ഇന്റർനെറ്റിലെ വാക്കുകളുടെ വലിയ ലോകത്ത്, അതെഴുതിയ ആളാരെന്ന് മറന്നുപോയ ഒരു മനോഹരമായ വാചകമുണ്ട്:
“നിങ്ങളുടെ ചർമ്മത്തിൽ തൊടുന്ന ഓരോ മഴത്തുള്ളിയും നിങ്ങളെ തേടി മൈലുകൾ താണ്ടിയാണ് വന്നതെങ്കിൽ, നിങ്ങളുടെ പേരിലെഴുതപ്പെട്ടതെല്ലാം അതുപോലെ നിങ്ങളെ തേടിയെത്തും.”
അടുത്തകാലത്ത് ഞാൻ ഈ വരികൾ വായിക്കാനിടയായി; കേൾക്കാൻ വല്ലാത്തൊരു ഭംഗിയുള്ളതുകൊണ്ട് മാത്രം ഓർക്കപ്പെടുന്ന പല വാചകങ്ങളെയും പോലെ ഒന്നാണ് ഇതും എന്നാണ് ആദ്യം എനിക്ക് തോന്നിയത്.
പിന്നീട് ഞാൻ ആ മഴയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഒരു അലങ്കാരമായിട്ടല്ല, യഥാർത്ഥ മഴയെക്കുറിച്ച് തന്നെ. വളരെ സാധാരണമായ ഒരു ഉച്ചതിരിഞ്ഞ നേരത്ത്, നിങ്ങളുടെ കൈപ്പത്തിയിൽ വീഴുന്ന ഒരു മഴത്തുള്ളി, ഒരുപക്ഷേ നിങ്ങൾ ഇന്നേവരെ കണ്ടിട്ടുപോലുമില്ലാത്ത എവിടെയോ ഉടലെടുത്ത ഒന്നാകാം.
ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള ഏതോ മഹാസമുദ്രത്തിന്റെ ഭാഗമായിരുന്നിരിക്കാം അത്. സൂര്യപ്രകാശം അതിനെ അദൃശ്യമായി അന്തരീക്ഷത്തിലേക്ക് ഉയർത്തിക്കൊണ്ടുപോയിട്ടുണ്ടാകാം. നമ്മുടെ ഭൂപടങ്ങളിൽ മാത്രമുള്ള അതിർത്തികളും രാജ്യങ്ങളും കടന്ന് കാറ്റ് അതിനെ എങ്ങോട്ടോ കൊണ്ടുപോയിട്ടുണ്ടാകാം.
കാലാവസ്ഥകൾ മാറിമറിഞ്ഞു. നാം ശ്രദ്ധിക്കാത്തത്ര ചെറിയ പൊടിപടലങ്ങൾക്ക് ചുറ്റും നീരാവി ഒന്നിച്ചുകൂടി. അതൊരു മേഘമായി രൂപപ്പെട്ടു.
ആ മേഘം ദൂരങ്ങൾ താണ്ടി. ഒടുവിൽ, ഈ ഭൂമിയിൽ പെയ്തിറങ്ങാൻ സാധ്യതയുണ്ടായിരുന്ന ദശലക്ഷക്കണക്കിന് ഇടങ്ങളിൽ നിന്ന്, നിങ്ങൾ നിൽക്കുന്ന അതേ ഇടത്തേക്ക് തന്നെ ആ തുള്ളി പെയ്തിറങ്ങി.
തീർച്ചയായും, നിങ്ങൾ അവിടെയുണ്ടെന്ന് ആ മഴയ്ക്ക് അറിയുമായിരുന്നില്ല. നിങ്ങളുടെ പേരും ഉള്ളിലെഴുതിവച്ചല്ല അതത്രയും വൻകരകൾ കടന്നുവന്നത്. ഭൗതികശാസ്ത്രമാണ് അതിനെ അവിടെയെത്തിച്ചത്.
ഭൂഗുരുത്വബലമാണ് ആ യാത്ര പൂർത്തിയാക്കിയത്. എങ്കിലും, നാം അറിയുകപോലും ചെയ്യാതെ ഇത്രയും വലിയ യാത്രകൾ ഈ പ്രപഞ്ചം നമുക്കായി ഒരുക്കുന്നു എന്നത് ഉള്ളിൽ തൊടുന്ന ഒരു അത്ഭുതമാണ്. നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒട്ടേറെ പ്രക്രിയകളുടെ അവസാനത്തെ കണ്ണിയായാണ് നമ്മൾ എപ്പോഴും ജീവിക്കുന്നത്.
ജീവിതത്തിലും ഇങ്ങനെയെത്ര കാര്യങ്ങളുണ്ടെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.
നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഏറ്റവും പ്രധാനപ്പെട്ട പല കാര്യങ്ങളും, നമ്മളത് ശ്രദ്ധിച്ചുതുടങ്ങുന്ന നിമിഷത്തിലല്ല ആരംഭിക്കുന്നത്. നമ്മൾ ഒരാളെ കണ്ടുമുട്ടുമ്പോൾ, ‘ഞാനിന്ന് ഒരാളെ പരിചയപ്പെട്ടു‘ എന്ന് പറയും. പക്ഷേ അത് സത്യമല്ല.
ആ കൂടിക്കാഴ്ചയിലേക്കുള്ള വഴി ഒരുപക്ഷേ പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയിട്ടുണ്ടാകാം. രണ്ട് കുടുംബങ്ങൾ വ്യത്യസ്ത നഗരങ്ങളിൽ ജീവിച്ചിരുന്നു. ഒരാൾ പുതിയൊരു ജോലി ഏറ്റെടുക്കുന്നു.
മറ്റൊരാൾക്ക് ഒരു ട്രെയിൻ നഷ്ടപ്പെടുന്നു. മറ്റൊരാൾക്ക് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കുന്നു. വിസ ശരിയാകുന്നു.
മറ്റേതെങ്കിലുമോ തെരുവിലല്ലാതെ കൃത്യമായി ആ തെരുവിൽ തന്നെ അവർ വീട് വാടകയ്ക്കെടുക്കുന്നു. അടുത്ത വർഷത്തിന് പകരം കൃത്യമായി ആ വർഷം തന്നെ ആ കുഞ്ഞ് ജനിക്കുന്നു. അങ്ങനെ ആയിരക്കണക്കിന് തീരുമാനങ്ങളും, അപകടങ്ങളും, വൈകിവരലുകളും, പലായനങ്ങളും ചേർന്ന് രണ്ട് മനുഷ്യരെ ഒരേ സമയത്ത് ഒരിടത്തേക്ക് എത്തിക്കുന്നു.
എന്നിട്ട് ഒരു ഉച്ചതിരിഞ്ഞ നേരത്ത് അവർ പരസ്പരം പരിചയപ്പെടുന്നു. “കണ്ടതിൽ സന്തോഷം.” എല്ലാം അവിടെയാണ് തുടങ്ങിയതെന്ന മട്ടിൽ. ഒരുപക്ഷേ നാം തുടങ്ങുന്നു എന്ന് വിചാരിക്കുന്നിടത്തല്ല മിക്ക കാര്യങ്ങളും തുടങ്ങുന്നത്.
നാം കാണുന്ന ആ നിമിഷം, അതിനേക്കാൾ നീളമുള്ള ഒരു വലിയ കഥയുടെ കാണാൻ കഴിയുന്ന അവസാന ഭാഗം മാത്രമാണ്.
മണ്ണുപിളർന്ന് പുറത്തുവരുന്ന ഒരു വിത്തിനെ നാം ചെടിയുടെ തുടക്കമെന്ന് വിളിക്കുന്നു; എന്നാൽ മാസങ്ങളായി മണ്ണിനടിയിൽ ആരും കാണാതെ നടന്ന വലിയൊരു പ്രയത്നം അതിന് പിന്നിലുണ്ട്. ഒരു കുഞ്ഞ് ആദ്യമായി സംസാരിക്കുമ്പോൾ അതൊരു പുതിയ കഴിവായി നാം കാണുന്നു; എന്നാൽ ആ വാക്കുകളിലേക്ക് എത്തുന്നതിന് മുൻപ് അവൻ കേട്ട ശബ്ദങ്ങളും, കണ്ട മുഖങ്ങളും, പരാജയപ്പെട്ട ശ്രമങ്ങളും നാം മറന്നുപോകുന്നു. ഒരു അവസരം മുന്നിൽ വരുമ്പോൾ നമ്മൾ നമ്മെ ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നു; എന്നാൽ അതിനെ തിരിച്ചറിയാൻ പാകത്തിൽ വർഷങ്ങളായുള്ള പഠനങ്ങളും, തെറ്റുകളും, സംസാരങ്ങളും, ചെറിയ തീരുമാനങ്ങളും നമ്മെ പരുവപ്പെടുത്തുന്നുണ്ടായിരുന്നു.
നമ്മൾ ലക്ഷ്യസ്ഥാനം മാത്രമേ കാണുന്നുള്ളൂ. പ്രകൃതിയാണ് ആ യാത്രയെ ഉൾക്കൊള്ളുന്നത്.
നാം സമയത്തെ കാണുന്ന രീതിയിൽ തന്നെ മനുഷ്യന്റേതായ ഒരു വലിയ അഹങ്കാരം ഒളിഞ്ഞുകിടപ്പുണ്ട്. നമ്മുടെ മുന്നിൽ യാതൊന്നും സംഭവിക്കുന്നില്ലെങ്കിൽ, ഈ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല എന്ന് നാം ചിന്തിക്കുന്നു. ഒരു ഉത്തരം വന്നില്ലെങ്കിൽ, അതിനുത്തരമില്ല എന്ന് നമ്മൾ കരുതുന്നു.
നമ്മുടെ ജീവിതത്തിൽ മാറ്റങ്ങളില്ലെങ്കിൽ, യാതൊന്നും മാറുന്നില്ല എന്ന് നമ്മൾ ചിന്തിക്കുന്നു. നാം കൊതിച്ച ഒന്ന് നമുക്ക് മുന്നിലെത്തിയില്ലെങ്കിൽ, പ്രപഞ്ചം നിശ്ചലമായി നിൽക്കുകയാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ മഴയ്ക്ക് മുൻപുള്ള ചക്രവാളത്തിലേക്ക് ഒന്ന് നോക്കൂ.
ഭൂമിക്ക് അതൊന്നും അറിയുന്നുണ്ടാകില്ല. കുട്ടികൾ കളിക്കുന്നു. കാറുകൾ ഓടുന്നു.
ബാൽക്കണിയിൽ അലക്കിയ തുണികൾ ഉണങ്ങാനിട്ടിരിക്കുന്നു. മരങ്ങൾ പതിവ് വെയിലിൽ നിൽക്കുന്നു. എന്നാൽ നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറം, ഈർപ്പം ഒന്നിച്ചുകൂടുന്നുണ്ട്.
നിങ്ങൾ നിൽക്കുന്നിടത്ത് നിന്ന് അതൊന്നും കാണാൻ കഴിയില്ല. എങ്കിലും, എന്തോ ഒന്ന് വരുന്നുണ്ട്. അന്ധവിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വലിയൊരു പാഠം അതിലുണ്ട്.
നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതെല്ലാം നിങ്ങൾ ഇപ്പോൾ നിൽക്കുന്നിടത്ത് നിന്ന് നോക്കിയാൽ കാണാൻ കഴിയില്ല എന്നത്.
എന്നാൽ ‘നിയോഗം‘ (destined) എന്ന വാക്കിനെ പരിശോധിക്കുമ്പോൾ ആ വരികൾ കൂടുതൽ കൗതുകമുള്ളതായി മാറുന്നു. തെറ്റായി മനസ്സിലാക്കിയാൽ വളരെ അപകടം പിടിച്ച ഒരു വാക്കാണത്. നാം കൊതിക്കുന്നതെല്ലാം ഒടുവിൽ നമ്മെ തേടിയെത്തുമെന്ന ഒരു വലിയ വാഗ്ദാനമായാണ് നമ്മൾ പലപ്പോഴും ആ വാക്കിനെ കാണുന്നത്.
ശരിയായ വ്യക്തി. ശരിയായ ജോലി. ആഗ്രഹിച്ച വീട്.
അംഗീകാരങ്ങൾ. വിജയങ്ങൾ. നാം ആഗ്രഹിക്കുന്ന ഭാവിയെ നമുക്ക് നൽകാനായി ഈ പ്രപഞ്ചം നമ്മളുമായി ഒരു കരാറിലേർപ്പെട്ടിട്ടുള്ളത് പോലെയാണത്.
പ്രകൃതി അങ്ങനെയൊരു വാഗ്ദാനവും ആർക്കും നൽകുന്നില്ല. മഴ അസാമാന്യമായ ദൂരങ്ങൾ താണ്ടി വന്ന് ചിലപ്പോൾ കടലിൽ പെയ്തൊഴിയാറുണ്ട്. കാറ്റിൽ പറക്കുന്ന വിത്തുകൾ കല്ലുകളിൽ വീണെന്നിരിക്കും.
നദികൾ ഗതിമാറിയൊഴുകും. മരച്ചില്ലകൾ ഒടിഞ്ഞുവീഴും. വലിയ ദൂരങ്ങൾ താണ്ടി ദേശാടനം ചെയ്യുന്ന മൃഗങ്ങൾ പെട്ടെന്നൊരു കൊടുങ്കാറ്റിൽ പെട്ടേക്കാം.
നമ്മുടെ ആഗ്രഹങ്ങൾക്ക് ചുറ്റുമല്ല അത് ക്രമീകരിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെയാണ് പ്രകൃതി ഇത്രമേൽ ഗംഭീരമായിരിക്കുന്നത്. അതുകൊണ്ട്, “നിങ്ങളുടെ പേരിലെഴുതപ്പെട്ടവ” എന്ന് വായിക്കുമ്പോൾ, നാം ആഗ്രഹിക്കുന്നതെല്ലാം രഹസ്യമായി നമ്മെത്തേടി വരുന്നുണ്ടെന്ന വലിയൊരു ഉറപ്പായി എനിക്കത് തോന്നാറില്ല. അതിനേക്കാൾ അസ്വസ്ഥജനകമായ മറ്റെന്തോ ആണ് ഞാൻ കേൾക്കുന്നത്.
നാം പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും ചില കാര്യങ്ങൾ നമ്മെ തേടിയെത്തും. അതിൽ ചിലത് നമ്മെ പൂർണ്ണമായും മാറ്റിമറിക്കും.
ഇപ്പോൾ നിങ്ങളുടെ ഓർമ്മകളുടെ ഏറ്റവും ആഴമുള്ള മുറികളിൽ താമസിക്കുന്ന മനുഷ്യരെക്കുറിച്ച് ചിന്തിക്കുക. നിങ്ങളവരെ ഒട്ടും അറിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരാൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞാൽ, അങ്ങനെ വിശ്വസിക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരിക്കും.
ഇന്ന് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ആൾ, നിങ്ങൾ ഈ ഭൂമിയിലുണ്ടെന്ന് പോലുമറിയാതെ ലോകത്തിന്റെ ഏതൊക്കെയോ കോണിലൂടെ നടന്നിരുന്ന വെറുമൊരു അപരിചിതനായിരുന്നു. നിങ്ങൾ സ്നേഹിക്കുന്ന ആൾ ഒരുകാലത്ത് ഉണർന്നിരുന്ന പ്രഭാതങ്ങളിൽ നിങ്ങളുടെ പേരിന് യാതൊരു അർത്ഥവും ഉണ്ടായിരുന്നില്ല. നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് നിങ്ങളുടെ കുഞ്ഞ്, അടുത്ത മുറിയിൽ നിന്ന് ചിരിച്ചാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരാളായിരുന്നില്ല.
ഇന്നവരുടെ അസാന്നിധ്യം നിങ്ങളുടെ ലോകത്തെ മുഴുവൻ മാറ്റിമറിക്കാൻ പോന്നത്ര പ്രധാനപ്പെട്ട ചിലരുണ്ട്; എന്നാൽ നിങ്ങളുടെ യാതൊരു അറിവുമില്ലാതെ എത്രയോ വർഷങ്ങൾ അവർ ഈ ഭൂമിയിൽ ജീവിച്ചിരുന്നു. നാം വിചാരിക്കുന്നതിനേക്കാൾ വലിയ അത്ഭുതമാണ് ഈ ജീവിച്ചിരിക്കൽ എന്ന് തിരിച്ചറിയാൻ അത് മാത്രം മതിയാകും. നമുക്ക് പ്രിയപ്പെട്ടവരെല്ലാം എക്കാലവും നമുക്കൊപ്പമുണ്ടായിരുന്നു എന്ന രീതിയിലാണ് നാം അവരോട് പെരുമാറുന്നത്.
എന്നാൽ നമ്മൾ സ്നേഹിക്കുന്ന ഓരോരുത്തരും നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നതിന് മുൻപ് പരസ്പരം അറിയാത്ത വലിയൊരു ഇരുണ്ട കാലം താണ്ടിയാണ് വന്നത്. ഒരുനാൾ നിങ്ങളൊരാളെ അറിയുന്നതേയില്ല. കുറച്ചുകാലം കഴിഞ്ഞാൽ അവരില്ലാത്തൊരു ജീവിതം നിങ്ങൾക്ക് ചിന്തിക്കാൻ പോലുമാകില്ല.
ഇത്ര വലിയൊരു വിസ്മയവുമായി മനുഷ്യന്റെ മനസ്സ് എങ്ങനെയാണ് ഇത്ര വേഗം പൊരുത്തപ്പെടുന്നത്?
ഇതിന്റെ മറുവശവും സത്യമാണ്. എക്കാലവും കൂടെയുണ്ടാകുമെന്ന് നമ്മൾ വിശ്വസിച്ച പല മനുഷ്യരും നമ്മുടെ ജീവിതത്തിൽ അവർ ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി ഇതിനോടകം തന്നെ കടന്നുപോയിട്ടുണ്ടാകാം. അവർ വന്നു.
അവരെന്തോ മാറ്റിമറിച്ചു. അവർ തിരികെ പോയി. ഒരാൾ നമ്മെ വിട്ടുപോകുമ്പോൾ, ആ ബന്ധം എവിടെയോ തെറ്റായിരുന്നു എന്നതിന്റെ തെളിവായി നമ്മൾ പലപ്പോഴും അതിനെ കാണാറുണ്ട്.
പക്ഷേ പ്രകൃതി എന്തിന്റെയും പ്രാധാന്യം അളക്കുന്നത് അത് എത്ര കാലം കൂടെയുണ്ടായിരുന്നു എന്ന് നോക്കിയല്ല. മഴ ഭൂമിയെ തൊടുന്നത് ചില നിമിഷങ്ങൾ മാത്രമാണ്. ഒരു ഋതു മാസങ്ങൾ നീണ്ടുനിൽക്കും.
ഒരു മരം നൂറ്റാണ്ടുകളോളം അവിടെത്തന്നെ നിന്നേക്കാം. എന്നാൽ ഈ മൂന്നിനും ഒരു ഭൂപ്രകൃതിയെ മുഴുവൻ മാറ്റിമറിക്കാൻ കഴിയും. ഒന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് തെളിയിക്കാൻ, അത് എക്കാലവും നമ്മോടൊപ്പം ഉണ്ടാകണമെന്നില്ല.
ചില കാര്യങ്ങൾ നമ്മുടെ കൂടെ നിൽക്കാൻ വരുന്നു. മറ്റ് ചിലത് നമ്മെ മറ്റൊരു ദിശയിലേക്ക് ചെറുതായി തിരിച്ചുവിടാനായി വരുന്നു. ഒരു കൊച്ചു സംഭാഷണത്തിന് അത് കഴിയും.
ഒരു അധ്യാപകന് അത് കഴിയും. ഒരു പുസ്തകത്തിന് അത് കഴിയും. ഒരു പരാജയത്തിന് അത് കഴിയും.
ഒറ്റത്തവണ മാത്രം കണ്ട അപരിചിതനായ ഒരാൾ പറയുന്ന ഒരു വാചകം മുപ്പതുവർഷത്തോളം നിങ്ങളുടെ ഉള്ളിൽ കിടന്നേക്കാം. ആ സംഭവം ഒരുപക്ഷേ ഒരു മിനിറ്റ് പോലും നീണ്ടുനിന്നിട്ടുണ്ടാകില്ല. എന്നാൽ അതിന്റെ അലയൊലികൾ വലിയ ദൂരങ്ങൾ താണ്ടും.
ഇവിടെയാണ് മഴ കുറച്ചുകൂടി മനോഹരമായൊരു കാഴ്ചയായി മാറുന്നത്. കാരണം നിങ്ങളെ തൊട്ടതുകൊണ്ട് മാത്രം ഒരു മഴത്തുള്ളി ഇല്ലാതാകുന്നില്ല. അത് തുടരുകയാണ്.
അത് നിങ്ങളുടെ ചർമ്മത്തിലൂടെ ഒഴുകുന്നു. താഴെ തറയിലേക്ക് വീഴുന്നു. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു.
ഒരു വേരിന് ദാഹം തീർക്കുന്നു. ഒരു ചെടിയിലൂടെ ഒഴുകുന്നു. വീണ്ടും ബാഷ്പീകരിച്ച് മുകളിലേക്ക് പോകുന്നു.
നാം ഒന്നിന്റെ ലക്ഷ്യസ്ഥാനമെന്ന് വിളിക്കുന്നത്, പലപ്പോഴും അതിനേക്കാൾ വലിയൊരു ചലനത്തിന്റെ വെറുമൊരു ഭാഗം മാത്രമായിരിക്കും. ഒരുപക്ഷേ നാമും അതുപോലെ തന്നെയാണ്. നമുക്ക് എവിടെനിന്നൊക്കെയോ ലഭിച്ച പലതിനെയും ചുമന്നുകൊണ്ടാണ് നാം പരസ്പരം ജീവിതങ്ങളിലേക്ക് കടന്നുചെല്ലുന്നത്.
കുട്ടിക്കാലത്ത് കേട്ട് പഠിച്ച ഒരു പാട്ട് ഒരമ്മ തന്റെ കുഞ്ഞിനെ പാടിക്കേൾപ്പിക്കുന്നു; വളരുമ്പോൾ ആ കുഞ്ഞ് എവിടെനിന്നാണ് തനിക്കിത് കിട്ടിയതെന്നറിയാതെ ആ പാട്ട് മറ്റാർക്കോ പാടിക്കൊടുക്കും. ഒരച്ഛൻ പ്രത്യേക രീതിയിൽ ഭക്ഷണം ഉണ്ടാക്കുന്നത്, പണ്ടെങ്ങോ അദ്ദേഹത്തിന്റെ അച്ഛൻ അങ്ങനെ ഉണ്ടാക്കിയിരുന്നതുകൊണ്ടാണ്. ഒരിക്കൽ ആരോ ഒരാൾ തന്നെ ആശ്വസിപ്പിക്കാൻ ഉപയോഗിച്ച അതേ വാക്കുകൾ കൊണ്ടാകും മറ്റൊരാൾ നിങ്ങളെ ആശ്വസിപ്പിക്കുന്നത്.
ഒരു അധ്യാപിക തന്റെ വിദ്യാർത്ഥിക്ക് വലിയൊരു ആത്മവിശ്വാസം നൽകുന്നത്, പതിറ്റാണ്ടുകൾക്ക് മുൻപ് മറ്റൊരു അധ്യാപിക അവർക്കത് നൽകിയതുകൊണ്ടാണ്. കാരുണ്യം ദൂരങ്ങൾ താണ്ടുന്നു. ഭയവും അതുപോലെ യാത്ര ചെയ്യുന്നു.
ശീലങ്ങൾ, കഥകൾ, മുറിവുകൾ, രുചിക്കൂട്ടുകൾ, ഭാവങ്ങൾ, മുൻവിധികൾ, തമാശകൾ, വിശ്വാസങ്ങൾ, ഭാഷ, സ്നേഹം… ഇവയെല്ലാം ഇതേപോലെ ഒരു പാട് ദൂരങ്ങൾ സഞ്ചരിക്കുന്നുണ്ട്. നാം വിചാരിക്കുന്നതുപോലെ ലോകത്ത് നിന്ന് അടച്ചുപൂട്ടപ്പെട്ടവരല്ല മനുഷ്യർ.
നമ്മൾ ഓരോ വഴികളാണ്. ഒരുപാട് കാര്യങ്ങൾ നമ്മിലൂടെ സഞ്ചരിക്കുന്നുണ്ട്.
ആ വാചകത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും അതുതന്നെയാകും. നമ്മുടെ കാഴ്ചകൾക്കുമപ്പുറമുള്ള വലിയ ചലനങ്ങൾ ജീവിതത്തിലുണ്ട് എന്ന വലിയ ചിന്ത. നമുക്ക് നഷ്ടപ്പെട്ടവയെ അളന്നെടുക്കാൻ നമ്മൾ മിടുക്കന്മാരാണ്.
ഇതുവരെ നടക്കാത്ത കാര്യങ്ങളെ നമ്മൾ എപ്പോഴും എണ്ണിത്തിട്ടപ്പെടുത്തും. ഇതുവരെ വരാത്ത ആ മെസ്സേജ്. ജയിക്കാത്ത ആ ശ്രമം.
നാം കാണാത്ത ആ വ്യക്തി. നമുക്കില്ലാത്ത ആ ഉത്തരം. കാണാൻ കഴിയാത്ത ആ ഭാവി.
എന്നാൽ നമ്മുടെ കണ്ണിൽ കാണാത്തതുകൊണ്ട് മാത്രം അതൊന്നും യാഥാർത്ഥ്യമല്ല എന്ന് പറയാനാകില്ല. ഓരോ ചക്രവാളവും ഒരുപാട് ചലനങ്ങളെ ഒളിപ്പിച്ചുവെക്കുന്നുണ്ട്. ഇന്ന് രാത്രി നിങ്ങളുറങ്ങുമ്പോൾ, മറ്റാർക്കോ അത്രമേൽ പ്രധാനപ്പെട്ട ഒരാളെയും വഹിച്ച് ഏതെങ്കിലും വിമാനം ഏതെങ്കിലും മഹാസമുദ്രം കടക്കുന്നുണ്ടാകാം.
എവിടെയോ ഒരു വിദ്യാർത്ഥി ഭാവിയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ പോന്നതെന്തോ ഒന്ന് ഇപ്പോൾ പഠിക്കുന്നുണ്ടാകാം. എവിടെയോ രണ്ട് മനുഷ്യർ അവർപോലുമറിയാതെ ഒടുവിൽ ഒരേ വഴിയിൽ എത്തിച്ചേരാനുള്ള തീരുമാനങ്ങൾ ഇപ്പോൾ എടുക്കുന്നുണ്ടാകാം. ഇതുവരെ ജനിച്ചിട്ടുപോലുമില്ലാത്ത മനുഷ്യരെ ഭാവിയിൽ സ്വാധീനിക്കാൻ പോകുന്ന ഒരു കുഞ്ഞ് ഇപ്പോൾ എവിടെയോ ജനിച്ചുവീഴുന്നുണ്ടാകാം.
അടുത്ത ആഴ്ച ഒരു നഗരത്തിന് മുകളിൽ മഴയായി പെയ്യേണ്ട ജലം, ഇപ്പോൾ എവിടെയോ ഒരു കടലിൽ നിന്ന് നീരാവിയായി ഉയരുന്നുണ്ടാകാം. യാതൊന്നുമറിയാത്ത മനുഷ്യർക്കായി ഈ ലോകം എപ്പോഴും എന്തൊക്കെയോ ഒരുക്കിക്കൊണ്ടേയിരിക്കുകയാണ്. നമുക്ക് കാണാൻ കഴിയാത്ത ഒരുപാട് കാരണങ്ങളുടെ താഴെത്തട്ടിലാണ് നമ്മളൊക്കെയും ജീവിക്കുന്നത്.
അതൊരു വലിയ തിരിച്ചറിവാണ്. നമ്മുടെ ജീവിതം മുഴുവനായും നമ്മൾ തന്നെ ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്നതാണെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. നമ്മൾ പ്ലാനുകൾ ഉണ്ടാക്കുന്നു, അലാറം വെക്കുന്നു, അപേക്ഷകൾ അയക്കുന്നു, വഴികൾ തെരഞ്ഞെടുക്കുന്നു, കരാറുകൾ ഒപ്പിടുന്നു, ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നു.
അത് അങ്ങനെ തന്നെ വേണം. നമ്മുടെ തീരുമാനങ്ങൾക്ക് അവിടെ വിലയുണ്ട്. നമ്മുടെ പ്രയത്നങ്ങൾക്ക് അതിലേറെ വിലയുണ്ട്.
എന്നാൽ വളരെ സൂക്ഷ്മമായി നമ്മൾ ചിട്ടപ്പെടുത്തിയെടുത്ത ജീവിതത്തിലേക്ക് പോലും, നമ്മളൊരിക്കലും തീരുമാനിക്കാത്ത പല കാര്യങ്ങളും നിരന്തരം കടന്നുവരുന്നുണ്ട്. നാം ജനിച്ച കുടുംബം. ഈ നൂറ്റാണ്ട്.
നാം ജനിച്ച രാജ്യം. ആദ്യമായി കേട്ട ഭാഷ. നമ്മുടെ ചുറ്റും ജീവിച്ചിരുന്ന മനുഷ്യർ.
നമ്മെ ബാധിക്കാതെ പോയ അസുഖങ്ങൾ. തലനാരിഴയ്ക്ക് മാറിയ അപകടങ്ങൾ. നമ്മെ സഹായിച്ച അപരിചിതർ.
വർഷങ്ങൾക്ക് ശേഷം മാത്രം നമുക്കതിന്റെ വില മനസ്സിലാകുന്ന അപ്രതീക്ഷിത സംഭവങ്ങൾ. നമ്മൾ വള്ളം തുഴയുന്നുണ്ടാകാം. പക്ഷേ നമ്മളല്ലല്ലോ സമുദ്രമുണ്ടാക്കിയത്.
വിധിവിശ്വാസത്തിനും നമ്മുടെ നിയന്ത്രണങ്ങൾക്കുമിടയിലെവിടെയോ ആണ് വലിയ വിവേകം ആരംഭിക്കുന്നത്. “എനിക്കുള്ളതെല്ലാം എന്നെ തേടി വരും” എന്ന് പറഞ്ഞ് വെറുതെയിരിക്കുന്നതിലല്ല അത്. അതുപോലെ, ഭാവിയെ നമുക്കിഷ്ടമുള്ള രൂപത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിലുമല്ല അത്.
മരങ്ങൾ കുറച്ചുകൂടി വിവേകത്തോടെ പ്രവർത്തിക്കും. അവ അതിന്റെ വേരുകൾ പടർത്തുന്നു. അത് വെളിച്ചത്തെ തേടി വളരുന്നു.
ഓരോ ഋതുക്കൾക്കുമനുസരിച്ച് അത് പ്രതികരിക്കുന്നു. എന്നിട്ട് ഒടുവിൽ മഴയെത്തുമ്പോൾ, അതിനെ സ്വീകരിക്കാൻ അത് തയ്യാറായി നിൽക്കുന്നു. നിയോഗം എന്ന വലിയ യാത്രയിൽ നമ്മൾ പങ്കുചേരുന്നത് ഒരുപക്ഷേ അവിടെയാകാം.
സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ആ ഒരവസ്ഥയിൽ. നിങ്ങൾക്ക് മഴയോട് പെയ്യാൻ കൽപിക്കാൻ കഴിയില്ല. പക്ഷേ നിങ്ങൾക്ക് മണ്ണ് പാകപ്പെടുത്തി വെക്കാം.
അഞ്ച് വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ മുന്നിലേക്ക് ആര് വരുമെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയില്ല. പക്ഷേ നല്ലതെന്തെങ്കിലും വരുമ്പോൾ അതിനെ തിരിച്ചറിയാൻ പാകത്തിൽ നിങ്ങൾക്ക് മാറാൻ കഴിയും. നിങ്ങൾക്ക് അവസരങ്ങൾ ഉറപ്പുനൽകാൻ കഴിയില്ല.
എന്നാൽ അത് വരുമ്പോൾ ഉപയോഗിക്കാൻ വേണ്ട കഴിവുകൾ നിങ്ങൾക്ക് നേടിയെടുക്കാം. നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന എല്ലാ കാര്യങ്ങളെയും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകില്ല. എന്നാൽ ആ കാര്യങ്ങളെ സ്വീകരിക്കേണ്ട നിങ്ങളെ നിങ്ങൾക്ക് നിരന്തരം പരുവപ്പെടുത്താൻ കഴിയും.
ചില കാര്യങ്ങൾ ഏറ്റവും കൃത്യമായ സമയത്താണ് നമ്മളിലേക്ക് വരുന്നത് എന്ന് തോന്നാൻ കാരണം ഒരുപക്ഷേ ഇതായിരിക്കാം.
ഏറ്റവും മികച്ചൊരു സമയത്തിനായി പ്രപഞ്ചം അതിനെ മനപ്പൂർവ്വം വൈകിപ്പിച്ചതുകൊണ്ടാകണമെന്നില്ല. അവിടെ എക്കാലവുമുണ്ടായിരുന്ന പല സാധ്യതകളെയും മനസ്സിലാക്കാൻ പാകത്തിൽ നാം മാറിയതുകൊണ്ടാകാം. ഇരുപതാം വയസ്സിൽ വായിക്കുമ്പോൾ യാതൊരു അർത്ഥവും തോന്നാത്ത ഒരു വാചകം, നാല്പതാം വയസ്സിൽ നമ്മെ വല്ലാതെ സ്പർശിച്ചേക്കാം.
ഒരുകാലത്ത് വളരെ സാധാരണമായി തോന്നിയ ഒരിടം, വർഷങ്ങൾക്ക് ശേഷം നമുക്ക് വല്ലാതെ പ്രിയപ്പെട്ടതായി മാറിയേക്കാം. നമ്മൾ സ്നേഹിക്കുന്ന ആളുകൾ, മറ്റൊരു കാലത്താണ് നമ്മെ കണ്ടുമുട്ടിയിരുന്നതെങ്കിൽ ഒരുപക്ഷേ നാം ശ്രദ്ധിക്കാതെ കടന്നുപോകുമായിരുന്നു. ഒരു കാര്യം എപ്പോൾ വരുന്നു എന്നതിൽ മാത്രമല്ല കൃത്യമായ ആ സമയം ഇരിക്കുന്നത്.
അത് വരുമ്പോൾ നമ്മൾ എന്തായിത്തീർന്നു എന്നതിലും കൂടിയാണത്.
ഞാൻ വീണ്ടും ആ യഥാർത്ഥ മഴയിലേക്ക് തന്നെ തിരികെവരികയാണ്. യാതൊരു ശബ്ദവുമില്ലാതെ ജലം മുകളിലേക്ക് പോകുന്നു. അദൃശ്യമായി അത് സഞ്ചരിക്കുന്നു.
പതുക്കെ ഒന്നിച്ചുകൂടുന്നു. ഒടുവിൽ ഒരു ദിവസം ആകാശം മുഴുവൻ മാറുന്നു. ജീവിതത്തിലെ പല കാര്യങ്ങളും പ്രവർത്തിക്കുന്നത് ഇങ്ങനെത്തന്നെയാകും.
നമ്മുടെ അസ്തിത്വത്തെ നിർവചിക്കാൻ പോകുന്ന പല കാര്യങ്ങളും നമ്മുടെ ശ്രദ്ധയിൽ പെടാതെ വർഷങ്ങളോളം പുറത്ത് കാത്തുനിൽപ്പുണ്ടാകും. സൗഹൃദങ്ങൾ അവയുടെ ആദ്യത്തെ സംഭാഷണത്തിലേക്ക് യാത്ര ചെയ്യുകയാണ്. ആശയങ്ങൾ അതിനെ മനസ്സിലാക്കുന്ന ഒരു മനസ്സിനെ തേടി യാത്ര ചെയ്യുകയാണ്.
കുഞ്ഞുങ്ങൾ അവരുടെ മുഖം പോലും ചിന്തിക്കാൻ കഴിയാത്ത തങ്ങളുടെ കുടുംബങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. ചില ഇടങ്ങൾ ഓർമ്മകളായി മാറാൻ കാത്തുനിൽക്കുകയാണ്. ഒരുകാലത്ത് എന്ത് കൊടുത്തും വീണ്ടും ജീവിക്കാൻ നാം കൊതിക്കുന്ന പല സാധാരണ ദിവസങ്ങളും നമ്മെ തേടി നടന്നടുക്കുന്നുണ്ട്.
ഇവയെക്കുറിച്ചൊന്നും യാതൊരു അറിവുമില്ലാതെ ഈ വലിയ ചലനങ്ങൾക്ക് താഴെ നാം വെറുതെ നിൽക്കുന്നു. നമ്മുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നതിന്റെ തെളിവൊന്നുമല്ലത്. എന്നെ സംബന്ധിച്ച് അത് കുറച്ചുകൂടി മനോഹരമായ മറ്റെന്തോ ആണ്.
ഈ നിമിഷം ഒരിക്കലും നമ്മുടെ അവസാനത്തെ കഥയല്ല എന്ന വലിയ സത്യമാണത്.
ചക്രവാളങ്ങൾക്കപ്പുറം എപ്പോഴും വഴികളുണ്ട്. ഇതിനോടകം തന്നെ ചലിച്ചുതുടങ്ങിയ ചില കാരണങ്ങളുണ്ട്. മറ്റ് ചിലരെത്തേടി യാത്ര ചെയ്യുന്ന മനുഷ്യരുണ്ട്.
വർഷങ്ങൾക്ക് മുൻപ് നമ്മൾ ചെയ്ത കാര്യങ്ങളുടെ ഫലങ്ങൾ ഇപ്പോഴും നമ്മെത്തേടി വരുന്നുണ്ട്. മണ്ണിനടിയിൽ എപ്പോഴും വിത്തുകളുണ്ട്. ആകാശത്ത് ഇപ്പോഴും മേഘങ്ങളുണ്ട്.
നിങ്ങൾക്ക് കാണാൻ കഴിയുന്നതിനും അപ്പുറം, നാളെയൊരിക്കൽ നിങ്ങൾ ഓർത്തുവെക്കാൻ പോകുന്ന നിങ്ങളുടെ ലോകമായി ഈ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ എല്ലാം പെട്ടെന്ന് തന്നെ നടക്കണമെന്ന് വാശിപിടിക്കാതിരിക്കാൻ ഒരുപക്ഷേ ഈ ഒരൊറ്റ കാരണം തന്നെ ധാരാളമാണ്. തുറന്ന ആകാശത്തിന് താഴെ കുറച്ചുനേരം നിന്നുനോക്കൂ, അപ്പോൾ നിങ്ങൾ വലിയൊരു സത്യം മനസ്സിലാക്കും: താഴെ ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് മാത്രമേ മഴ പെട്ടെന്ന് വരുന്നതായി തോന്നാറുള്ളൂ.
ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്. Instagram link for some visual updates.

ഓരോ നിമിഷവും, ഓരോ അനുഭവവും എത്ര സൂക്ഷ്മമായും കൃത്യമായുമാണ് കാലത്തിലൂടെ ഓരോ വ്യക്തിയിലേക്കും ജീവിതാവസ്ഥയിലേക്കും എത്തുന്നതെന്നും എത്താതിരിക്കുന്നതെന്നുമുള്ളതിന്റെ അനുധാവനം. കാലത്തിന്റെ സ്പന്ദനത്തിന്റെ പൊരുൾ തേടുന്ന മനുഷ്യ മനസ്സ്… മറ്റൊരു തലത്തിലേക്ക് വ്യാപരിക്കുന്ന ആന്തരിക സഞ്ചാരം. ഗംഭീരം
thank you Uppa 🙂