പൂക്കൾ പറിച്ചെടുക്കാതിരുന്ന കൈകൾ

യാതൊരു ചിന്തയുമില്ലാതെയാണ് ഞാൻ ആ പൂക്കൾക്ക് താഴെ എന്റെ കൈകൾ വെച്ചത്. അവയെ പറിച്ചെടുക്കാനായിരുന്നില്ല. വീട്ടിലേക്ക് കൊണ്ടുപോകാനും ആയിരുന്നില്ല. അതിന്റെ ഭാരം അറിയാൻ മാത്രം അത്രയുമടുത്ത് നിൽക്കാൻ…

ഒരു സാധാരണ നിരത്തിനോട് ചേർന്ന്, ആരോടും ഒന്നും ചോദിക്കാതെ അവ അങ്ങനെ വിടർന്നുനിൽക്കുകയായിരുന്നു. കാറുകൾ കടന്നുപോയി. ഇലകളിൽ പൊടിവന്നടിഞ്ഞു. ഉച്ചതിരിഞ്ഞ സമയം മെല്ലെ കടന്നുപോയിക്കൊണ്ടിരുന്നു. എന്നിട്ടും, കാലാകാലങ്ങളായി പൂക്കൾ ചെയ്യുന്നതുപോലെ അവയും ചെയ്തുകൊണ്ടേയിരുന്നു: കണ്ടുനിൽക്കാൻ ആരെങ്കിലും നിൽക്കുമോ ഇല്ലയോ എന്നതൊന്നും വകവെക്കാതെ, ഈ ലോകത്തിന് മുന്നിൽ പൂർണ്ണമായി വിടർന്നുനിൽക്കുക.

കുറച്ചുനേരത്തേക്ക് എന്റെ കൈകൾ അതിനുതാഴെ വെറുതെ ഇരുന്നു. ഇത്ര ചെറിയൊരു പ്രവൃത്തിയിൽ ജീവിതത്തിന്റെ എത്ര വലിയ അർത്ഥമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

ചെറുപ്പത്തിൽ സ്നേഹമെന്നാൽ സ്വന്തമാക്കലാണെന്ന് നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. എന്തെങ്കിലും മനോഹരമാണെന്ന് കണ്ടാൽ, അത് നമുക്കൊപ്പം കൊണ്ടുപോകാൻ നാം ആഗ്രഹിക്കും. അതൊരു പൂവാകാം, ഒരു നിമിഷമാകാം, ഒരാളാകാം, നമ്മുടെ കുഞ്ഞിന്റെ ഒരു പ്രത്യേക പ്രായമാകാം, അല്ലെങ്കിൽ ജീവിതത്തിലെ ഒരു കാലഘട്ടമാകാം. കാലം അതിനെ മാറ്റുന്നതിന് മുൻപ് അത് എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാൻ നമ്മൾ കൊതിക്കും.

പക്ഷേ കാലം എല്ലാത്തിനെയും മാറ്റും, നമ്മൾ എത്ര മുറുകെ പിടിച്ചാലും.

ഒരുപക്ഷേ പ്രായമേറുന്നത് ഈ പതുക്കെയുള്ള തിരിച്ചറിവ് കൂടിയാകാം; സ്നേഹമെന്നാൽ എപ്പോഴും പിടിച്ചുവെക്കലല്ല എന്ന വലിയ തിരിച്ചറിവ്. ചിലപ്പോൾ അതൊന്നിനെയും ശല്യപ്പെടുത്താതെ അടുത്തുനിൽക്കലാണ്. കൂടുണ്ടാക്കി അതിലിടാതെ തന്നെ താങ്ങായി നിൽക്കലാണ്. സ്വന്തമാക്കാൻ മനസ്സിന്റെ കോണിൽ എവിടെയോ ഒരിഷ്ടം ബാക്കിയുണ്ടെങ്കിൽക്കൂടി, അവയെ അതിന്റെ യഥാർത്ഥ ഇടങ്ങളിൽ തന്നെ നിൽക്കാൻ അനുവദിക്കലാണ്.

‘ദി ലിറ്റിൽ പ്രിൻസ്’ എന്ന പുസ്തകത്തിൽ അന്റോയിൻ ഡി സെന്റ്-എക്സുപെരി ഇങ്ങനെ എഴുതുന്നുണ്ട്: “നിന്റെ റോസാപ്പൂവിന് വേണ്ടി നീ വെറുതെ കളഞ്ഞ സമയമാണ് ആ പൂവിനെ ഇത്രമേൽ പ്രധാനപ്പെട്ടതാക്കുന്നത്.” ഇതിൽ ആ ‘വെറുതെ കളഞ്ഞ’ എന്ന വാക്ക് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അളന്നെടുക്കാൻ കഴിയുന്ന ഒന്നും ഉണ്ടാക്കാത്ത സമയത്തെയാണ് ഈ ലോകം ‘പാഴാക്കിക്കളഞ്ഞ സമയം’ എന്ന് വിളിക്കുന്നത്. സുഖമില്ലാത്ത ഒരാളുടെ അരികിൽ വെറുതെ ഇരിക്കുന്നത്. ഒരു കുഞ്ഞ് പറഞ്ഞ കഥ തന്നെ വീണ്ടും വീണ്ടും പറയുമ്പോൾ അത് കേട്ടിരിക്കുന്നത്. ഒരിക്കലും പൂവിട്ടേക്കില്ലാത്ത ഒരു ചെടിക്ക് വെള്ളമൊഴിക്കുന്നത്. ഒരുകാലത്ത് വളരെ വേഗത്തിൽ സംസാരിച്ചിരുന്ന നമ്മുടെ അച്ഛനോ അമ്മയോ ഇപ്പോൾ ഒരു വാചകം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുമ്പോൾ ക്ഷമയോടെ കാത്തുനിൽക്കുന്നത്. എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റ ശേഷവും ആ തീൻമേശയ്ക്കരികിൽ കുറച്ചുനേരം കൂടി ഇരിക്കുന്നത്.

അവിടെ നേട്ടങ്ങളൊന്നുമില്ല. ഒരു ജോലിയും പൂർത്തിയായിട്ടില്ല. അവിടെ നടന്നതിന് തെളിവുകളുമില്ല. എന്നിട്ടും, ഒരു യഥാർത്ഥ ജീവിതം ഉണ്ടാകുന്നത് ഈ മണിക്കൂറുകളിൽ നിന്നാകാം.

ആ റോസാപ്പൂവ് അത്രമേൽ പ്രധാനപ്പെട്ടതാകുന്നത് അതീ ലോകത്തിലെ ഏറ്റവും മികച്ച പൂവായതുകൊണ്ടല്ല; മറിച്ച് അതിനായി ആരോ ഒരാൾ അവിടെ കാത്തുനിന്നതുകൊണ്ടാണ്. അതിന് വെള്ളം വേണ്ടപ്പോൾ അത് തിരിച്ചറിഞ്ഞ ഒരാൾ. അതിന്റെ ഭാവമാറ്റങ്ങളെക്കുറിച്ച് പഠിച്ച ഒരാൾ. ഒരിക്കലും തിരികെ കിട്ടാത്ത സ്വന്തം ജീവിതത്തിൽ നിന്ന് കുറച്ചുസമയം അതിനായി പകുത്തുനൽകിയ ഒരാൾ.

പിന്നീടൊരിക്കലേക്ക് എടുത്തുവെക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ, സ്നേഹത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപങ്ങളിലൊന്നാണ് നാം നൽകുന്ന ‘ശ്രദ്ധ’. ഒന്നുകിൽ നിങ്ങൾ അതിപ്പോൾ കാണണം, അല്ലെങ്കിൽ ആ നിമിഷം കടന്നുപോകും.

ഈ ചിത്രത്തിലെ പൂക്കൾ വൈകാതെ കൊഴിഞ്ഞുവീഴും. ചിലതൊക്കെ ഇതിനോടകം വീണുപോയിട്ടുണ്ടാകാം. മറ്റൊരുകൂട്ടം പൂക്കൾ വരും, അതും ഇല്ലാതാകും. ഓരോ പൂവ് കൊഴിയുമ്പോഴും എന്നെന്നേക്കുമുള്ള ഒരു നഷ്ടമായി കരുതി മരം സങ്കടപ്പെടുന്നില്ല. അവസാനിച്ചതിനെയെല്ലാം അത് സ്വതന്ത്രമായി വിട്ടുകളയുകയും ജീവിതം തുടരുകയും ചെയ്യുന്നു.

പക്ഷേ നമ്മൾ എപ്പോഴും അതിന് തയ്യാറാകാറില്ല. നമ്മൾ പഴയ മെസ്സേജുകൾ സൂക്ഷിച്ചുവെക്കും. പഴയ ഫോട്ടോകൾ വീണ്ടും വീണ്ടും നോക്കും. ഇന്നില്ലാത്ത ഒരു മുറിയിൽ പണ്ടെങ്ങോ മുഴങ്ങിക്കേട്ട ഒരു ശബ്ദം നമ്മൾ അത്രമേൽ കൃത്യമായി ഓർക്കും. ഒരുപാട് മാറിയിട്ടും മനുഷ്യരുടെ പഴയ രൂപങ്ങളെ നാമിപ്പോഴും ഉള്ളിൽ ചുമക്കും.

ഒരു കുഞ്ഞ് വളരുമ്പോൾ, പണ്ട് നമ്മെ തിരഞ്ഞെത്തിയ ആ ചെറിയ കൈകൾ പതുക്കെ നമ്മെ വിട്ടുപോകാൻ തുടങ്ങും. പ്രായമേറുമ്പോൾ, ഒരിക്കലും തളരില്ലെന്ന് നാം കരുതിയ അച്ഛനോ അമ്മയോ വല്ലാതെ ദുർബലരാകും. സൗഹൃദങ്ങളുടെ രൂപം മാറും. ഒരു വീട് നമ്മൾ ഉപേക്ഷിച്ചുപോകും. കണ്ണാടിയിലെ മുഖം, എന്നോ ഒരിക്കൽ നാം വിദൂരമെന്ന് കരുതിയ മറ്റാരുടെയോ മുഖമായി മാറും.

ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതിൽ വലിയൊരു സ്നേഹമുണ്ട്. എന്നാൽ എപ്പോഴാണ് കൈകൾ തുറന്നുനൽകേണ്ടതെന്ന് പഠിക്കുന്നതിലുമുണ്ട് വലിയൊരു സ്നേഹം.

റെയ്നർ മരിയ റിൽക്കെ ‘ലെറ്റേഴ്സ് ടു എ യങ് പോയറ്റ്’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്: “ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുക എന്നത്: ഒരുപക്ഷേ നമ്മുടെ കടമകളിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണത്.”

അതത്ര ബുദ്ധിമുട്ടുള്ളതാകാൻ കാരണം, യഥാർത്ഥ സ്നേഹം ‘എനിക്ക് നിന്നെ എങ്ങനെ സ്വന്തമാക്കാം’ എന്ന് മാത്രമല്ല ചോദിക്കുന്നത്. അത് ഇങ്ങനെ കൂടി ചോദിക്കേണ്ടതുണ്ട്: നിന്നെ എന്റെ സ്വന്തമാക്കി മാറ്റാതെ തന്നെ, എങ്ങനെ എനിക്ക് നിന്റെ കൂടെ നിൽക്കാൻ കഴിയും? നീ എന്തായിത്തീരണമെന്ന് തീരുമാനിക്കാതെ തന്നെ എനിക്ക് നിന്നെ എങ്ങനെ കരുതാൻ കഴിയും? പണ്ടത്തെ നിന്നെ എപ്പോഴും തിരയുന്നതിന് പകരം, ഇന്നത്തെ നിന്നെ എനിക്ക് എങ്ങനെ ആദരിക്കാൻ കഴിയും?

ആ പൂക്കൾക്ക് താഴെ വെച്ച എന്റെ കൈകൾക്ക് വളരെ എളുപ്പത്തിൽ അവയെ ചുറ്റിപ്പിടിക്കാമായിരുന്നു. അതിന് പകരം, അത് തുറന്നുതന്നെയിരിന്നു.

നമ്മുടെ ജീവിതത്തിലും അത്തരമൊരു കൈ ആവശ്യമുള്ള ആളുകളുണ്ടാകാം. മുറുകെ പിടിക്കുന്നതോ, എപ്പോഴും തിരുത്തുന്നതോ, നിയന്ത്രിക്കുന്നതോ ആയ ഒന്നല്ല. മറിച്ച് അരികിൽ നിൽക്കുന്ന ഒരു കൈ. അവർക്കായി ഇടമൊരുക്കുന്ന ഒരു കൈ. ജീവിതത്തിന്റെ ഭാരം താങ്ങാൻ ബുദ്ധിമുട്ടുമ്പോൾ അവർക്ക് താഴെ ഒരു താങ്ങായി നിൽക്കുന്ന ഒരു കൈ.

ചിലപ്പോൾ നമുക്ക് നമ്മളോട് തന്നെ വേണ്ടതും അതാകാം. പെട്ടെന്ന് പൂവിടണം എന്ന് വാശിപിടിച്ച് സ്വന്തം ജീവിതത്തെ വല്ലാതെ വലിച്ചുനീട്ടാതിരിക്കുക. മറ്റുള്ളവരുടെ കാലഘട്ടങ്ങളുമായി നമ്മുടെ ജീവിതത്തെ അളക്കുന്നത് നിർത്തുക. നമ്മൾ പൂവിടുന്ന കാലങ്ങളുണ്ടെന്നും, കാത്തിരിക്കേണ്ട കാലങ്ങളുണ്ടെന്നും, എല്ലാം നഷ്ടപ്പെട്ട് ശൂന്യമായി നിൽക്കുന്ന കാലങ്ങളുണ്ടെന്നും തിരിച്ചറിയുക.

ഇതിനൊന്നിനും ആ മരം ആരോടും മാപ്പ് ചോദിക്കാറില്ല. അതിലെ വേരുകളിൽ അത് അടിയുറച്ചുനിൽക്കുക മാത്രം ചെയ്യുന്നു.

ആ ഉച്ചതിരിഞ്ഞ നേരത്ത് ഞാൻ ആ പൂക്കളെ എന്നോടൊപ്പം കൊണ്ടുപോയില്ല. ആർക്കും സ്വന്തമാകാതെ, ആ സൂര്യന് താഴെ, അവ എവിടെയായിരുന്നോ അവിടെത്തന്നെ ഞാൻ അവയെ ബാക്കിവെച്ചു. എന്നാൽ ആ നിമിഷത്തെ ഞാൻ എന്നോടൊപ്പം കൂട്ടി. ഒരുപക്ഷേ അതുമതിയാകും.

മായുന്നതിന് മുൻപ് മനോഹരമായതിനെയെല്ലാം വാരിക്കൂട്ടുകയെന്നതാകില്ല നമ്മുടെ ലക്ഷ്യം. മറിച്ച്, അവ ഇവിടെയുള്ളപ്പോൾ ആരും കാണാതെ അവ കടന്നുപോകാതിരിക്കാൻ പാകത്തിൽ അത്രമേൽ സാന്നിധ്യമുള്ളവരായി നാം മാറുക എന്നതാകാം.

സൗന്ദര്യത്തിന് ചുറ്റും വേണമെങ്കിൽ ഒരു കൈക്ക് ഇറുകെപ്പിടിക്കാം. അല്ലെങ്കിൽ അതിനുതാഴെ തുറന്നുതന്നെയിരിക്കാം. രണ്ടാമത്തേതാണ് സ്നേഹത്തോട് കൂടുതൽ അടുത്തുനിൽക്കുന്നതെന്ന് ഞാൻ ചിന്തിച്ചുതുടങ്ങുന്നു.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

നാം പറയാതെ വെക്കുന്നവ

രാത്രിയുടെ നിശബ്ദതയിൽ അതുൽ ഗവാണ്ടെയുടെ ‘ബീയിങ് മോർട്ടൽ’ വായിക്കുകയായിരുന്നു ഞാൻ. ചില പുസ്തകങ്ങൾ പാതിവഴിയിൽ നമ്മൾ താഴെ വെക്കും. അവ മടുപ്പിക്കുന്നതുകൊണ്ടല്ല മറിച്ച് അവ നമ്മുടെ ഉള്ളിലെവിടെയോ വല്ലാതെ സ്പർശിക്കുന്നതുകൊണ്ടാണ്. അതിലൊരു ഭാഗത്ത് മരണത്തോട് മല്ലിടുന്ന രോഗികളോട് ഒരു ഡോക്ടർ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. നിങ്ങൾക്ക് സന്തോഷം നൽകുന്ന ഒരു ദിവസം എങ്ങനെയുള്ളതാണ്? എന്ത് നഷ്ടപ്പെടുമെന്നാണ് നിങ്ങൾ ഏറ്റവും ഭയക്കുന്നത്? വളരെ ലളിതമായ ചോദ്യങ്ങൾ. എന്നാൽ ആരും അവരോട് ഇതുവരെ അങ്ങനെയൊന്നും ചോദിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ പക്കൽ ഉത്തരങ്ങൾ തയ്യാറായിരുന്നു. ആരെങ്കിലും അതൊന്ന് ചോദിക്കാൻ വേണ്ടി മനസ്സൊന്നു തുറക്കാൻ വേണ്ടി അവർ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു.

ഞാൻ ആ പുസ്തകം മടക്കിവെച്ചു. കുറച്ചുനേരത്തേക്ക് എനിക്കത് തുറക്കാൻ തോന്നിയില്ല.

എനിക്ക് പ്രിയപ്പെട്ടവരെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അവരോടൊന്നും ഞാനിതുവരെ ഇത്തരം കാര്യങ്ങൾ ചോദിച്ചിട്ടില്ല. എനിക്കവരോട് സ്നേഹമില്ലാത്തതുകൊണ്ടല്ല. ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന തോന്നൽ കൊണ്ടാണ്. തികച്ചും സാധാരണമായ ഒരു വൈകുന്നേരത്ത് യാതൊരു കാരണവുമില്ലാതെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് വലിയൊരു ഭാരമായി എനിക്ക് തോന്നിയിരുന്നു. ആ നിമിഷത്തിന്റെ ശാന്തതയെ അത് കെടുത്തുമെന്ന് ഞാൻ കരുതി.

അവിടെയാണ് എനിക്ക് തെറ്റിയത്. അനുയോജ്യമായ ഒരു സമയത്തിനായി നാം എപ്പോഴും കാത്തിരിക്കുകയാണ്.

എന്നാൽ അങ്ങനെ ഒരു സമയം ഒരിക്കലും വരില്ല. ഉള്ളിലെ സത്യങ്ങൾ തുറന്നുപറയാൻ സമയമായെന്ന് ജീവിതം നമ്മോട് വിളിച്ചുപറയാറില്ല. അത് അതിന്റെ പാട്ടിന് പോകും. നമ്മളും അതിനൊപ്പം ഒഴുകും. നമ്മുടെ ഉള്ളിലെ സത്യങ്ങൾ പുറത്തുവരാൻ പാകത്തിൽ ആരെങ്കിലും ഒരു വാതിൽ തുറന്നുതരുന്നതും കാത്ത് അങ്ങനെ കിടക്കും. മിക്കവാറും ആരും ആ വാതിൽ തുറക്കാറില്ല.

എനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടവരോട് പോലും യഥാർത്ഥത്തിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. പറയാൻ ഉദ്ദേശിച്ചതിനോട് അടുത്തുനിൽക്കുന്ന എന്തെങ്കിലും പറഞ്ഞ് ഞാൻ അവസാനിപ്പിക്കും. യഥാർത്ഥ സത്യം തുറന്നുപറയുന്നത് എന്നെ പൂർണ്ണമായും അനാവരണം ചെയ്യുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. വളരെ ലോലമായ ഒരു സ്ഫടികപാത്രം മറ്റൊരാളുടെ കയ്യിൽ കൊടുത്തിട്ട് അവരത് സൂക്ഷിച്ചുവെക്കുമോ അതോ താഴെയിടുമോ എന്ന് നോക്കിനിൽക്കുന്ന ഒരു അവസ്ഥയുണ്ടല്ലോ. ആ പേടി കാരണം നമ്മളിൽ പലരും വർഷങ്ങളോളം പലതും പറയാതെ ഉള്ളിലൊതുക്കും.

അങ്ങനെ നമ്മൾ പകുതി മാത്രം പറയുന്ന ഒരു ഭാഷ ശീലിക്കും. എനിക്ക് നിന്നെ നഷ്ടപ്പെടുമെന്ന് പേടിയാണ് എന്ന് പറയുന്നതിന് പകരം ഞാൻ എപ്പോഴും കൂടെയുണ്ടാകും എന്ന് നമ്മൾ പറയും. ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്ന് പറയേണ്ടിടത്ത് കുഴപ്പമില്ല എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് നമ്മൾ അഭിനയിക്കും. ഈ അഭിനയം നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. എന്നിട്ട് ഏറ്റവും പ്രിയപ്പെട്ടവർ പോലും നമ്മെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് നാം ഒരു ദിവസം സങ്കടപ്പെടും. സത്യത്തിൽ അവർ നമ്മെ കാണാതിരിക്കുന്നതല്ല. നാം അവർക്ക് മുന്നിൽ എന്താണോ കാണിച്ചുകൊടുത്തത് അത് മാത്രമാണ് അവർ കണ്ടത്.

എന്റെ ജീവിതത്തിൽ പലപ്പോഴും ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്. എല്ലാം തുറന്നുപറയുന്നത് അപകടമാണെന്ന് കരുതി ഞാൻ പലതും വിഴുങ്ങി. ഉള്ളിലെ സ്നേഹം തുറന്നുപറയാത്തതുകൊണ്ട് മാത്രം മനോഹരമായ പല ബന്ധങ്ങളും പതിയെ ഇല്ലാതാകുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. അതൊന്നും അപ്പൊൾ നാം തിരിച്ചറിയില്ല. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് നാം അങ്ങനെ ചെയ്യുന്നതെന്ന് നമ്മൾ സ്വയം വിശ്വസിപ്പിക്കും. എന്നാൽ സത്യത്തിൽ അതൊരു പേടിയായിരുന്നു.

ആ പേടി എനിക്ക് മനസ്സിലാകും. ഉള്ളിലെ സത്യം പുറത്തുപറയുമ്പോൾ അതൊരു യാഥാർത്ഥ്യമായി മാറുന്നു. അത് നിങ്ങളുടെ ഉള്ളിൽ ഇരിക്കുന്നിടത്തോളം കാലം അത് ഭദ്രമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അത് തിരുത്താം. എന്നാൽ അത് പുറത്തുവന്ന് കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് അതിൽ യാതൊരു നിയന്ത്രണവുമില്ല.

എന്നാൽ പതിയെയാണെങ്കിലും ഞാൻ മറ്റൊരു സത്യം തിരിച്ചറിയുന്നുണ്ട്. ഒന്നും പറയാതിരിക്കുന്നതിനും വലിയൊരു വില കൊടുക്കേണ്ടതുണ്ട്. അതൊരു വലിയ ശബ്ദത്തോടെ ആയിരിക്കില്ല വരുന്നത്. വീടിന്റെ മൂലകളിൽ പൊടി വന്നടിയുന്നതുപോലെ അത് നമ്മുടെ ഉള്ളിൽ അടിഞ്ഞുകൂടും. ഒടുവിൽ ഒരു ദിവസം ഒരു പ്രത്യേക കോണിൽ നിന്ന് വെളിച്ചം വീഴുമ്പോഴാണ് എത്രത്തോളം പൊടിയാണ് അവിടെ നിറഞ്ഞതെന്ന് നാം തിരിച്ചറിയുക.

തങ്ങൾ മറ്റുള്ളവർക്ക് എത്രത്തോളം പ്രിയപ്പെട്ടവരായിരുന്നു എന്ന് ഒരിക്കൽപ്പോലും അറിയാതെയാണ് പലരും ഈ ലോകത്തുനിന്ന് വിടപറയുന്നത്. ആർക്കും അവരോട് സ്നേഹമില്ലാഞ്ഞിട്ടല്ല. സ്നേഹം പ്രകടിപ്പിക്കാൻ സമയമുള്ളപ്പോൾ ആരും അത് പറയാത്തതുകൊണ്ടാണ്. പ്രഭാതഭക്ഷണം കഴിക്കുമ്പോഴോ കാറിൽ യാത്ര ചെയ്യുമ്പോഴോ വെറുതെ അടുക്കളയിൽ നിൽക്കുമ്പോഴോ ഒക്കെ പറയാമായിരുന്ന കാര്യങ്ങൾ. അത്തരം നിസ്സാരമായ നിമിഷങ്ങളിലാണ് നാം സ്നേഹം പറയേണ്ടത്. അല്ലാതെ വലിയ നാടകീയമായ മുഹൂർത്തങ്ങളിലല്ല. കാലങ്ങൾ കഴിയുമ്പോഴാണ് ആ ചെറിയ നിമിഷങ്ങളുടെ വില നാം തിരിച്ചറിയുക.

എനിക്ക് ഇനിയൊന്നും അങ്ങനെ നഷ്ടങ്ങൾക്ക് ശേഷം പഠിക്കേണ്ടതില്ല.

വൈകുന്നതിന് മുൻപ് തന്നെ ഈ സാധാരണ ദിവസങ്ങളിൽ തന്നെ എനിക്ക് പ്രിയപ്പെട്ടവരോട് എന്റെ സ്നേഹം തുറന്നുപറയാൻ ഞാൻ ആത്മാർത്ഥമായി ശ്രമിക്കുകയാണ്. ഒരു യാത്രയയപ്പിന്റെ വേളയിലല്ലാതെ തികച്ചും സാധാരണമായ ഒരു ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഒരാളോട് നിങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് എന്ന് പറയുന്നത് എത്ര മനോഹരമാണ്. നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെ അവർ അതറിയണം.

എനിക്കിതിപ്പോഴും പൂർണ്ണമായും കഴിഞ്ഞിട്ടില്ല. ഞാനിപ്പോഴും പല വാക്കുകളും വിഴുങ്ങാറുണ്ട്. സത്യം പറയുന്നതിനേക്കാൾ എന്റെ സുരക്ഷിതത്വത്തിനാണ് ഞാനിപ്പോഴും മുൻഗണന നൽകുന്നത്. പറയാനുള്ളത് വളച്ചുചുറ്റി പറഞ്ഞിട്ട് അവർ എന്റെ മനസ്സ് വായിച്ചെടുക്കുമെന്ന് ഞാനിപ്പോഴും വെറുതെ ആഗ്രഹിക്കാറുണ്ട്.

പക്ഷേ മുൻപത്തേക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഈ ചിന്ത തന്നെയാണ് വലിയൊരു മാറ്റത്തിന്റെ തുടക്കം.

പുസ്തകത്തിലെ ആ രോഗികളോട് അവർക്കാവശ്യമുള്ളത് എന്താണെന്ന് ചോദിച്ചപ്പോൾ അവർക്കൊരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. അവർക്കത് കൃത്യമായി അറിയാമായിരുന്നു. ആരും അവരോടത് ചോദിച്ചിരുന്നില്ല എന്ന് മാത്രം.

ആരെങ്കിലും ചോദിക്കുന്നതും കാത്ത് എനിക്കിനി നിൽക്കേണ്ടതില്ല.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

ദിനങ്ങൾക്ക് താഴെ ഒഴുകുന്ന ജീവിതം

അസ്കോണയിലെ മലനിരകൾക്കും കുട്ടികൾക്ക് മാത്രം ദൃശ്യമാകുന്ന ചക്രവാളങ്ങൾക്കുമിടയിൽ എവിടെയോ, തന്റെ പേരുവിളിക്കുന്ന ഒരു ഭാവിക്കായി കാതോർക്കുന്നതുപോലെ ഇഹാൻ അല്പനേരം നിശ്ചലനായി.

ജീവിതത്തെ മുഴുവനായി ഒറ്റത്തവണ സങ്കൽപ്പിച്ച് നിങ്ങളെത്തന്നെ അസ്വസ്ഥരാക്കാതിരിക്കുക.”

ആ വലിയ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഭയമുണ്ട്. ജീവിതത്തെ മൊത്തത്തിൽ ഒറ്റയടിക്ക് നോക്കിക്കണ്ടാൽ അതൊരു കഥയായി തോന്നില്ല. അതൊരു വലിയ കടം പോലെയാകും അനുഭവപ്പെടുക. നമുക്ക് നഷ്ടപ്പെട്ട പ്രഭാതങ്ങൾ… നമ്മൾ കയറിയിറങ്ങിയ, പിന്നീട് ഉപേക്ഷിച്ചുപോയ മുറികൾ… ജീവിക്കാൻ വേണ്ടി നമ്മൾ എടുത്തണിഞ്ഞ, പിന്നീട് നമ്മൾ തന്നെയാണെന്ന് തെറ്റിദ്ധരിച്ച വ്യാജമുഖങ്ങൾ… സ്നേഹം ഒരിക്കലും സമയത്തെ തടഞ്ഞുനിർത്തുന്നില്ലെന്നും, മറിച്ച് സമയത്തെ കൂടുതൽ വ്യക്തമായി കാണിച്ചുതരിക മാത്രമാണ് ചെയ്യുന്നതെന്നും തിരിച്ചറിയുന്നതിന് മുൻപ് നാം സ്നേഹിച്ച മനുഷ്യർ…

ഒരുപക്ഷേ ഇതുകൊണ്ടാകാം ജീവിതം ഒരൊറ്റത്തവണയായി നമ്മിലേക്ക് വരാത്തത്.

അതൊരുപാട് കഷ്ണങ്ങളായാണ് വരുന്നത്. ഒരു പ്രഭാതഭക്ഷണം. ഒരു ഫോൺ വിളി. ഒരു കൂടിക്കാഴ്ച. ഒരു കുഞ്ഞ് വീണ്ടും വീണ്ടും ചോദിക്കുന്ന അതേ ചോദ്യം. കഴിഞ്ഞ വർഷത്തേക്കാൾ പതുക്കെ നടക്കുന്ന അച്ഛനോ അമ്മയോ. പെട്ടെന്നൊന്നും മാറിയിട്ടില്ലെങ്കിലും, എങ്ങനെയൊക്കെയോ പൂർണ്ണമായും മാറിപ്പോയ കണ്ണാടിയിലെ നമ്മുടെ മുഖം.

ജീവിതത്തിന്റെ ആ വലിയ ഭാരം താങ്ങാൻ നമുക്കാവില്ല എന്നതുകൊണ്ടാകാം പൂർണ്ണതയിൽ നിന്നും നമ്മെ ഒഴിവാക്കിയിരിക്കുന്നത്.

എങ്കിലും, ആ ചെറിയ കഷ്ണങ്ങളിൽ പോലും വലിയൊരു കൈമാറ്റം എപ്പോഴും നടക്കുന്നുണ്ട്.

തോറോയുടെ വാക്കുകൾക്ക് വലിയ കാഠിന്യമുണ്ട്. കാരണം അതിനെ മയപ്പെടുത്തി പറയാനാകില്ല: ‘ഏതൊന്നിന്റെയും യഥാർത്ഥ വിലയെന്നത്, അതിനായി നാം പകരമായി നൽകുന്ന ജീവിതത്തിന്റെ അളവാണ്.’ അല്ലാതെ പണമല്ല. പണം വെറുമൊരു പ്രതീകം മാത്രമാണ്, അതത്ര ഭയപ്പെടുത്തുന്ന ഒന്നല്ലാത്തതുകൊണ്ട് നാം ഉപയോഗിക്കുന്നു എന്ന് മാത്രം. നാം നൽകുന്ന യഥാർത്ഥ വില നമ്മുടെ ‘ശ്രദ്ധ’യാണ്. നമ്മുടെ സായാഹ്നങ്ങളാണ്. വൈകുന്നേരം വീട്ടിലെത്തുമ്പോൾ പ്രിയപ്പെട്ടവർക്കായി ബാക്കിവെക്കാൻ കഴിയാതെ പോയ നമ്മുടെ ആർദ്രതയാണ്. മറ്റെല്ലാവരും ആഗ്രഹിക്കുന്നത് മാത്രം ആഗ്രഹിച്ച്, വർഷങ്ങൾ കൊണ്ട് ശോഷിച്ചുപോയ നമ്മുടെ ഉള്ളിലെ യഥാർത്ഥ ജീവിതമാണ് അതിനുള്ള വില.

ഒരു കാര്യത്തിന് വലിയ തുക നൽകേണ്ടി വരുമ്പോൾ അത് വളരെ ‘വിലകൂടിയതാണ്’ എന്ന് നാം പറയാറുണ്ട്. എന്നാൽ നമ്മുടെ ആത്മാവിന്റെ വലിയൊരു ഭാഗം പകരമായി നൽകേണ്ടി വരുമ്പോൾ നാം അങ്ങനെ പറയാറില്ല.

തികച്ചും മാന്യമായ വഴികളിലൂടെ ഒരു മനുഷ്യന് സ്വയം നഷ്ടപ്പെട്ടുപോകാൻ കഴിയും. അയാൾ ജോലിയിൽ മിടുക്കനാകാം, ഏവരാലും ആദരിക്കപ്പെടുന്നവനാകാം, ഉത്തരവാദിത്തമുള്ളവനാകാം, പ്രമോഷനുകൾ കിട്ടിയവനാകാം, എപ്പോഴും ആർക്കും ഫോണിൽ കിട്ടുന്നവനാകാം… പക്ഷേ, അപ്പോഴും അയാൾ തിരിച്ചറിയും തന്റെ ഉള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുറി ഇപ്പോഴും ശൂന്യമായി കിടക്കുകയാണെന്ന്. അത് നശിപ്പിക്കപ്പെട്ടതല്ല, നാടകീയമായി തകർന്നുപോയതുമല്ല. അത് വെറുതെ ഉപയോഗിക്കാതെ കിടക്കുകയാണ്. വിസ്മയങ്ങൾ ജീവിച്ചിരുന്ന ഒരു മുറിയാണത്. ലോകത്തിന്റെ ബഹളങ്ങൾക്കിടയിൽ ആ നിശബ്ദതയെ ഒരു ‘മടി’യായി മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതിന് മുൻപ്, സ്വന്തം ശബ്ദം കേൾക്കാൻ അയാൾക്ക് കഴിഞ്ഞിരുന്ന മുറി.

മുതിർന്നവരാകുന്നതിന്റെ വലിയൊരു ക്രൂരതയാണിത്. വലിയ ദുരന്തങ്ങളിലൂടെയല്ല അത് നമ്മെ മുറിവേൽപ്പിക്കുന്നത്; മറിച്ച്, ഒരേ കാര്യങ്ങളുടെ ആവർത്തനങ്ങളിലൂടെയാണ്. ഉപയോഗങ്ങളിലൂടെയാണ്. അളക്കാൻ കഴിയുന്നതിനെ മാത്രം വിലമതിക്കാൻ മനസ്സിനെ പതുക്കെ പരിശീലിപ്പിക്കുന്നതിലൂടെയാണ്. വേഗത്തിൽ ഉത്തരം നൽകാനും, പ്രായോഗികമായി തീരുമാനങ്ങളെടുക്കാനും, സൗകര്യപ്രദമായി സാധനങ്ങൾ വാങ്ങാനും, മറ്റുള്ളവർക്ക് സ്വീകാര്യമായ രീതിയിൽ സംസാരിക്കാനും നമ്മൾ പഠിക്കുന്നു. ജീവിച്ചിരിക്കുക എന്നതിലെ ആ സ്വാഭാവികമായ വന്യതയെ, പതിയെ പതിയെ ‘ജീവിതം കൈകാര്യം ചെയ്യുക’ എന്ന പ്രക്രിയ വഴിമാറ്റുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം വാർദ്ധക്യം നമ്മോട് സംസാരിക്കാൻ തുടങ്ങും. തത്വശാസ്ത്രങ്ങളിലൂടെയല്ല, ശരീരത്തിലൂടെ.

മുട്ടുവേദനയായി, നടുവേദനയായി. പണ്ടൊക്കെ വളരെ സാധാരണമായിരുന്ന ഒരു ദിവസത്തിന് ശേഷം അനുഭവപ്പെടുന്ന വലിയ ക്ഷീണമായി. ഒരു ഫോട്ടോയിൽ നമ്മെത്തന്നെ തിരിച്ചറിയാൻ എടുക്കുന്ന ആ ചെറിയ സമയദൈർഘ്യമായി. ഒരു കുട്ടി നമ്മെ ‘പ്രായമായ ഒരാളായി’ കാണുന്ന ആ ആദ്യത്തെ നിമിഷമായി. നമ്മുടെ അച്ഛനമ്മമാർ എക്കാലവും അങ്ങനെ ആയിരുന്നില്ല എന്ന് നമ്മൾ തിരിച്ചറിയുന്ന നിമിഷമായി. ഓർമ്മകളെന്നത് വെറുമൊരു മ്യൂസിയമല്ലെന്നും, ചില മുറികളിലെ വെളിച്ചം പതിയെ അണഞ്ഞുകൊണ്ടിരിക്കുന്ന ഒരു വീടാണെന്നും നാം തിരിച്ചറിയുന്ന നിമിഷമായി.

എങ്കിലും ഡേവിഡ് ബോവിയുടെ വരികളിൽ വിചിത്രമായ ഒരു ആശ്വാസമുണ്ട്. “നിങ്ങൾ എക്കാലവും എന്തായിത്തീരണമായിരുന്നോ, ആ യഥാർത്ഥ വ്യക്തിയായി നിങ്ങളെ മാറ്റിയെടുക്കുന്ന അസാധാരണമായ ഒരു പ്രക്രിയയാണ് വാർദ്ധക്യം.”

പ്രായമേറുന്നത് നമ്മെ പെട്ടെന്ന് ബുദ്ധിമാന്മാരാക്കും എന്നതുകൊണ്ടല്ല അങ്ങനെ പറയുന്നത്. പലരും പ്രായമാകുമ്പോൾ അവരുടെ ഭയങ്ങളുടെ കൂടുതൽ കടുത്ത രൂപങ്ങളായി മാറാറുമുണ്ട്. എന്നാൽ, വാർദ്ധക്യത്തിന് നമ്മുടെ വ്യാജമുഖങ്ങളിലെ അലങ്കാരങ്ങളെ വലിച്ചെറിയാനുള്ള ഒരു കഴിവുണ്ട്. അഭിനയിച്ചു ജീവിക്കാനുള്ള നമ്മുടെ ആർത്തിയെ അത് ഇല്ലാതാക്കുന്നു. ചില മോഹങ്ങളൊക്കെ വെറും പ്രഹസനങ്ങളായിരുന്നു എന്ന് അത് കാണിച്ചുതരുന്നു. സ്വന്തം ജീവിതത്തോട് നാം നീതി പുലർത്തിയോ അതോ മറ്റുള്ളവർ വരച്ചുവെച്ച രൂപത്തോട് നാം അന്ധമായി വിധേയത്വം കാണിക്കുകയായിരുന്നോ എന്ന് അത് വളരെ നേരിട്ട് നമ്മോട് ചോദിക്കുന്നു.

ജീവിതം ചെറുതാണ് എന്നതല്ല വലിയ ദുരന്തം. അതിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയുന്നതിന് മുൻപ് തന്നെ നാം അത് ചെലവാക്കിത്തീർക്കുന്നു എന്നതാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഉത്കണ്ഠകൾക്ക് നാം വർഷങ്ങൾ വെറുതെ നൽകുന്നു. ഒരിക്കലും സംഭവിക്കാത്ത ദുരന്തങ്ങളെ നാം മനസ്സിലിട്ട് റിഹേഴ്സൽ ചെയ്യുന്നു. സ്നേഹത്തേക്കാൾ കൂടുതൽ കാലം നാം അപമാനങ്ങളെ മനസ്സിൽ കൊണ്ടുനടക്കുന്നു. ഹൃദയമെന്നത് പലിശ കിട്ടുന്ന ഒരു ബാങ്ക് അക്കൗണ്ട് ആണെന്ന പോലെ നമ്മൾ ആർദ്രതകളെ എപ്പോഴും നാളത്തേക്കായി മാറ്റിവെക്കുന്നു. ഈ ജോലികളൊക്കെ കഴിഞ്ഞ്, ഈ സമ്മർദ്ദങ്ങളൊക്കെ മാറി, ജീവിതം ഒന്നുകരക്കടുത്തിട്ട്, നമുക്ക് സ്വന്തം സന്തോഷങ്ങളിലേക്ക് തിരികെ വരാം എന്ന് നമ്മൾ വെറുതെ സങ്കൽപ്പിക്കുന്നു.

എന്നാൽ നാം നാളത്തേക്കായി മാറ്റിവെക്കുന്ന ആ ‘നമ്മൾ’ അവിടെ മാറ്റങ്ങളൊന്നുമില്ലാതെ കാത്തിരിക്കുകയല്ല. അവനും പ്രായമാകുന്നുണ്ട്.

അതുകൊണ്ടാണ് മാർക്കസ് ഔറേലിയസിന്റെ വാക്കുകൾക്ക് ഇത്ര പ്രസക്തിയുള്ളത്. തന്റെ ‘മെഡിറ്റേഷൻസ്’ എന്ന പുസ്തകത്തിൽ, ഒരു ആയുസ്സ് മുഴുവനായുള്ള ജീവിതത്തെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടരുതെന്നും, മറിച്ച് ഇപ്പോൾ കയ്യിലുള്ള ജോലിയിലും ഈ നിമിഷത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് അദ്ദേഹം തന്നോട് തന്നെ ഉപദേശിക്കുന്നത്. ജീവിതത്തെക്കുറിച്ച് ചിന്തിക്കരുതെന്നല്ല അദ്ദേഹം പറയുന്നത്. മറിച്ച് ജീവിക്കാൻ തന്നെ കഴിയാത്ത രീതിയിൽ അതിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ്. ജീവിതത്തെ മുഴുവനായി ഒറ്റയടിക്ക് സങ്കൽപ്പിക്കുകയെന്നാൽ, സമയത്തിന് പുറത്തുനിൽക്കുന്ന ഒരു ന്യായാധിപനാകുക എന്നാണ് അർത്ഥം. എന്നാൽ സത്യസന്ധമായി ഇന്നത്തെ ദിവസം ജീവിക്കുകയെന്നാൽ, സമയത്തിനുള്ളിൽ നിൽക്കുന്ന ഒരു പച്ചയായ മനുഷ്യനാകുക എന്നാണ്.

ഒരുപക്ഷേ സമാധാനം എന്നത് ഭാരങ്ങളില്ലാത്ത അവസ്ഥയാകില്ല. മറിച്ച്, ഈ ലോകത്തിന്റെ മുഴുവൻ ഭാരവും സ്വന്തം കൈകളിൽ ഏറ്റില്ല എന്ന തീരുമാനമാകാം.

ഇന്നത്തെ ദിവസത്തിന് അതിന്റേതായ ഭാരമുണ്ട്. അത് ചെറുതായതുകൊണ്ടല്ല, മറിച്ച് അത് യഥാർത്ഥമായതുകൊണ്ടാണ്. മേശപ്പുറത്തുള്ള ആ ചായക്കപ്പ് യാഥാർത്ഥ്യമാണ്. നിങ്ങളുടെ അരികിലുള്ള ആ മനുഷ്യൻ യാഥാർത്ഥ്യമാണ്. നിങ്ങളുടെ മുന്നിലുള്ള ജോലി യാഥാർത്ഥ്യമാണ്. നിങ്ങളുടെ യാതൊരു അനുവാദവുമില്ലാതെ ഉള്ളിലേക്ക് വരുന്നതും പോകുന്നതുമായ ആ ശ്വാസം യാഥാർത്ഥ്യമാണ്. കാണാത്ത ഏതോ കാണികൾക്കായി നമ്മൾ തയ്യാറാക്കിവെക്കുന്ന ആ വലിയ സംഗ്രഹത്തിലല്ല ജീവിതമുള്ളത്. അത് നാം ശ്രദ്ധിക്കാതെ പോകുന്ന ഈ ചെറിയ നിമിഷങ്ങളിലാണ്, നമ്മുടെ ശ്രദ്ധയുടെ കൊച്ചുകൊച്ചു കൈമാറ്റങ്ങളിലാണ്.

അതുകൊണ്ട്, മരിക്കുന്നതിന് മുൻപ് എനിക്ക് എന്തൊക്കെ നേടണം എന്നതല്ല ചോദ്യം. ആ ചോദ്യം മറ്റുള്ളവരുടെ കയ്യടികൾക്ക് വേണ്ടി എളുപ്പത്തിൽ കളങ്കപ്പെട്ടേക്കാം.

ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യം ഇതാണ്: മാഞ്ഞുപോകുന്ന എന്റെ ഈ ജീവിതം അർപ്പിക്കാൻ മാത്രം മൂല്യമുള്ളത് എന്താണ്? എന്റെ കയ്യിലുള്ള ഈ ഒരേയൊരു സമ്പത്ത് അർഹിക്കുന്നത് ആരെയാണ്, എന്തിനെയാണ്?

ചില കാര്യങ്ങൾക്കത് അർഹതയുണ്ട്. ഒട്ടുമിക്കതിനും അതില്ലതാനും.

ആ വ്യത്യാസം തിരിച്ചറിയുക എന്നതാണ് ഒരുപക്ഷേ വിവേകത്തിന്റെ തുടക്കം. വലിയ ശബ്ദമുള്ള ഒരു വിവേകമല്ല അത്. പ്രഖ്യാപനങ്ങളിലൂടെ വരുന്നതുമല്ല. അത് വളരെ ശാന്തമായ ഒരു അറിവാണ്. നിങ്ങളുടെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ നോട്ടത്തിന്റെ ആഴം കൂട്ടുന്ന ഒരു വിവേകം. യാതൊരു കാരണവുമില്ലാതെ അമ്മയെ വിളിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒന്ന്. ‘അത്യാവശ്യ’മുള്ള കാര്യങ്ങൾ ‘പ്രധാനപ്പെട്ട’ കാര്യങ്ങളാണെന്ന് തെറ്റിദ്ധരിക്കുന്നത് അവസാനിപ്പിക്കുന്ന ഒന്ന്. നിങ്ങളുടെ യഥാർത്ഥ ജീവിതം എന്താണെന്ന് മനസ്സിലാക്കുമ്പോൾ, യാതൊരു കയ്പ്പുമില്ലാതെ ഒരു പഴയ സ്വപ്നത്തെ മരിക്കാൻ അനുവദിക്കുന്ന ഒരറിവ്.

ഈ ദിവസങ്ങളെ നമുക്ക് എക്കാലവും പിടിച്ചുനിർത്താനാകില്ല. അവ നമ്മെ വിട്ടുപോകുന്നതിന് മുൻപ് അവയെ എന്താക്കി മാറ്റണം എന്ന് തീരുമാനിക്കാൻ മാത്രമേ നമുക്ക് കഴിയൂ.

ഒരുപക്ഷേ വാർദ്ധക്യം എന്നത് ഈ യാത്രയുടെ അവസാനത്തിൽ നിൽക്കുന്ന ഒരു ശത്രുവായിരിക്കില്ല. മറിച്ച്, നമ്മൾ ഒളിച്ചിരുന്ന സകല മറകളും പതുക്കെ നീക്കം ചെയ്യപ്പെടുന്ന അവസ്ഥയായിരിക്കാം. കടമെടുത്ത ആഗ്രഹങ്ങൾ. പരിശീലിച്ചെടുത്ത വ്യാജ വ്യക്തിത്വങ്ങൾ. ആവശ്യമില്ലാത്ത നാണക്കേടുകൾ. നമ്മളെ ഒരിക്കലും ശരിക്കും കാണാത്ത മനുഷ്യർ നമ്മെ കാണണം എന്ന ആ വലിയ ആർത്തി.

ആ മറകളൊക്കെ നീങ്ങിക്കഴിയുമ്പോൾ ബാക്കിയാകുന്നത് നാം സങ്കൽപ്പിച്ചതിനേക്കാൾ വളരെ ചെറുതായിരിക്കാം. പക്ഷേ അത് കുറച്ചുകൂടി സത്യസന്ധമായിരിക്കും.

അഭിനയങ്ങളില്ലാത്ത ഒരു മുഖം. പ്രകടനങ്ങളില്ലാത്ത ഒരു പ്രണയം. തെറ്റായ ബലിപീഠങ്ങളിൽ ഹോമിക്കാത്ത ഒരു ദിവസം. ജീവിതത്തെ മൊത്തത്തിൽ സങ്കൽപ്പിച്ചു കൂട്ടാതെ, അത് നമ്മിലേക്ക് വരാൻ ആഗ്രഹിച്ച ആ ഒരേയൊരു രൂപത്തിൽ, അതിയായ വിസ്മയത്തോടെയും ശ്രദ്ധയോടെയും അതിനെ സ്വീകരിക്കുന്ന ഒരു മനസ്സ്.

ഒരു ശ്വാസം. ഒരു മണിക്കൂർ. അളക്കാൻ കഴിയാത്ത, പതിയെ മാഞ്ഞുപോകുന്ന ഒരു കൊച്ചു കൈമാറ്റം.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

മഞ്ഞും നിശബ്ദതയും പിന്നെ ഞാനും

തണുത്തുറഞ്ഞ ജലാശയങ്ങളുടെ അരികിൽ മാത്രം അനുഭവപ്പെടുന്ന ഒരു പ്രത്യേകതരം നിശബ്ദതയുണ്ട്. വെറുമൊരു ശബ്ദമില്ലായ്മയല്ല അത്; അതിനേക്കാൾ ഭാരമുള്ള, ഒരുതരം സാന്നിധ്യമുള്ള നിശബ്ദത. മോണ്ടിനെഗ്രോയിലെ മഞ്ഞിലുറഞ്ഞ ഒരു തടാകത്തിന്റെ കരയിൽ നിൽക്കുമ്പോഴാണ് ഞാനത് ശരിക്കും അറിഞ്ഞത്. എനിക്ക് ചുറ്റും യാതൊരു ലക്ഷ്യവുമില്ലാതെ മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. മുന്നിലെ മലനിരകളെ മേഘങ്ങൾ പാതി വിഴുങ്ങിയിരിക്കുന്നു. ഇനിയൊരിക്കലും ഒഴുകില്ലെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ ആ തടാകം അത്രമേൽ നിശ്ചലമായിരുന്നു.

യാതൊരു യുക്തിയുമില്ലാതെ ഞാൻ കുറെനേരം അവിടെത്തന്നെ നിന്നു.

അവിടെ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വലിയ തിരിച്ചറിവുകളൊന്നും അവിടെനിന്ന് കിട്ടാനുണ്ടായിരുന്നില്ല, ആ കാഴ്ചയുടെ ആഴം പകർത്താൻ ഒരു ക്യാമറയ്ക്കും കഴിയുമായിരുന്നില്ല. ആ നിശബ്ദതയെ തടസ്സപ്പെടുത്താൻ പോന്ന ഒരൊറ്റ ചിന്തപോലും എന്റെയുള്ളിൽ ഉണ്ടായിരുന്നില്ല. തടാകത്തിന്റെ ഉപരിതലത്തിൽ വന്ന് വീണ് അലിഞ്ഞില്ലാതാകുന്ന മഞ്ഞുതുള്ളികളെ ഞാൻ വെറുതെ നോക്കിനിന്നു. വീഴുന്നു, ഇല്ലാതാകുന്നു. കുറച്ചുനേരം അത് നോക്കിനിന്നപ്പോൾ, സാധാരണ ജീവിതം എനിക്ക് ഒരിക്കലും അനുവദിച്ചുതരാത്ത രീതിയിൽ എന്റെയുള്ളിലെ എന്തോ ഒന്ന് വല്ലാതെ ശാന്തമാകുന്നതായി എനിക്ക് തോന്നി.

ഒരക്ഷരം പോലും മിണ്ടാതെ നമ്മളിൽ നിന്ന് എന്തൊക്കെയോ ആവശ്യപ്പെടുന്ന ചിലയിടങ്ങളുണ്ട്; ഇതങ്ങനെ ഒരിടമായിരുന്നു.

ആ ദിവസങ്ങളിലാണ് ഞാൻ ഫരീദുദ്ദീൻ അത്താറിന്റെ ‘ദി കോൺഫറൻസ് ഓഫ് ദി ബേർഡ്സ്’ (The Conference of the Birds) എന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ പേർഷ്യൻ കവിത വായിക്കുന്നത്. തങ്ങളുടെ രാജാവായ ‘സിമുർഗ്’ (Simorgh) എന്ന ഇതിഹാസ പക്ഷിയെത്തേടി ഒരുകൂട്ടം പക്ഷികൾ നടത്തുന്ന നീണ്ട, വിചിത്രമായ, ഹൃദയഭേദകമായ ഒരു യാത്രയെക്കുറിച്ചുള്ള കവിതയാണത്. ഏഴ് താഴ്‌വരകൾ കടന്നുവേണം അവിടെയെത്താൻ; ഓരോന്നും മുൻപത്തേതിനേക്കാൾ കഠിനമാണ്. അന്വേഷണത്തിന്റെ താഴ്‌വര, സ്നേഹത്തിന്റെ താഴ്‌വര, അറിവിന്റെ താഴ്‌വര, നിർമമതയുടെ താഴ്‌വര, ഏകത്വത്തിന്റെ താഴ്‌വര, അമ്പരപ്പിന്റെ താഴ്‌വര, ദാരിദ്ര്യത്തിന്റെയും ശൂന്യതയുടെയും താഴ്‌വര. മിക്ക പക്ഷികളും ആ യാത്ര പൂർത്തിയാക്കുന്നില്ല. ഓരോ താഴ്‌വരയിലും അവർക്ക് തിരികെപ്പോകാൻ ഓരോ കാരണങ്ങളുണ്ടാകും. ചിലർക്ക് ചൂട് സഹിക്കാനായില്ല. ചിലർക്ക് പിന്നിലുപേക്ഷിച്ചവയോടുള്ള സ്നേഹം വിടാനായില്ല. അടുത്ത താഴ്‌വര ആവശ്യപ്പെടുന്ന ത്യാഗങ്ങൾ അവർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

അവസാനം വെറും മുപ്പത് പക്ഷികൾ മാത്രമാണ് അവിടെയെത്തുന്നത്.

അവർ അവിടെ കണ്ടെത്തിയതെന്താണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, യഥാർത്ഥ സത്യങ്ങൾ മാത്രം ചെയ്യുന്നതുപോലെ ആ തിരിച്ചറിവ് എന്നെ നിശബ്ദമായി തകർത്തെറിഞ്ഞു.

ദുർമിറ്റോറിലെ ആ മഞ്ഞിൽ നിൽക്കുമ്പോൾ, ഞാനറിയാതെ തന്നെ ആ പക്ഷികളെക്കുറിച്ച് ഓർത്തുപോയി. കാരണം ആ പ്രകൃതി ശരിക്കും ആ താഴ്‌വരകളിലൊന്ന് പോലെയാണ് എനിക്ക് തോന്നിയത്. പേടിപ്പെടുത്തുന്ന ഒന്നല്ല. നമ്മെ അമ്പരപ്പിക്കുന്ന ഒന്ന്. എന്തെങ്കിലും തെറ്റുപറ്റിയതുകൊണ്ടല്ല, മറിച്ച് യാത്രയുടെ ഈ ഭാഗം ഒരു ഭൂപടത്തിന്റെ സഹായത്തോടെ നടന്നുതീർക്കാനുള്ളതല്ല എന്നതുകൊണ്ട് വഴി മാഞ്ഞുപോകുന്ന ഒരു താഴ്‌വര. ഒന്നും വ്യക്തമല്ലാത്ത, തണുത്തുറഞ്ഞ ആ വഴിയിലൂടെ തടാകത്തിലേക്ക് പെയ്യുന്ന മഞ്ഞും നോക്കി നിങ്ങളെ നടക്കാൻ വിട്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ അർത്ഥമെന്താണെന്നറിയാതെ, ആ അനിശ്ചിതത്വത്തോട് പതിയെ സന്ധിചെയ്തുകൊണ്ട് മുന്നോട്ട് നടക്കാൻ.

നമ്മളിൽ പലരും ഇപ്പോൾ ആ താഴ്‌വരകളിലെവിടെയോ ആണെന്ന് എനിക്ക് തോന്നുന്നു. യാത്ര തുടങ്ങുമ്പോഴുള്ള ആവേശമൊന്നും ഇപ്പോൾ ബാക്കിയുണ്ടാകില്ല. ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുമില്ല. രണ്ടിനുമിടയിലുള്ള വളരെ ബുദ്ധിമുട്ടേറിയ ഏതോ ഒരു പാതിവഴിയിൽ. തിരികെപ്പോകാൻ കഴിയില്ല, കാരണം അത്രയേറെ നാം ഇതിനോടകം ഉപേക്ഷിച്ചുകഴിഞ്ഞു. എന്നാൽ ആ ഉപേക്ഷിച്ചതിനെയൊക്കെ ന്യായീകരിക്കുന്ന ഒന്നും ഇതുവരെ നാം കണ്ടെത്തിയിട്ടുമില്ല. ജീവിക്കാൻ വളരെ ബുദ്ധിമുട്ടുള്ളൊരിടമാണത്. എങ്കിലും എനിക്കറിയാവുന്ന മിക്കവരും ഏതെങ്കിലുമൊക്കെ രീതിയിൽ ഇപ്പോൾ അവിടെയാണ് ജീവിക്കുന്നത്.

അത്താറിന്റെ കവിതയിലെ പക്ഷികൾ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും: ‘ഇനിയുമെത്ര ദൂരമുണ്ട്?’ ആ ചോദ്യം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം എന്നതായിരുന്നു അതിനുള്ള മറുപടി. ആ യാത്ര പൂർത്തിയാക്കിയവർ മറ്റുള്ളവരേക്കാൾ കുറവ് കഷ്ടപ്പാടുകൾ അനുഭവിച്ചവരല്ല. മറിച്ച്, ദൂരം അളക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിച്ചവരാണവർ.

ദൂരം അളക്കുന്നത് എങ്ങനെ അവസാനിപ്പിക്കണം എന്ന് എനിക്കിപ്പോഴും അറിയില്ല. ഞാനെപ്പോഴും അളന്നുകൊണ്ടേയിരിക്കുകയാണ്. എന്റെ വളർച്ച, അർത്ഥങ്ങൾ, ലക്ഷ്യങ്ങൾ… ഇതെല്ലാം എങ്ങോട്ടെങ്കിലും എത്തുന്നുണ്ടോ എന്ന് ഞാൻ നിരന്തരം കണക്കുകൂട്ടുന്നു. അതിവിശാലവും ശാന്തവും അതിമനോഹരവുമായ ഒന്നിന്റെ അരികിൽ നിൽക്കുമ്പോഴും എന്റെയുള്ളിലെ ഒരു ഭാഗം എവിടെയോ ഇരുന്ന് ഇതൊക്കെ കണക്കുകൂട്ടുകയായിരുന്നു.

പക്ഷേ, മോണ്ടിനെഗ്രോയിലെ ആ മഞ്ഞുവീഴുന്ന പ്രഭാതത്തിൽ, കുറച്ചുനേരത്തേക്ക് ഞാൻ അങ്ങനെയായിരുന്നില്ല.

മേഘങ്ങൾ മലനിരകളിലേക്ക് അത്രമേൽ താഴ്ന്നിറങ്ങിയിരുന്നു. പകുതിവെച്ച് മരങ്ങൾ ചാരനിറത്തിൽ മാഞ്ഞുപോയി. അതിനപ്പുറം എന്താണെന്ന് പറയാൻ പോലും കഴിയില്ല. വെറും കാലാവസ്ഥയും ഉയരവും പിന്നെ അതിനെല്ലാം പിന്നിൽ ഒളിച്ചിരിക്കുന്ന അതിഭീമമായ എന്തോ ഒന്നിന്റെ സാന്നിധ്യവും മാത്രം. തടാകത്തിനക്കരെ ഒരു ചെറിയ ക്യാബിൻ ഉണ്ടായിരുന്നു. ആ വെളുത്ത പശ്ചാത്തലത്തിൽ നേർത്തൊരു ഇരുണ്ട രൂപം പോലെ അത് മങ്ങിയതേ കണ്ടുള്ളൂ. ആരോ ഒരാൾ അവിടെയത് പണിതിട്ടുണ്ട്. അത്രയേറെ ശാന്തതയോടും അത്രയേറെ വന്യതയോടും ചേർന്നുനിൽക്കാൻ ആരോ ഒരാൾ തീരുമാനിച്ചിട്ടുണ്ട്.

അങ്ങനെയൊരു തീരുമാനമെടുക്കാൻ എന്തായിരിക്കും ഒരാളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്ന് ഞാൻ ചിന്തിച്ചു. ഉത്തരം കിട്ടാത്ത ഒന്നിനോട് ഇത്രയടുത്ത് സ്വന്തം ജീവിതം പടുത്തുയർത്തുക.

ഒരുപക്ഷേ ആ കവിത യഥാർത്ഥത്തിൽ പറയുന്നത് ഇതായിരിക്കാം. ലക്ഷ്യസ്ഥാനത്തെക്കുറിച്ചല്ല. വെളിപാടുകളെക്കുറിച്ചല്ല. മറിച്ച്, ആ താഴ്‌വരയെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളായി മാറുന്നതിലെ പതുക്കെയുള്ള, ബുദ്ധിമുട്ടേറിയ, തികച്ചും വ്യക്തിപരമായ പ്രക്രിയയെക്കുറിച്ചാകാം. തണുത്തുറഞ്ഞ അമ്പരപ്പിന്റെ താഴ്‌വരയിൽ നിന്നുപോലും, സ്വയം വിശദീകരിക്കാൻ തയ്യാറല്ലാത്തൊരു മനോഹരമായ കാഴ്ച നോക്കിനിൽക്കാൻ കഴിയുന്ന ഒരാൾ. താൻ കാണുന്നതിനൊക്കെയും ഭാഷയുടെ പരിധിക്കുള്ളിൽ ഒതുങ്ങുന്ന കൃത്യമായ അർത്ഥങ്ങൾ വേണമെന്ന് നിർബന്ധം പിടിക്കാത്ത ഒരാൾ.

ഞാൻ ഇതുവരെ അങ്ങനെയൊരാളായി മാറിയിട്ടില്ല. എനിക്ക് അങ്ങനെ ആകണമെന്നുണ്ട്. ചിലപ്പോഴൊക്കെ, പ്രത്യേകിച്ച് ഇതുപോലുള്ള സ്ഥലങ്ങളിൽ വെച്ച് ഞാനത് അനുഭവിച്ചറിയാറുണ്ട്. എല്ലാം മനസ്സിലാക്കണമെന്ന എന്റെ ദുർവാശി ഇത്രയും വിശാലമായ ഈ ലോകത്തിന് മുന്നിൽ വലിയൊരു വിഡ്ഢിത്തമാണെന്ന് എനിക്ക് തോന്നും; ആ നിമിഷങ്ങളിൽ ഞാനത് വിട്ടുകളയാറുമുണ്ട്.

മഞ്ഞ് പെയ്തുകൊണ്ടേയിരുന്നു. യാതൊരു പരാതിയുമില്ലാതെ തടാകം അത് ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.

ആ കാഴ്ചയുടെ ഒരംശം പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ഫോട്ടോ ഞാനുമെടുത്തു. പിന്നെ കയ്യിലൊരു കുടയുമായി കുറച്ചുനേരം കൂടി ഞാനവിടെ നിന്നു. തണുപ്പ് അതിന്റെ ജോലി ചെയ്യട്ടെ എന്ന് ഞാൻ കരുതി. ആവശ്യമില്ലാത്തതെല്ലാം വെട്ടിമാറ്റി, യഥാർത്ഥത്തിൽ എന്താണോ അവിടെയുള്ളത് അത് മാത്രം ബാക്കിയാക്കുന്ന ജോലി.

ആ തടാകത്തിൽ ഞാൻ എന്താണ് അന്വേഷിച്ചുകൊണ്ടിരുന്നതെന്ന് എനിക്കറിയില്ല. ഞാനത് കണ്ടെത്തിയോ എന്നും എനിക്കറിയില്ല.

പക്ഷേ, ഭയമില്ലാതെ ആ അനിശ്ചിതത്വത്തെ ചേർത്തുപിടിക്കുക എന്നത് തന്നെയാകാം ഇത്തരം ചോദ്യങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഉത്തരം.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

വിത്തിനറിയാവുന്ന ചിലതുണ്ട്

ജനാലപ്പടിയിൽ ജീവന്റെ യാതൊരു ലക്ഷണവുമില്ലാതെ ഞാനൊരു ചെടിച്ചട്ടി കുറെക്കാലം സൂക്ഷിച്ചിരുന്നു. എന്തിനാണ് ഞാനത് അവിടെ വെച്ചിരിക്കുന്നതെന്ന് പോലും എനിക്കോർമ്മയുണ്ടായിരുന്നില്ല. അതിലെ മണ്ണ് വരണ്ടുണങ്ങി, വിളറിയിരുന്നു. ഒരു പ്രതീക്ഷയുമില്ലാതെ, വെറുമൊരു കുറ്റബോധത്തിന്റെ പേരിൽ മാത്രമാണ് ഞാൻ അതിൽ വെള്ളമൊഴിച്ചിരുന്നത്. എന്നാൽ തികച്ചും സാധാരണമായ ഒരു പ്രഭാതത്തിൽ, എന്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്ന ഒരു നിമിഷത്തിൽ, അവിടെയൊരു പച്ചപ്പ് തലനീട്ടി.

മാറ്റങ്ങളുടെ പടിവാതിലുകൾ അങ്ങനെയാണ്. അവ വരവറിയിച്ചുകൊണ്ടല്ല തുറക്കപ്പെടുന്നത്.

കാലവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. ഒരു തത്വശാസ്ത്രമായല്ല, മറിച്ച് നാമെല്ലാവരും വളരെ മോശമായി മാത്രം കൈകാര്യം ചെയ്യുന്ന ഒരു ദൈനംദിന ശീലമെന്ന നിലയിൽ. എപ്പോഴെങ്കിലും ഈ അവസ്ഥകൾ മാറുമെന്നും, ജീവിതത്തിലെ കഠിനമായ ഋതുക്കൾ എക്കാലവും അങ്ങനെതന്നെ നിന്നിട്ടില്ലെന്നും നമ്മുടെയുള്ളിലെവിടെയോ നമുക്കറിയാം. നമ്മളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലങ്ങളെയും നാം ഇതിനോടകം അതിജീവിച്ചിട്ടുണ്ടെന്നും അറിയാം. എന്നിട്ടും, നീണ്ട ഒരു ശൈത്യകാലത്തിന്റെ മരവിപ്പിൽ നിൽക്കുമ്പോൾ ഈ അറിവുകളൊന്നും നമ്മെ സഹായിക്കുന്നില്ല. അറിവ് ഒരിടത്തും, ആശ്വാസം മറ്റൊരിടത്തുമായി നിൽക്കുന്നു. അവയ്ക്കിടയിലുള്ള ആ ദൂരത്തിലാണ് നമ്മുടെ സങ്കടങ്ങളത്രയും ജീവിക്കുന്നത്.

അറബിയിൽ ‘സബർ‘ (sabr) എന്നൊരു വാക്കുണ്ട്. സാധാരണയായി ‘ക്ഷമ’ എന്നാണ് അതിനർത്ഥം പറയാറുള്ളതെങ്കിലും, ആ വാക്കിന്റെ യഥാർത്ഥ ആഴം ഉൾക്കൊള്ളാൻ അതിന് കഴിയില്ല. ‘സബർ’ എന്നത് ഒരുതരം അടിയുറച്ചുനിൽപ്പാണ്. തകർന്നുവീഴാൻ ഏറ്റവും എളുപ്പമുള്ളൊരു നിമിഷത്തിൽ, അതിന് നിന്നുനൽകാതെ പിടിച്ചുനിൽക്കാൻ തീരുമാനിക്കുന്ന ഒരു അവസ്ഥ. എല്ലാം സുഗമമായി പോകുന്ന ഒരാളുടെ ക്ഷമയല്ല അത്; മറിച്ച്, ഒന്നും ശരിയല്ലാത്ത അവസ്ഥയിലും അവിടെത്തന്നെ തുടരാൻ തീരുമാനിക്കുന്ന ഒരാളുടെ ക്ഷമയാണത്.

ഈ പേര് പോലുമറിയാതെ നമ്മളിൽ പലരും ‘സബർ’ ശീലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാൻ അങ്ങനെ ചെയ്യാറുണ്ട്, അല്ലെങ്കിൽ അതിന് ശ്രമിക്കാറുണ്ട്. ചില ദിവസങ്ങളിൽ ഞാൻ അതിൽ പൂർണ്ണമായും പരാജയപ്പെടും.

ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ വേഗത്തിൽ എനിക്ക് ക്ഷമ നശിക്കാറുണ്ട്. കാര്യങ്ങൾ മുന്നോട്ട് പോകാതിരിക്കുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാതിരിക്കുമ്പോൾ, ഉള്ളിലെ നീറുന്ന വേദന വല്ലാതെ നീണ്ടുപോകുമ്പോൾ… അതൊരു കൂർത്ത മുനയായി മാറുന്നത് ഞാൻ അറിയാറുണ്ട്. പറയാനാഗ്രഹിക്കാത്ത പലതും ഞാൻ പറഞ്ഞിട്ടുണ്ട്. വിശാലമാകേണ്ടയിടത്ത് ഞാൻ ചുരുങ്ങിപ്പോയിട്ടുണ്ട്. ചൂട് പകരേണ്ടിയിരുന്ന എന്റെയുള്ളിലെ തീ, പലതിനെയും ചുട്ടെരിച്ചിട്ടുണ്ട്. ഇതൊരു കുറ്റസമ്മതമല്ല, എന്നെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിലയിരുത്തൽ മാത്രമാണ്. നിശ്ചലമായിരിക്കേണ്ടതിന്റെ വിലയറിയാമായിരുന്നിട്ടും ഞാൻ അസ്വസ്ഥനാകാറുണ്ട്. കാര്യങ്ങളെ ദീർഘവീക്ഷണത്തോടെ കാണാൻ ശ്രമിക്കുമ്പോഴും, പെട്ടെന്നുള്ള തിരിച്ചടികളിൽ ഞാൻ പതറിപ്പോകാറുണ്ട്.

പക്ഷേ, അതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. വളരെ മനോഹരമായ ഒരു ആശയം ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും, അത് പ്രാവർത്തികമാക്കുന്നതിൽ നമുക്ക് പരാജയപ്പെടാം. കുറച്ചുകൂടി നന്നാകണം എന്ന ആ ആഗ്രഹം തന്നെ, പുതിയൊരു മനുഷ്യനായി മാറുന്നതിന്റെ ഒരു തുടക്കമാണ്.

എന്നിലും എനിക്ക് പ്രിയപ്പെട്ടവരിലും ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്. മാറ്റങ്ങൾക്കായി കാത്തിരിക്കുന്നത് കണ്ടാൽ, എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നേ പലപ്പോഴും തോന്നൂ. പുറത്തുനിന്ന് നോക്കുന്നവർക്കും, ചിലപ്പോൾ നമുക്ക് തന്നെയും അങ്ങനെ തോന്നും. അത്യാവശ്യമായ ഒരു മാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണോ, അതോ എന്നോ അവസാനിക്കേണ്ടിയിരുന്ന ഒന്നിനെ നാം വെറുതെ വലിച്ചുനീട്ടുകയാണോ എന്ന് എപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. ആ അനിശ്ചിതത്വം വലിയൊരു ഭാരമാണ്. ഇതിൽ ഏത് കാത്തിരിപ്പിലൂടെയാണ് നാം കടന്നുപോകുന്നത് എന്നറിയാത്ത അവസ്ഥ എത്രമാത്രം തളർത്തുന്നതാണെന്ന് ആരും അധികം സംസാരിക്കാറില്ല.

എന്നാൽ പൂക്കൾക്കും ഇതൊന്നും അറിയില്ലല്ലോ. ജനുവരിയിലെ ഇരുട്ടിൽ മണ്ണിനടിയിൽ കിടക്കുന്ന ഒരു വിത്തിന്, വസന്തത്തിന്റെ ചൂട് വരുന്നുണ്ടോ എന്ന് അറിയില്ല. ഒരു തെളിവുമില്ലാതെ, ഒരാശ്വാസവാക്കുമില്ലാതെ, ആരും കാണാതെ ആ ഇരുട്ടിൽ അത് ജീവന്റെ ഒരു തുടിപ്പ് കാത്തുവെക്കുക മാത്രമാണ് ചെയ്യുന്നത്.

ഒരുപക്ഷേ വിശ്വാസത്തെക്കുറിച്ച് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല നിർവ്വചനം ഇതായിരിക്കും. ഫലങ്ങളെക്കുറിച്ചുള്ള ഉറപ്പല്ല അത്, മറിച്ച് എപ്പോഴെങ്കിലും പൂവിടും എന്ന വിശ്വാസത്തിൽ ആ രൂപത്തിൽ തന്നെ തുടരാനുള്ള ഒരു മനസ്സാണ്.

സങ്കടങ്ങളുടെ കാര്യവും വളരെ വിചിത്രമാണ്. അതിലൂടെ കടന്നുപോകുമ്പോൾ, അതൊരു കെട്ടിടം പോലെ നമുക്ക് ചുറ്റും നിൽക്കുന്നതായി തോന്നും. ആ കെട്ടിടത്തിനുള്ളിലെ ഒരു വസ്തുവല്ല, മറിച്ച് കെട്ടിടം തന്നെയാണ് സങ്കടമെന്ന് തോന്നും. അത് മാറ്റിയാൽ ഭിത്തികൾ തകർന്നുവീഴുന്നതുപോലെ. അങ്ങനെ നാം വളരെ കരുതലോടെ അതിനുചുറ്റും നടക്കുന്നു, അതിനുചുറ്റും ജീവിക്കുന്നു, ആ സങ്കടത്തിന്റെ അതിരുകൾക്കുള്ളിൽ നാം നമ്മുടെ ദിനചര്യകൾ ചിട്ടപ്പെടുത്തുന്നു. എന്നാൽ ഒരു ദിവസം നാം തിരിച്ചറിയും, ആ സങ്കടത്തെ ചുറ്റിപ്പറ്റിയുള്ള നടത്തം നാം അവസാനിപ്പിച്ചിരിക്കുന്നു എന്ന്. അത് അവിടെത്തന്നെ കാണുമായിരിക്കും, പക്ഷേ ഇപ്പോൾ അതൊരു കെട്ടിടമല്ല. അതെപ്പോഴാണ് മാറിയതെന്ന് നമുക്ക് ഓർമ്മയുണ്ടാകില്ല. നമ്മൾ മറ്റെന്തോ നോക്കിനിൽക്കുകയായിരുന്നു.

ഇതൊരു ആശ്വാസവാക്കാണെന്ന് ഞാൻ കരുതുന്നില്ല. ഇതൊരു സത്യം മാത്രമാണ്.

അവസാനം, ഞാൻ എപ്പോഴും തിരികെയെത്തുന്ന ഒരു ചിന്തയുണ്ട്. വളരെ ലളിതമായ ഒന്ന്. ആദ്യം കൃതജ്ഞത. പിന്നെ ക്ഷമ. അതിനുശേഷം വിശ്വാസം. ഇതൊരു ഫോർമുലയല്ല. തിരിഞ്ഞുനോക്കുമ്പോൾ മാത്രം വെളിപ്പെടുന്ന ഒരു തുടർച്ചയാണിത്. പഴയ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ചിന്തിക്കും: “ഓ, അതായിരുന്നു ആ വർഷങ്ങൾ. എനിക്കറിയാതെ തന്നെ ഞാൻ അത് ചെയ്യുകയായിരുന്നു.”

ഏറ്റവും ആവശ്യമുള്ള സമയത്ത് കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് കൃതജ്ഞത. അതുകൊണ്ടാണ് അത് ആദ്യമായി വരേണ്ടത് എന്ന് ഞാൻ പറയുന്നത്. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് മറ്റെന്തിനെങ്കിലും വളരാൻ പാകത്തിൽ മണ്ണിനെ മയപ്പെടുത്താൻ അതിന് മാത്രമേ കഴിയൂ എന്നതുകൊണ്ടാണ്.

ഞാനിപ്പോഴും ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അപൂർണ്ണമായി, ആവർത്തിച്ച്, ചിലപ്പോഴൊക്കെ അബദ്ധങ്ങളിലൂടെ. പക്ഷേ ഇതൊക്കെ ഇപ്പോഴും എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധികളിൽ കുറച്ചുകൂടി ശാന്തതയുള്ള, ചൂടേറുമ്പോൾ പതറാത്ത, ബുദ്ധിമുട്ടുകളെ ഉൾക്കൊള്ളാൻ മനസ്സിൽ കുറച്ചുകൂടി ഇടമുള്ള ഒരാളായി മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം തന്നെ വലിയൊരു കാര്യമാണ്. അതൊരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു മുന്നേറ്റമാണ്. മുന്നോട്ട് പോകാൻ ഒരുപക്ഷേ അതുതന്നെ ധാരാളമായിരിക്കും.

ജനാലപ്പടിയിലെ ആ ചെടി ഇപ്പോൾ കുറച്ചുകൂടി വളർന്നിട്ടുണ്ട്. അതിന്റെ പേരെന്താണെന്ന് എനിക്കറിയില്ല. ഞാൻ അന്വേഷിച്ചിട്ടുമില്ല. എനിക്കതിഷ്ടമാണ്. പൂർണ്ണമായി മനസ്സിലാക്കാതെ തന്നെ ഒന്നിനെ ചേർത്തുപിടിക്കുക, എന്നിട്ടും അത് നമ്മോടൊപ്പം ജീവിക്കുന്നത് നോക്കിനിൽക്കുക… അതൊരു വല്ലാത്ത അനുഭവം തന്നെയാണ്.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

കൂട്ടിച്ചേർക്കുന്ന സ്വപ്നങ്ങൾ

എന്റെ മകൻ അവന്റേതായ ലോകത്ത് മുഴുകിയിരിക്കുകയാണ്. ചുറ്റും ചിതറിക്കിടക്കുന്ന വർണ്ണക്കട്ടകൾക്കിടയിലിരുന്ന് അവൻ ഒരു കൊച്ചു കാർ നിർമ്മിക്കുകയാണ്. ചുവപ്പും വെളുപ്പും വരകളുള്ള കുപ്പായമണിഞ്ഞ്, പുറംലോകത്തിന്റെ യാതൊരു ബഹളങ്ങളും തന്നെ ബാധിക്കാത്ത വിധം അത്രമേൽ ഏകാഗ്രതയോടെയാണ് അവനത് ചെയ്യുന്നത്. ആ വെളുത്ത വിരിപ്പിലിരുന്ന് അവൻ കൂട്ടിയോജിപ്പിക്കുന്ന ആ കട്ടകളിലേക്ക് നോക്കിയപ്പോൾ, അറിയാതെ എന്റെ മനസ്സും ചില ചിന്തകളിലേക്ക് വഴുതിവീണു.

ഈ ചിതറിക്കിടക്കുന്ന ഓരോ കട്ടകളും എനിക്ക് ജീവിതത്തിലെ ഓരോരോ നിമിഷങ്ങൾ പോലെയാണ് തോന്നുന്നത്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ അവയ്ക്ക് വലിയ അർത്ഥങ്ങളൊന്നുമില്ല; അവ വെറും പ്ലാസ്റ്റിക് കഷ്ണങ്ങൾ മാത്രമാണ്. എന്നാൽ, ക്ഷമയോടെ അവയെ ഒന്നിനോടൊന്ന് കൂട്ടിച്ചേർക്കുമ്പോൾ അവിടെ അർത്ഥവത്തായ ഒരു സൃഷ്ടി പിറവിയെടുക്കുന്നു. നമ്മുടെ ജീവിതവും ഇതുപോലെ തന്നെയല്ലേ? പരസ്പരം ബന്ധമില്ലാത്തതെന്ന് തോന്നുന്ന ഒട്ടേറെ അനുഭവങ്ങളെയും നിമിഷങ്ങളെയും കൂട്ടിച്ചേർത്താണ് നാം നമ്മുടെ ജീവിതം പടുത്തുയർത്തുന്നത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ തന്റെ ഗീതാഞ്ജലിയിൽ കുറിച്ച ആ മനോഹരമായ വരികൾ ഈ നിമിഷത്തിൽ എന്റെ ഓർമ്മയിലേക്ക് വരുന്നു:

“അനന്തമായ ലോകങ്ങളുടെ തീരത്ത് കുട്ടികൾ ഒന്നിച്ചുകൂടുന്നു… അവർ മണലുകൊണ്ട് വീടുകൾ പണിയുന്നു, വെറും ചിപ്പികൾ കൊണ്ട് അവർ കളിക്കുന്നു. വിശാലമായ ഈ ലോകത്തിന്റെ തീരത്ത് അവർ സ്വന്തം ലോകം രചിക്കുകയാണ്.”

മുതിർന്നവരായ നമ്മൾ എപ്പോഴും ഭാവിയെക്കുറിച്ചുള്ള ആധികളിലോ, കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള സങ്കടങ്ങളിലോ ആയിരിക്കും. എന്നാൽ അവനെ നോക്കൂ; അവന് ഇന്നലകളില്ല, നാളെയുമില്ല. അവന്റെ ലോകം അവൻ കയ്യിൽ പിടിച്ചിരിക്കുന്ന ആ കൊച്ചു കട്ടയിൽ മാത്രമാണ്. ആ നിമിഷത്തിന്റെ പൂർണ്ണതയിൽ, വർത്തമാനകാലത്തിൽ അവൻ പൂർണ്ണമായും ജീവിക്കുകയാണ്.

പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാൾ യുങ് കളികളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്:

“പുതിയതൊന്നിന്റെ സൃഷ്ടി സംഭവിക്കുന്നത് കേവലം ബുദ്ധികൊണ്ടല്ല, മറിച്ച് കളിക്കാനുള്ള മനുഷ്യന്റെ ആന്തരികമായ ചോദനയിൽ നിന്നാണ്. കളിക്കുന്ന മനസ്സ് തനിക്കിഷ്ടമുള്ളതിനെ സ്നേഹത്തോടെ നിർമ്മിച്ചെടുക്കുന്നു.”

അവൻ ഇവിടെ വെറുമൊരു കളിപ്പാട്ടം നിർമ്മിക്കുകയല്ല, തന്റെ ഭാവനയ്ക്ക് രൂപം നൽകുകയാണ്. അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം, ഈ നിർമ്മാണത്തിലുള്ള അവന്റെ നിസ്സംഗതയാണ്. മണിക്കൂറുകൾ എടുത്തുണ്ടാക്കിയ ഈ കാർ, ഒരുപക്ഷേ നാളെ അവൻ തന്നെ പൊളിച്ചുമാറ്റും. ആ കട്ടകൾ കൊണ്ട് അവൻ മറ്റെന്തെങ്കിലും പുതിയത് നിർമ്മിക്കും. മുതിർന്നവരായ നമ്മൾ നമ്മളുണ്ടാക്കിയ കാര്യങ്ങളെ എക്കാലത്തേക്കും മുറുകെപ്പിടിക്കാൻ ശ്രമിക്കുമ്പോൾ, ഈ കുഞ്ഞുമനസ്സുകൾ നമ്മെ പഠിപ്പിക്കുന്നത് എത്ര മനോഹരമായാണ് കാര്യങ്ങളെ സ്വതന്ത്രമായി വിട്ടുകളയേണ്ടത് എന്നാണ്.

നിർമ്മിക്കുന്നതിലെ സന്തോഷം മാത്രമേ അവർക്കുള്ളൂ, അത് എക്കാലവും സ്വന്തമാക്കിവെക്കുന്നതിലല്ല. തകർന്നുവീഴുന്ന കാര്യങ്ങളെ ഓർത്ത് സങ്കടപ്പെടാതെ, അതേ കട്ടകൾ ഉപയോഗിച്ച് പുതിയൊരു സ്വപ്നം പടുത്തുയർത്താൻ കഴിയുമെന്ന വലിയൊരു പാഠം ഈ കളികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ട്. ചിതറിക്കിടക്കുന്ന ജീവിതത്തെ വീണ്ടും വീണ്ടും കൂട്ടിച്ചേർക്കാൻ, ആ പഴയ കുഞ്ഞിക്കണ്ണുകളോടെ നമുക്കും ഒരിക്കൽക്കൂടി ഈ ലോകത്തെ നോക്കിക്കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

ആരും കാണാത്ത വേരുകൾ

നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസ്സിന് ഒരു സുഖപ്പെടലുണ്ടാകാറുണ്ട്—അതിലേക്ക് നമ്മൾ അനാവശ്യമായി ഇടപെടാതിരിക്കുമ്പോൾ മാത്രം സംഭവിക്കുന്ന ഒന്നാണത്. എന്നാൽ ആ ശാന്തമായ മനോഹാരിതയെക്കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല.

ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും കൃത്യമായ സമയപരിധിക്കുള്ളിൽ തീർക്കേണ്ട പ്രോജക്റ്റുകളെപ്പോലെ കാണാനാണ് നമ്മൾ ശീലിച്ചിട്ടുള്ളത്. ഉള്ളിൽ ഒരു ചെറിയ വിഷമമോ, പഴയൊരു സങ്കടമോ, അല്ലെങ്കിൽ നീണ്ടൊരു കാലത്തെ തളർച്ചയോ തോന്നുമ്പോൾ, അതിനെ എങ്ങനെയെങ്കിലും നിയന്ത്രിക്കാനാണ് നമ്മൾ ആദ്യം ശ്രമിക്കുന്നത്. അതിനെക്കുറിച്ച് ചിന്തിച്ചു കൂട്ടാനും, പരിഹാരങ്ങൾ കണ്ടെത്താനും നമ്മൾ തിടുക്കം കൂട്ടുന്നു. മനസ്സിന്റെ മുറിവുകളെ ഒരു യന്ത്രത്തിന്റെ തകരാറുപോലെ കണ്ട്, കയ്യിൽ ആയുധങ്ങളുമായി നമ്മൾ ഓടുകയാണ്—എങ്ങനെയെങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി വീണ്ടും സജീവമാകാൻ വേണ്ടി മാത്രം.

എന്നാൽ നമ്മുടെ പദ്ധതികൾക്കോ കലണ്ടറുകൾക്കോ വഴങ്ങുന്ന ഒന്നല്ല നമ്മുടെ ഹൃദയം; അതിന് അതിന്റേതായ ആവർത്തനങ്ങളും കാറ്റിന്റെ ദിശകളുമുണ്ട്.

നമ്മുടെ വിരലിൽ ഒരു ചെറിയ മുറിവുണ്ടാകുമ്പോൾ എന്താണ് സംഭവിക്കാറുള്ളത് എന്ന് ആലോചിച്ചുനോക്കൂ. അവിടെ പുതിയ കോശങ്ങൾ വന്ന് നിറയാൻ നമ്മൾ ഉത്തരവിടുകയോ, നമ്മുടെ മനക്കരുത്ത് കൊണ്ട് ആ തൊലി കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. നമ്മൾ ആ മുറിവ് വൃത്തിയായി സൂക്ഷിക്കുന്നു, അതിനെ സംരക്ഷിക്കുന്നു; പിന്നീട്, ഇരുട്ടിലിരുന്ന് ആ മുറിവ് എങ്ങനെ ഉണക്കണമെന്ന് പണ്ടേ അറിയാവുന്ന നമ്മുടെ ശരീരത്തിന്റെ ആ വലിയ ബുദ്ധിയിലേക്ക് നമ്മൾ അതിനെ വിട്ടുകൊടുക്കുന്നു. സുഖപ്പെടുക എന്നത് നമ്മൾ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല; മറിച്ച് നമ്മൾ അതിനായി അൽപ്പം ഇടം നൽകുമ്പോൾ മാത്രം തനിയെ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്.

നമ്മുടെ ഉള്ളിലെ പ്രതിസന്ധികളോട് നമ്മൾ പോരാടുന്നത് നിർത്തുമ്പോഴും ഇതേ മനോഹരമായ മാന്ത്രികതയാണ് സംഭവിക്കുന്നത്. നിങ്ങളുടെ സ്വന്തം തളർച്ചയെയും തകർന്ന കഷണങ്ങളെയും നോക്കി, “ഇന്നത്തേക്ക് മാത്രം ഞാനിതിനെ നന്നാക്കാൻ ശ്രമിക്കുന്നില്ല” എന്ന് തീരുമാനിക്കുമ്പോൾ അനുഭവപ്പെടുന്ന ഒരു വലിയ ഭാരക്കുറവുണ്ട്. ആ കഠിനമായ ദിവസത്തെ നിർബന്ധപൂർവ്വം ഒരു നല്ല ദിവസമാക്കി മാറ്റാൻ നമ്മൾ ശ്രമിക്കേണ്ടതില്ല. തളർന്നുപോയതിൽ നമ്മൾ ആരോടും മാപ്പ് പറയേണ്ടതുമില്ല, മറ്റുള്ളവരുടെ വേഗതയ്ക്കൊപ്പം ഓടാൻ കഴിയാത്തതിൽ കുറ്റബോധം തോന്നേണ്ടതുമില്ല.

പലപ്പോഴും നമ്മുടെ വളർച്ച സംഭവിക്കുന്നത് തികച്ചും നിശബ്ദമായിരിക്കുമ്പോഴാണ്. തണുപ്പുകാലത്തിന്റെ അവസാനത്തിലെ ഒരു കാടുപോലെയാണത്—പുറമെ നോക്കുമ്പോൾ ഇലകളെല്ലാം കൊഴിഞ്ഞ്, തികച്ചും ശാന്തമായി, ഒന്നും ഉൽപ്പാദിപ്പിക്കാത്തതുപോലെ തോന്നും. എന്നാൽ അതിനടിയിൽ, ആരും കാണാതെ, ഒരു വലിയ പുനർജനിക്കായി പ്രകൃതി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും.

നമ്മുടെ ചിന്തകളുടെ വഴിയിൽ നിന്ന് നമ്മൾ പതുക്കെ മാറിനിൽക്കുമ്പോൾ, നമ്മെത്തന്നെ വീണ്ടെടുക്കാൻ നമ്മൾ തനിയെ കഷ്ടപ്പെടേണ്ടതില്ലെന്ന് മനസ്സിലാകും. കടലിലെ തിരമാലകളെ നിയന്ത്രിക്കുകയും മണ്ണിലെ വിത്തുകളെ മുളപ്പിക്കുകയും ചെയ്യുന്ന അതേ സർവ്വശക്തൻ തന്നെയാണ്, നിങ്ങളുടെ നിശബ്ദമായ തണുപ്പുകാലങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തെയും ചേർത്തുപിടിക്കുന്നത്. നിങ്ങളുടെ സുഖപ്പെടൽ നിങ്ങളുടെ മാത്രം ശ്രമങ്ങളെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് തിരിച്ചറിയുന്നത് എത്ര വലിയ ആശ്വാസമാണ്! കുറച്ചുദൂരത്തേക്ക് എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് ആ യാത്രയിലെ ഒരു യാത്രികൻ മാത്രമാകാൻ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. നിങ്ങളെ സൃഷ്ടിച്ച ആ കൈകൾക്ക് നിങ്ങളെ എങ്ങനെ കൂട്ടിച്ചേർക്കണമെന്നും നന്നായി അറിയാം, ഒപ്പം ആ വെളിച്ചം നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് പതുക്കെ വഴിമാറി വരുന്നുണ്ടെന്ന ഉറപ്പിൽ നിങ്ങൾക്ക് വിശ്രമിക്കാം.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

കൂടിനുമപ്പുറമുള്ള ആകാശം

ജീവിതം ഒരു തടസ്സവുമില്ലാതെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം എന്ന് വിശ്വസിച്ച്, വളരെ മൃദുവായ ചെറിയ കൂടുകൾ നെയ്തെടുക്കാനാണ് നാം പലപ്പോഴും ശ്രമിക്കാറുള്ളത്. കാറ്റിനെ ഒഴിവാക്കാൻ നാം നമ്മുടെ ദിനചര്യകൾ ചിട്ടപ്പെടുത്തുന്നു, ഇളക്കങ്ങളില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചുകൊണ്ട് സൗകര്യങ്ങളും ശീലങ്ങളും നാം കൂട്ടിവെക്കുന്നു. എന്നാൽ ഒരു പക്ഷിയുടെ അസ്തിത്വം അതിന്റെ കൂടിന്റെ നിശബ്ദതയിലല്ല; മറിച്ച്, അതിന്റെ പറക്കലിന്റെ അനന്തമായ സ്വാതന്ത്ര്യത്തിലാണ്. വെറുതെ സുഖമായിരിക്കാൻ മാത്രമല്ല നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വിശാലമായ ആകാശത്തേക്ക് പറന്നുയരാനാണ്.

നമ്മുടെ ക്ഷമയെ പരീക്ഷിക്കുകയോ സമാധാനത്തെ ചെറുതായി തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ, അവരിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് നാം ആദ്യം ശ്രമിക്കുന്നത്. എന്നാൽ ഈ നിമിഷങ്ങൾ യഥാർത്ഥത്തിൽ മനോഹരമായി ഒളിപ്പിച്ചുവെച്ച ചില സമ്മാനങ്ങളാണ്. ഒരു തടസ്സമായി നിൽക്കുന്നതിന് പകരം, ആ വ്യക്തി നമ്മെ സ്വയം കാണിക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. നമ്മുടെ ഹൃദയത്തിൽ വെളിച്ചം വീഴേണ്ട, ഇരുണ്ടുകിടക്കുന്ന ചില കോണുകൾ അവർ നമുക്ക് കാണിച്ചുതരുന്നു. നിങ്ങളുടെ ഉള്ളിലെ പൂട്ടിയിട്ട ഒരു വാതിലിലേക്കുള്ള ചൂണ്ടുപലകയാണവർ; ആ വാതിൽ തുറക്കാനുള്ള സമയമായി എന്ന് അവർ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഭാരമേറിയ പ്രതിരോധങ്ങൾ താഴെ വെക്കാനും, കൂടുതൽ വിശാലവും ക്ഷമാശീലമുള്ളതുമായ ഒരു വ്യക്തിയായി മാറാനുമുള്ള മനോഹരമായ ഒരു അവസരമാണത്.

ഈ ലോകത്തിലൂടെ നന്നായി സഞ്ചരിക്കണമെന്ന ആഗ്രഹത്താൽ, നാം പലപ്പോഴും മറ്റുള്ളവർ വരച്ച ഭൂപടങ്ങളെയാണ് ആശ്രയിക്കുന്നത്. പോഡ്‌കാസ്റ്റുകളിൽ നിന്നുള്ള അറിവുകളും, തത്ത്വചിന്തകരുടെ ഉദ്ധരണികളും, ട്രെൻഡിങ്ങായ ആശയങ്ങളും വിലയേറിയ കല്ലുകൾ പോലെ നാം പോക്കറ്റിൽ കൊണ്ടുനടക്കുന്നു. എന്നാൽ, മറ്റൊരാളുടെ റാന്തൽവിളക്ക് ഇനി നിങ്ങൾ പിടിക്കേണ്ടതില്ല എന്ന് തിരിച്ചറിയുന്ന നിമിഷം അങ്ങേയറ്റം സ്വാതന്ത്ര്യം നൽകുന്ന ഒന്നാണ്. നിങ്ങളുടെ ആത്മാവിന് അതിന്റേതായ പ്രകാശമുണ്ട്. കടമെടുത്ത വാക്കുകളെല്ലാം താഴെ വെച്ച്, നിങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ എഴുതപ്പെടാത്ത കവിതയെ വിശ്വസിക്കുന്നതിൽ ഒരു ശാന്തമായ സന്തോഷമുണ്ട്. നിങ്ങളുടെ ഉള്ളിലെ ശബ്ദത്തെ വിശ്വസിക്കാൻ മാത്രം നിങ്ങൾ ജീവിച്ചുകഴിഞ്ഞു, പഠിച്ചുകഴിഞ്ഞു.

ചിലപ്പോൾ നമ്മൾ വളരെ സൂക്ഷ്മമായി തയ്യാറാക്കിയ പദ്ധതികളെയെല്ലാം ചിതറിച്ചുകൊണ്ട് കാറ്റ് ആഞ്ഞുവീശിയേക്കാം. ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കുന്നു, ചില ഉറപ്പുകൾ ഇല്ലാതാകുന്നു, നാം സഞ്ചരിച്ചിരുന്ന വഴി തികച്ചും അപ്രതീക്ഷിതമായ ഒരു ദിശയിലേക്ക് തിരിയുന്നു. ഇത് ഒരുതരം ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാമെങ്കിലും, ഇതൊരിക്കലും ഒരു നഷ്ടമല്ല, മറിച്ച് അതൊരു പുതിയ തുടക്കത്തിനുള്ള ഇടമൊരുക്കലാണ്. നിറഞ്ഞുനിൽക്കുന്ന ഒരു ക്യാൻവാസിൽ നിങ്ങൾക്ക് പുതിയൊരു മാസ്റ്റർപീസ് വരയ്ക്കാൻ കഴിയില്ല. പരിചിതമായ മണ്ണിൽ നിന്ന് നമ്മൾ മാറ്റിനിർത്തപ്പെടുമ്പോൾ, ജീവിതം നിങ്ങളുടെ അടുത്ത വളർച്ചയ്ക്കുള്ള ഇടം ഒരുക്കുകയാണ് ചെയ്യുന്നത്.

മാറ്റങ്ങളുടെ ഈ വിശാലതയിൽ വിശ്വാസത്തോടെ ഒന്ന് ദീർഘമായി ശ്വാസമെടുക്കൂ, ഭാരമില്ലാത്ത ഒരു സമാധാനം നിങ്ങൾക്ക് അവിടെ കണ്ടെത്താനാകും. പ്രപഞ്ചത്തെ നിയന്ത്രിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഒരിക്കലും നിങ്ങളെ ഏൽപ്പിച്ചിട്ടില്ല. നിങ്ങളുടെ പദ്ധതികളുടെ മതിലുകൾ പതുക്കെ തകർന്നുവീഴുമ്പോൾ, സർവ്വശക്തൻ അവിടെ പൂർണ്ണമായും വെളിച്ചം കടന്നുവരാൻ അനുവദിക്കുകയാണെന്ന് തിരിച്ചറിയുക. അതൊരു ശാന്തമായ കാരുണ്യമാണ്ന, മ്മുടെ തലയ്ക്ക് മുകളിൽ നാം തന്നെ പണിതുവെച്ച മേൽക്കൂരകളെ സ്നേഹത്തോടെ എടുത്തുമാറ്റുന്ന ദൈവികമായ കാരുണ്യം. നമ്മൾ എല്ലാം വിട്ടുകൊടുക്കുന്ന ആ നിമിഷം, സർവ്വശക്തന്റെ കരങ്ങളിൽ നാം പൂർണ്ണമായും സുരക്ഷിതരാണെന്ന വാഗ്ദാനമാണത്.

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.

മെക്സിക്കൻ മത്സ്യത്തൊഴിലാളിയുടെ കഥ: ഒരു പുനർവായന

ഇന്റർനെറ്റിൽ ഏറെ പ്രശസ്തമായ ഒന്നാണ് ഒരു മെക്സിക്കൻ മത്സ്യത്തൊഴിലാളിയുടെ ഈ കഥ. ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെയും ലക്ഷ്യങ്ങളെയും കുറിച്ച് വളരെ ആഴത്തിലുള്ള ഒരു സന്ദേശമാണ് ഇതിലുള്ളത്. വർഷങ്ങൾക്ക് മുൻപ് ഒരു ഓൺലൈൻ മാഗസിനിലാണ് ഞാനിത് ആദ്യമായി വായിക്കുന്നത്. അമിതമായ മോഹങ്ങളെ ഒന്ന് പിടിച്ചുനിർത്താനും, ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ഓർമ്മിപ്പിക്കാനും ഇടയ്ക്കിടെ ഈ വരികൾ എന്നെ സഹായിക്കാറുണ്ട്. നിങ്ങളുടെ സമയത്തിനും ഇത് വിലപ്പെട്ടതായിരിക്കുമെന്ന് ഞാൻ കരുതുന്നു.


ഒരു ചെറിയ മെക്സിക്കൻ തീരദേശ ഗ്രാമം. അവിടെ കടൽപ്പാലത്തിൽ നിൽക്കുകയായിരുന്നു അമേരിക്കാരനായ ഒരു ബിസിനസ്സുകാരൻ. അപ്പോഴാണ് ചെറിയൊരു വള്ളത്തിൽ ഒരു മത്സ്യത്തൊഴിലാളി തീരത്തേക്കടുത്തത്. ആ വള്ളത്തിൽ നല്ല വലിപ്പമുള്ള കുറച്ചു ട്യൂണ മത്സ്യങ്ങളുണ്ടായിരുന്നു. മീനുകളുടെ ഗുണനിലവാരം കണ്ട് അമേരിക്കക്കാരൻ അയാളെ അഭിനന്ദിച്ചു.

“ഇത്രയും മീനുകളെ പിടിക്കാൻ നിങ്ങൾക്ക് എത്ര സമയം വേണ്ടിവന്നു?” അമേരിക്കക്കാരൻ ചോദിച്ചു.

“വളരെ കുറച്ചു സമയം മതിയായിരുന്നു,” അയാൾ മറുപടി നൽകി.

“എങ്കിൽ കുറച്ചുകൂടി സമയം കടലിൽ ചെലവഴിച്ചാൽ നിങ്ങൾക്ക് ഇതിലും കൂടുതൽ മീനുകളെ പിടിക്കാമായിരുന്നില്ലേ?” അമേരിക്കക്കാരന് സംശയം.

“എന്റെ കുടുംബത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾക്ക് ഇത് ധാരാളമാണ്,” മത്സ്യത്തൊഴിലാളി വളരെ ശാന്തനായി പറഞ്ഞു.

“അല്ല, അപ്പോൾ നിങ്ങളുടെ ബാക്കി സമയം നിങ്ങളെന്ത് ചെയ്യും?” അയാൾ വീണ്ടും ചോദിച്ചു.

മത്സ്യത്തൊഴിലാളി പുഞ്ചിരിയോടെ പറഞ്ഞു: “ഞാൻ സുഖമായി ഉറങ്ങി കുറച്ചു വൈകി എഴുന്നേൽക്കും, അല്പനേരം മീൻ പിടിക്കാൻ പോകും, പിന്നെ എന്റെ കുട്ടികളോടൊപ്പം കളിക്കും. ഉച്ചയ്ക്ക് എന്റെ ഭാര്യ മരിയയോടൊപ്പം കുറച്ചുനേരം വിശ്രമിക്കും. വൈകുന്നേരങ്ങളിൽ ഗ്രാമത്തിലേക്ക് നടക്കാൻ പോകും, അവിടെ സുഹൃത്തുക്കൾക്കൊപ്പം ഒരു ചായയോ കാപ്പിയോ കുടിച്ച് ഗിറ്റാർ വായിച്ച് പാട്ടുപാടും. എന്റെ ജീവിതം വളരെ സന്തോഷം നിറഞ്ഞതും സമ്പൂർണ്ണവുമാണ് സാർ.”

ഇതുകേട്ട് അമേരിക്കക്കാരൻ പരിഹാസത്തോടെ പറഞ്ഞു: “ഞാൻ ഹാർവാർഡിൽ നിന്ന് എം.ബി.എ കഴിഞ്ഞയാളാണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾ മീൻ പിടിക്കാൻ കുറച്ചുകൂടി കൂടുതൽ സമയം കണ്ടെത്തണം. അതിൽ നിന്ന് കിട്ടുന്ന ലാഭം വെച്ച് നിങ്ങൾക്കൊരു വലിയ ബോട്ട് വാങ്ങാം. ആ വലിയ ബോട്ടിൽ നിന്നുള്ള ലാഭം കൊണ്ട് പിന്നീട് കുറച്ചുകൂടി ബോട്ടുകൾ വാങ്ങാം. അങ്ങനെ അവസാനം നിങ്ങൾക്ക് മീൻപിടുത്ത ബോട്ടുകളുടെ വലിയൊരു ശൃംഖല തന്നെ സ്വന്തമാകും!”

അയാൾ തുടർന്നു: “പിന്നെ ഇടനിലക്കാർക്ക് മീൻ വിൽക്കുന്നതിന് പകരം നിങ്ങൾക്ക് നേരിട്ട് കച്ചവടം ചെയ്യാം. സ്വന്തമായി ഒരു ഫാക്ടറി തുറക്കാം. ഉല്പാദനവും വിതരണവുമൊക്കെ പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലാകും. അപ്പോൾ ഈ ചെറിയ ഗ്രാമം വിട്ട് നിങ്ങൾക്ക് മെക്സിക്കോ സിറ്റിയിലേക്കും, പിന്നീട് ലോസ് ആഞ്ചൽസിലേക്കും, അവസാനം ന്യൂയോർക്കിലേക്കും താമസം മാറാം. അവിടെയിരുന്ന് നിങ്ങൾക്ക് ഈ വലിയ സാമ്രാജ്യം നിയന്ത്രിക്കാം.”

മത്സ്യത്തൊഴിലാളി ചോദിച്ചു: “പക്ഷേ സാർ, ഇതിനെല്ലാം കൂടി എത്ര വർഷമെടുക്കും?”

അമേരിക്കക്കാരൻ മറുപടി നൽകി: “ഏകദേശം പതിനഞ്ചോ ഇരുപതോ വർഷം.”

“അതുകഴിഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും സാർ?”

അമേരിക്കക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതാണ് ഇതിലെ ഏറ്റവും രസകരമായ ഭാഗം. സമയം പാകമാകുമ്പോൾ നിങ്ങളുടെ കമ്പനിയുടെ ഓഹരികൾ പബ്ലിക് ആയി വിൽക്കാം . അങ്ങനെ ഒറ്റയടിക്ക് നിങ്ങൾ കോടീശ്വരനാകും, മില്യണുകൾ നിങ്ങൾ സമ്പാദിക്കും!”

“മില്യണുകളോ? എന്നിട്ട് ഞാൻ എന്ത് ചെയ്യും?” മത്സ്യത്തൊഴിലാളി വീണ്ടും ചോദിച്ചു.

അമേരിക്കക്കാരൻ സാവധാനം പറഞ്ഞു: “എന്നിട്ട് നിങ്ങൾക്ക് ആഗ്രഹിക്കുമ്പോൾ ജോലിയിൽ നിന്ന് വിരമിക്കാം. താമസം ഒരു ചെറിയ തീരദേശ ഗ്രാമത്തിലേക്ക് മാറ്റാം. അവിടെ നിങ്ങൾക്ക് സുഖമായി ഉറങ്ങി വൈകി എഴുന്നേൽക്കാം, അല്പനേരം മീൻ പിടിക്കാൻ പോകാം, കുട്ടികളോടൊപ്പം കളിക്കാം, ഉച്ചയ്ക്ക് ഭാര്യയോടൊപ്പം വിശ്രമിക്കാം, വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ചായയോ കാപ്പിയോ കുടിച്ച് ഗിറ്റാർ വായിച്ച് പാട്ടുപാടാം…”


ഈ കൊച്ചുകഥ നൽകുന്ന പാഠങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഭാവിയെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടുന്നതിന് പകരം, വർത്തമാനകാലത്തിൽ ജീവിക്കാനും, നമുക്കുള്ളതിൽ സംതൃപ്തി കണ്ടെത്താനുമുള്ള വലിയൊരു സന്ദേശമാണ് ഇത് നൽകുന്നത്.

നമ്മുടെ മോഹങ്ങളെ അതിരുകളില്ലാതെ വളരാൻ അനുവദിക്കാതെ, യഥാർത്ഥത്തിൽ എന്താണ് നമ്മുടെ ലക്ഷ്യമെന്ന് തിരിച്ചറിയാൻ ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക. എല്ലാവരും എന്തിനോ വേണ്ടി ഓടുന്നു എന്നതുകൊണ്ട് മാത്രം, എങ്ങോട്ടാണെന്നറിയാതെ ആ ആൾക്കൂട്ടത്തിന് പിന്നാലെ ഓടാതിരിക്കുക. ശാന്തമായ ഒരു മനസ്സോടെ, നമ്മുടെ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് തിരിച്ചറിയുക.

സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ!

ഓരോ നിമിഷത്തിന്റെയും ആഴങ്ങളിൽ

“മുന്നോട്ട് പോവുക, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. ഒരിക്കലും നിൽക്കരുത്, നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞുവെന്ന് കരുതരുത്. കഴിയുന്നത്ര തീവ്രതയോടെ ഈ ജീവിതത്തെ ജീവിക്കാൻ ശ്രമിക്കുക. എന്നാൽ, ഇതിനെല്ലാമൊടുവിൽ ഒരു ഉത്തരമുണ്ടെന്ന് മനസ്സിലാക്കുക. ‘ഞാൻ ആരാണ്’ എന്ന നിങ്ങളുടെ എക്കാലത്തെയും വലിയ ചോദ്യത്തിനുള്ള ഉത്തരമാണത്.” — പോളോ കൊയ്‌ലോ (ഒരു അഭിമുഖത്തിൽ പറഞ്ഞത്)

(എന്റെ മകന് രണ്ട് വയസ്സുള്ളപ്പോൾ വരച്ച ഒരു ചിത്രമാണ് മുകളിലുള്ളത്. അവന്റെ സ്വതന്ത്രമായ സങ്കൽപ്പങ്ങളിൽ നിന്ന് പിറന്ന ഒരു അബ്സ്ട്രാക്റ്റ് (Abstract) ചിത്രം. ആ നിറങ്ങളുടെ മനോഹരമായ നൃത്തം നമ്മോട് പറയുന്നത്, നമ്മൾ കാണുന്ന ഈ യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള മറ്റൊരു ലോകത്തെക്കുറിച്ചാണ്. പരിധികളില്ലാത്ത സാധ്യതകളിലൂടെ അലഞ്ഞുതിരിയാൻ മനസ്സിന് സ്വാതന്ത്ര്യമുള്ള ഒരു ലോകം.)


ദിനംപ്രതി വേഗത കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ ജീവിതപ്പാച്ചിലിൽ, അവസാനമില്ലാത്ത ഒരുപാട് ജോലികൾക്കും കടമകൾക്കും ഇടയിൽ നമ്മൾ നമ്മെത്തന്നെ മറന്നുപോകുന്നു. ഒരു ദിവസം അവസാനിക്കുകയും, പിറ്റേന്ന് വീണ്ടും ആ ചക്രം കറങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് തന്നെയാണ് നമ്മുടെയെല്ലാം ജീവിതരീതി — എല്ലാം ചെയ്തുതീർക്കാനുള്ള അവസാനമില്ലാത്ത നെട്ടോട്ടങ്ങൾ.

എങ്കിലും, കടന്നുപോകുന്ന ഓരോ നിമിഷവും വർത്തമാനകാലത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നമ്മെ ക്ഷണിക്കുന്നുണ്ട്. ഓരോ നിമിഷങ്ങളെയും അതിന്റെ പൂർണ്ണതയിൽ നെഞ്ചോട് ചേർക്കുക എന്നതാണ് അതിലെ ഏറ്റവും മനോഹരമായ വെല്ലുവിളി. ഇതിനായി ആദ്യം നാം ചെയ്യേണ്ടത്, കടന്നുപോകുന്ന ഈ നിമിഷങ്ങളിലേക്ക് ഉണരുക എന്നതാണ്. നമ്മുടെ മനസ്സ് എപ്പോഴും ചിന്തകളുടെ ഒരു മാളികയിൽ അലഞ്ഞുതിരിയുമ്പോൾ, ചുറ്റും കേൾക്കുന്ന പക്ഷികളുടെ മനോഹരമായ പാട്ട് നാം കേൾക്കാതെ പോകുന്നു. നമ്മൾ പലപ്പോഴും ജീവിതത്തെ തന്നെയാണ് മറന്നുപോകുന്നത്; എങ്കിലും, ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് നമുക്ക് എപ്പോൾ വേണമെങ്കിലും ഉണരാനാകും.

നമുക്ക് കുറച്ചുകൂടി ഉള്ളിലേക്ക് സഞ്ചരിക്കാം: ഈ നിമിഷത്തിന്റെ ഓരോ സൂക്ഷ്മമായ വശങ്ങളിലേക്കും നമ്മുടെ കൗതുകത്തെ തിരിച്ചുവിടാം. ഇതുവരെ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോയ എന്തൊക്കെ പുതിയ കാര്യങ്ങളാണ് ഇവിടെയുള്ളത്? ഈ നിമിഷത്തിലേക്ക് നാം കുറച്ചുകൂടി കാതുകൂർപ്പിച്ചാൽ, എന്തൊക്കെ വലിയ തിരിച്ചറിവുകളാകും നമ്മെ കാത്തിരിക്കുന്നത്? എപ്പോഴും നാം കണ്ടില്ലെന്ന് നടിക്കുന്ന എത്രയെത്ര ചെറിയ കാര്യങ്ങളായിരിക്കും നമുക്ക് കണ്ടെത്താൻ കഴിയുക?

നമുക്കിനിയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം: ഓരോ നിമിഷങ്ങളിലും അത്ഭുതങ്ങൾ കണ്ടെത്താം. നമ്മുടെ അനുഭവങ്ങളുടെ ഓരോ ഏറ്റക്കുറച്ചിലുകളെയും അത്ഭുതത്തിന്റെയും വിസ്മയത്തിന്റെയും വലിയ കൃതജ്ഞതയുടെയും ഉറവിടമായി നമുക്ക് മാറ്റാം.

ഇനിയും ഉള്ളിലേക്ക് പോയാലോ: നമ്മുടെ വികാരങ്ങളിലേക്ക് നമുക്ക് ഉണരാം. ഒഴുക്കുള്ള ഒരു നദിപോലെ അനുഭവങ്ങളെ ഒഴുകാൻ അനുവദിക്കാതെ, അവയിൽ നിന്ന് ഒളിച്ചോടാനും അവയെ തടഞ്ഞുനിർത്താനും നാം എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് നോക്കുക. ഈ വികാരങ്ങളെ കൗതുകത്തോടെയും ആർദ്രതയോടെയും നമുക്ക് സമീപിക്കാം.

കുറച്ചുകൂടി ആഴങ്ങളിലേക്ക്: വർത്തമാനകാലത്തിന്റെ അനുഭവങ്ങളെയും അത് നമ്മിലുണർത്തുന്ന വികാരങ്ങളെയും, നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നമുക്ക് അനുവദിക്കാം. സങ്കടങ്ങളോ നിരാശയോ വരുമ്പോൾ, അത് നമ്മുടെ ഉള്ളിന്റെ ഉള്ളിലെ യഥാർത്ഥ സ്വത്വത്തിലേക്കുള്ള ഒരു പാലമായി മാറാൻ നാം അനുവദിക്കാറുണ്ടോ? നമ്മുടെ ഹൃദയത്തിന്റെ അനന്തമായ കാരുണ്യത്തിലേക്കും അവബോധത്തിലേക്കും സ്വയം അലിഞ്ഞുചേരാൻ നമുക്ക് കഴിയുമോ?

ഏറ്റവും ആഴങ്ങളിലേക്ക് ഇറങ്ങുമ്പോൾ: കടന്നുപോകുന്ന ഓരോ നിമിഷങ്ങളുടെയും ക്ഷണികമായ സ്വഭാവത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നു. ഈ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണെന്നും, നമ്മുടെ അനുഭവങ്ങളെല്ലാം ആ മാറ്റങ്ങളുടെ നദിയിലെ വെറും പ്രതിഭാസങ്ങൾ മാത്രമാണെന്നും നാം തിരിച്ചറിയുന്നു. ജീവിതത്തിന്റെ ഈ ക്ഷണികതയെ നാം ഉൾക്കൊള്ളുമ്പോൾ, ഇവിടെ മുറുകെ പിടിക്കാൻ ഒന്നുമില്ലെന്നും, ഇല്ലാത്ത ഒന്നിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മുടെ ദുഃഖങ്ങൾ ഉണ്ടാകുന്നതെന്നും നാം മനസ്സിലാക്കുന്നു.

ഈ തിരിച്ചറിവിലൂടെ, വർത്തമാനകാലത്തിന്റെ പവിത്രത നമ്മൾ കണ്ടെത്തുന്നു. നമ്മുടെ അനുഭവങ്ങളിലുള്ള സ്നേഹവും അത്ഭുതവും നമ്മൾ തൊട്ടറിയുന്നു. ജീവനും ബോധവും എത്ര വലിയൊരു സമ്മാനമാണെന്ന് നാം മനസ്സിലാക്കുന്നു.

ഓരോ നിമിഷത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഈ യാത്രയെ എങ്ങനെയാണ് നമുക്ക് നെഞ്ചോട് ചേർക്കാൻ കഴിയുക? ജീവിതത്തെ മാറ്റിമറിക്കുന്ന ഈ അന്വേഷണം തുടരാൻ നമ്മെത്തന്നെ നമുക്ക് എങ്ങനെ ഓർമ്മപ്പെടുത്താം?

ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.