ടാക്കാൻ കുടുംബങ്ങൾ പലപ്പോഴും മടിക്കുന്നത്, അത് വളരെ ഗംഭീരമായിരിക്കണം എന്ന് വിചാരിക്കുന്നത് കൊണ്ടാണ്. മനോഹരമായ അലങ്കാരങ്ങൾ, ഒരേതരം വസ്ത്രങ്ങൾ, ശ്രദ്ധയോടെ തയ്യാറാക്കിയ ഭക്ഷണങ്ങൾ, എല്ലാവരും സന്തോഷത്തോടെ നിൽക്കുന്ന ചിത്രങ്ങൾ… ഇതാണ് നമ്മൾ സങ്കൽപ്പിച്ചു വെക്കുന്നത്.
എന്നാൽ യഥാർത്ഥ കുടുംബജീവിതം അത്രമേൽ താളത്തിലാകാറില്ല. ആരെങ്കിലും ക്ഷീണിച്ചിട്ടുണ്ടാകും. ആരോ ഭക്ഷണം കഴിക്കാൻ കൂട്ടാക്കില്ല. ഫോട്ടോ എടുക്കുമ്പോൾ കുട്ടി കരഞ്ഞേക്കാം. കേക്ക് ഒരു വശത്തേക്ക് ചരിഞ്ഞുപോയേക്കാം. എല്ലാവരും അസ്വസ്ഥരായതുകൊണ്ട് വിചാരിച്ച യാത്ര പകുതിക്കുവെച്ച് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ഉറക്കച്ചടവോടെ, കണ്ണുകൾ അടഞ്ഞുപോകുമ്പോഴും കഥ വായിച്ചുതീർക്കുന്ന ഒരച്ഛനോ അമ്മയോ ആകാം അവിടെയുണ്ടാവുക.
പക്ഷേ, ഇത്തരം ശീലങ്ങൾക്ക് പൂർണ്ണതയുടെ ആവശ്യമില്ല. സത്യത്തിൽ, നമ്മുടെ അപൂർണ്ണതകളെ അതിജീവിച്ച് നിലനിൽക്കുന്നു എന്നതിലാണ് അതിന്റെ ഭംഗി.
ഭക്ഷണം വൈകിയതോ അലങ്കാരങ്ങൾ ശരിയാകാത്തതോ ഒന്നും ആ കുട്ടി ഓർക്കില്ല. അവൻ ഓർക്കുക, ഓരോ വർഷവും അവന്റെ ജന്മദിനത്തിൽ ആ വീട് അവനായി മാറിപ്പോയിരുന്നു എന്നാണ്. അവന്റെ പേരെഴുതിയ ഒരു കേക്ക് അവിടെയുണ്ടായിരുന്നു എന്നും, അവൻ ജീവിച്ചിരിക്കുന്നു എന്നതുകൊണ്ട് മാത്രം കുറച്ചുപേർ ഒന്നിച്ചുകൂടി പാട്ടുപാടിയിരുന്നു എന്നുമാണ്.
ആ ആചാരങ്ങൾ തെറ്റുകൂടാതെ ചെയ്യപ്പെടേണ്ടതില്ല. അത് വീണ്ടും തിരികെ വന്നാൽ മാത്രം മതി.
മാറ്റങ്ങളെ സ്വീകരിക്കുന്ന ശീലങ്ങൾ
എല്ലാ കാര്യങ്ങളും പഴയപടി തന്നെ നിലനിൽക്കണം എന്ന് വാശിപിടിക്കരുത്. കുട്ടികൾ വളരും. കുടുംബങ്ങൾ വീടുമാറും. ആളുകൾക്ക് പ്രായമേറും. ജോലിത്തിരക്കുകൾ കൂടും. പണ്ട് മേശയ്ക്കരികിൽ ഉണ്ടായിരുന്ന ആരോ ഒരാൾ ഇന്ന് കൂടെയുണ്ടാകണമെന്നില്ല. ഒരുകാലത്ത് സന്തോഷം നൽകിയിരുന്ന ഒന്ന് പതിയെ ഭാരമായി മാറിയേക്കാം.
ശീലങ്ങൾ എന്നത് ഭൂതകാലം നൽകുന്ന ഒരു കൽപനയാകരുത്. കുടുംബത്തെ ആവർത്തനങ്ങൾക്കുള്ളിൽ തളച്ചിടുകയല്ല അതിന്റെ ലക്ഷ്യം, മറിച്ച് സ്നേഹത്തിന് ഒരു തുടർച്ച നൽകുകയാണ്.
ആഴ്ചയിലൊരിക്കലുള്ള യാത്ര ചിലപ്പോൾ മാസത്തിലൊരിക്കലുള്ള ഒരു ഭക്ഷണനേരമായി മാറിയേക്കാം. ഉറക്കാൻ പറഞ്ഞിരുന്ന കഥകൾ വൈകുന്നേരങ്ങളിലെ സംഭാഷണങ്ങളാകാം. പണ്ട് കേക്ക് ഉണ്ടാക്കാൻ സഹായിച്ചിരുന്ന കുട്ടി വളരുമ്പോൾ മറ്റുള്ളവർക്കായി സ്വന്തമായി കേക്ക് ബേക്ക് ചെയ്തേക്കാം.
രൂപങ്ങൾ മാറുമ്പോഴും അതിന്റെ അർത്ഥം അവിടെത്തന്നെ നിലനിൽക്കും. ഒരു ശീലം എപ്പോഴാണ് ആ കുടുംബത്തിന്റെ സ്വന്തമാകുന്നത് എന്ന് ചോദിച്ചാൽ അതിതാണ്: അത് പിന്നീട് അത് തുടങ്ങിയ ആളുടേത് മാത്രമല്ലാതാകുന്നു. അത് ആ വീടിന്റെ ഭാഷയായി മാറുന്നു.
അവർ കൂടെക്കൂട്ടുന്ന അനുഭവങ്ങൾ
ഒരുനാൾ, ഈ കൊച്ചു ശീലങ്ങൾ തുടങ്ങിയ മുറികൾക്കപ്പുറത്തേക്ക് കുട്ടികൾ വളർന്നുപോകും. പഠനത്തിനായോ ജോലിക്കായോ സ്വന്തം വീടുകളിലേക്കോ അവർ ഇറങ്ങിത്തിരിക്കും. അവർ അപരിചിതമായ അടുക്കളകളിലേക്ക് എത്തും. പുതിയ ആളുകൾക്കിടയിൽ ജന്മദിനങ്ങൾ ആഘോഷിക്കും. എല്ലാ വീടുകളിലും ഒരേ സമയത്തല്ല ഭക്ഷണം കഴിക്കുന്നതെന്നും, എല്ലാവരും ഒരേ വിശേഷങ്ങളല്ല ആഘോഷിക്കുന്നതെന്നും, ഉറങ്ങുന്നതിന് മുൻപ് എല്ലാവരും ഒരേ വാക്കുകളല്ല പറയുന്നതെന്നും അവർ തിരിച്ചറിയും.
അങ്ങനെയിരിക്കെ, ആരോടും പറയാതെ, പണ്ടത്തെ ചിലത് അവർ വീണ്ടും ചെയ്തുതുടങ്ങും.
പണ്ട് കണ്ട് പഠിച്ച ആ വിഭവം അവർ ഉണ്ടാക്കിനോക്കും. പണ്ട് കാറിൽ മുഴങ്ങിയിരുന്ന ആ പാട്ട് അവർ വീണ്ടും കേൾക്കും. എല്ലാവരും വിളിക്കാറുള്ള ആ പ്രത്യേക ദിവസത്തിൽ അവർ വീട്ടിലേക്ക് വിളിക്കും. താൻ ഒരുകാലത്ത് കേട്ടു വളർന്ന ആ സ്നേഹവാക്കുകൾ താൻ പ്രിയപ്പെട്ടവരോട് വീണ്ടും പറയും.
ആ നിമിഷത്തിലാണ് ആ ശീലങ്ങൾ ഇത്രകാലവും ഉള്ളിൽ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് തെളിയുന്നത്. അത് വെറുമൊരു കുടുംബജീവിതം ചിട്ടപ്പെടുത്തുക മാത്രമായിരുന്നില്ല. ദൂരങ്ങളെ അതിജീവിക്കാൻ പാകത്തിൽ, ആ മുറികൾക്കപ്പുറത്തേക്ക് വളരാൻ പാകത്തിൽ, വീടിന്റെ ഒരു കൊച്ചു കഷ്ണം ആ കുട്ടിയുടെ ഉള്ളിൽ അത് നട്ടുവെക്കുകയായിരുന്നു.
അവരുടെ കൂടെ ബാക്കിയാകാൻ പോകുന്നത് ഏത് സാധാരണ ശീലമാണെന്ന് നമുക്ക് മുൻകൂട്ടി അറിയാൻ കഴിയില്ല.
അതൊരു വെള്ളിയാഴ്ച വൈകുന്നേരത്തെ യാത്രയാകാം. ജന്മദിനങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ആ പ്രത്യേക പ്ലേറ്റാകാം. മുത്തശ്ശീമുത്തശ്ശന്മാരെക്കുറിച്ച് പറഞ്ഞ കഥകളാകാം. ആർക്കെങ്കിലും സുഖമില്ലാത്തപ്പോൾ ഉണ്ടാക്കിക്കൊടുത്ത ആ ഒരു കപ്പ് ചായയാകാം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് എല്ലാവരും പരസ്പരം കാത്തിരുന്ന ആ രീതിയാകാം. സ്കൂളിലെ അവസാന ദിവസത്തിന് ശേഷമുള്ള ആ കൊച്ചു ആഘോഷമാകാം. അതുമല്ലെങ്കിൽ, രാത്രി വാതിലടയ്ക്കുന്നതിന് മുൻപ് പതുക്കെ പറഞ്ഞുവെച്ച ആ കൊച്ചു വാക്കുകളാകാം.
അതുകൊണ്ടാണ് കുടുംബത്തിലെ ശീലങ്ങൾ വല്ലാതെ മഹത്തരമാകേണ്ടതില്ലാത്തത്. അതിന്റെ ഏറ്റവും ആഴത്തിലുള്ള പ്രവൃത്തികൾ അത്രമേൽ അദൃശ്യമാണ്.
അത് ആ കുട്ടിയോട് നിശബ്ദമായി പറയുന്നത് ഇതാണ്: നിന്നെ ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിന്റെ സാന്നിധ്യം നമ്മുടെ ദിവസങ്ങളുടെ രൂപം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. നീ ഞങ്ങളുടെ ഭാഗമായതുകൊണ്ട് മാത്രം നമ്മൾ ചെയ്തുതീർത്ത ചില കാര്യങ്ങളുണ്ട്.
വർഷങ്ങൾക്ക് ശേഷം, കുട്ടിക്കാലം വിദൂരമായൊരു ദേശമായി മാറുമ്പോൾ, വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ട ആ ചെറിയ നിമിഷങ്ങളാകും അവർക്ക് തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്താനുള്ള വഴി കാട്ടുന്നത്.
ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്. Instagram link for some visual updates.
