കണ്ണിൽ തെളിയുന്നതിനെയെല്ലാം സ്വന്തമാക്കാൻ പായാനാണ് ചെറുപ്പത്തിലേ നമ്മൾ പഠിച്ചുപോകുന്നത്. വലിയ സ്ഥാനങ്ങൾ. ആളുകളുടെ കയ്യടി. ലക്ഷ്യസ്ഥാനങ്ങൾ. എവിടെയെത്തിയെന്നതിന്റെ തെളിവുകൾ. അങ്ങനെ ഓട്ടത്തിനിടയിൽ എപ്പോഴോ, ജീവിതം മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാനുള്ള വെറുമൊരു പ്രകടനമായി മാറുന്നു. ദാ നോക്കൂ, ഇതാണ് നല്ലൊരു ജീവിതം എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ പാകത്തിൽ ചിട്ടപ്പെടുത്തിയെടുത്ത ഒന്ന്. എന്നാൽ, ഇത്രയും കഷ്ടപ്പെട്ട് സങ്കൽപ്പിച്ചെടുത്ത ആ ലക്ഷ്യങ്ങളിലെത്തുമ്പോഴേക്കും, അവിടെ വല്ലാത്തൊരു ശൂന്യത കാത്തിരിക്കുന്നത് പലരും തിരിച്ചറിയാറുണ്ട്.
കാരണം, വിജയവും സംതൃപ്തിയും എപ്പോഴും ഇരട്ടകളെപ്പോലെ ഒന്നിച്ചുപോകണമെന്നില്ല.
വിജയം മിക്കവാറും പരസ്യമാണ്. അത് ഫോട്ടോ എടുക്കാം, പ്രഖ്യാപിക്കാം, ആളുകൾക്ക് ആദരിക്കാം, അസൂയപ്പെടാം. പരിചയപ്പെടുത്തലുകളിലും കടലാസുകളിലും അത് തിളങ്ങിനിൽക്കും. എന്നാൽ സംതൃപ്തി അതിനേക്കാൾ ശാന്തമാണ്. പുറത്തുനിന്ന് നോക്കുമ്പോൾ അത് എപ്പോഴും വലിയ ആകർഷകമായി തോന്നണമെന്നില്ല. ചിലപ്പോൾ അതൊരു സാധാരണ പ്രഭാതം പോലെയായിരിക്കും. ലളിതമായൊരു വീട്. മനസ്സിനെ ഉണർത്തി നിർത്താൻ പാകത്തിലുള്ള ജോലിയും ഹൃദയത്തിന് വിശ്രമിക്കാൻ ആവശ്യമായ സമാധാനവും. തിടുക്കമില്ലാതെ പങ്കുവെക്കുന്ന ഒരാഹാരം. അടുത്ത മുറിയിൽ നിന്ന് കേൾക്കുന്ന കുഞ്ഞിന്റെ ചിരി. നിങ്ങളോട് തന്നെ യുദ്ധം ചെയ്യാതെ ഉറങ്ങാൻ കഴിയുന്ന ആ ഒരവസ്ഥ.
അങ്ങനെയുള്ള ജീവിതം അധികം ബഹളമുണ്ടാക്കാറില്ല. അതുകൊണ്ടായിരിക്കാം പലപ്പോഴും നാം അതിനെ ശ്രദ്ധിക്കാതെ പോകുന്നത്.
കാണപ്പെടുന്നതാണ് പൂർണ്ണത എന്ന് എപ്പോഴും തെറ്റിദ്ധരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ ലോകം സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിൽ അതിന് വലിയ വിലയുണ്ടെന്ന് നമ്മൾ വിചാരിക്കുന്നു. മറ്റുള്ളവർ ആദരിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കേണ്ടതാണെന്ന് നമ്മൾ കരുതുന്നു. എന്നാൽ നമ്മുടെ ആത്മാവ് ജീവിതത്തെ അങ്ങനെയല്ല അളക്കുന്നത്. അതിന്റേതായ വേറെ ചില അളവുകോലുകളുണ്ട്. അത് കുറച്ചുകൂടി മൃദുവായ, ആഴത്തിലുള്ള ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ നിങ്ങൾക്ക് സ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ സന്തോഷം എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തെ ആശ്രയിച്ചാണോ ഇരിക്കുന്നത്? ലോകം മുഴുവൻ നിശബ്ദമാകുമ്പോഴും, നിങ്ങളുടെ ഹൃദയത്തിന് ആ സമാധാനം അനുഭവിക്കാൻ കഴിയുന്നുണ്ടോ?
വിജയകരമായ ജീവിതത്തേക്കാൾ തൃപ്തികരമായ ഒരു ജീവിതമാണ് കൂടുതൽ മനോഹരം എന്ന ചിന്ത വല്ലാതെ ഉള്ളിൽ തൊടുന്ന ഒന്നാണ്. വിജയം തെറ്റായതുകൊണ്ടല്ല, മറിച്ച് തൃപ്തി കുറച്ചുകൂടി സ്വകാര്യമായതുകൊണ്ടാണ്. കുറച്ചുകൂടി സത്യസന്ധമായത്. മനുഷ്യത്വമുള്ളത്. അത് നമ്മുടെ ഉള്ളിലെ ലോകത്തിന്റേതാണ്, അവിടെ കയ്യടിക്കാൻ പ്രേക്ഷകർക്കൊന്നും പ്രവേശനമില്ല.
വളരെ കുറച്ചു മാത്രമേ സ്വന്തമായി ഉള്ളുവെങ്കിലും, യഥാർത്ഥത്തിൽ വേണ്ട കാര്യങ്ങളിൽ ഒരാൾക്ക് വല്ലാത്തൊരു സമ്പന്നത തോന്നിയേക്കാം. ലോകം മുഴുവൻ കൊതിക്കുന്നതെല്ലാം സ്വന്തമായുള്ള മറ്റൊരാൾക്ക്, ഒരു നേട്ടങ്ങൾക്കും മാറ്റാൻ കഴിയാത്ത വല്ലാത്തൊരു നോവ് അനുഭവപ്പെട്ടേക്കാം. അതാണ് നമ്മൾ പലപ്പോഴും വളരെ വൈകിമാത്രം തിരിച്ചറിയുന്ന വലിയ രഹസ്യം: പുറമെയുള്ള സമൃദ്ധി ഒരിക്കലും ഉള്ളിലെ സമാധാനത്തിന് ഉറപ്പുനൽകുന്നില്ല.
ഒരുപക്ഷേ ജയിക്കാൻ കഴിയാതെ പോകുന്നതാകില്ല യഥാർത്ഥ ദുരന്തം. നിങ്ങളെത്തന്നെ കൊടുത്തുവാങ്ങുന്ന ആ വലിയ വിജയമായിരിക്കാം ശരിക്കുമുള്ള ദുരന്തം. നിങ്ങളുടെ നിശബ്ദത പണയം വെച്ച്. നിങ്ങളുടെ ബന്ധങ്ങൾ പണയം വെച്ച്. വിസ്മയങ്ങളെ പണയം വെച്ച്. ജീവിതത്തെ ശരിക്കും അനുഭവിക്കാൻ സഹായിക്കുന്ന ആ ഉള്ളിലെ ആർദ്രതയെ പണയം വെച്ച് നേടുന്ന വിജയം.
ആളുകളെ ആശ്ചര്യപ്പെടുത്തിയില്ലെങ്കിലും, നിങ്ങളുടെ ഉള്ളം നിറയ്ക്കുന്ന ഒരു ജീവിതം തിരഞ്ഞെടുക്കുന്നതിൽ വലിയൊരു അന്തസ്സുണ്ട്. നിങ്ങൾക്ക് സ്വസ്ഥമായി ശ്വസിക്കാൻ കഴിയുന്നതിനെ തിരഞ്ഞെടുക്കുന്നതിൽ. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും നിങ്ങളുടെ ആത്മാവിനെ മുറിവേൽക്കാതെ നിലനിർത്താനും അനുവദിക്കുന്നതിനെ തിരഞ്ഞെടുക്കുന്നതിൽ. ‘ഇതുമതി’ എന്ന് തീരുമാനിക്കുന്നതിൽ.
കാണുന്നവർക്ക് മുന്നിൽ എല്ലാ നല്ല ജീവിതവും അസാധാരണമായി തോന്നണമെന്നില്ല. ലോകത്തിന്റെ അളവുകോലുകൾ വെച്ച് നോക്കുമ്പോൾ വളരെ ചെറുതെന്നും, എന്നാൽ ആത്മാവിന്റെ അളവുകോലുകൾ വെച്ച് അതിവിശാലമെന്നും തോന്നുന്നവയാണ് യഥാർത്ഥത്തിൽ ഏറ്റവും മനോഹരമായ ജീവിതങ്ങൾ.
അതുകൊണ്ടുതന്നെ നമുക്ക് മുന്നിലുള്ള യഥാർത്ഥ ചോദ്യം ഇതായിരിക്കാം: “മറ്റുള്ളവർ ആദരിക്കുന്ന ഒരു ജീവിതം ഞാൻ എങ്ങനെ കെട്ടിപ്പടുക്കാം?” എന്നല്ല, മറിച്ച്, “എനിക്ക് ശരിക്കും ജീവിക്കാൻ കഴിയുന്ന ഒരു ജീവിതം എനിക്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം?” എന്നതാണ്. ദൂരത്തുനിന്ന് കാണുമ്പോൾ നല്ലതെന്ന് തോന്നുന്ന ഒന്നല്ല, ഉള്ളിൽ നിന്ന് നോക്കുമ്പോൾ ശരിയാണെന്ന് തോന്നുന്ന ഒന്ന്.
കാരണം അവസാനം, ലോകത്തിന് നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ മാത്രമേ കഴിയൂ. എന്നാൽ നിങ്ങളുടെ ജീവിതത്തിനുള്ളിൽ നിങ്ങൾക്ക് മാത്രമേ ജീവിക്കാൻ കഴിയൂ.
ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്. Instagram link for some visual updates.
