നമ്മുടെയൊക്കെ കുട്ടിക്കാലത്തെ വേനലവധിക്കാലം ഓർമ്മയുണ്ടോ? അന്ന് ഓരോ ഉച്ചയൂണും ഓരോ സായാഹ്നവും ഒരു യുഗം പോലെയായിരുന്നു നമുക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല, ഒരു വർഷം മുഴുവൻ കടന്നുപോകുന്നത് കൺചിമ്മി തുറക്കുന്ന വേഗത്തിലാണ്. പ്രായമാകുന്തോറും സമയത്തിന്റെ വേഗത കൂടുന്നതായി നമുക്ക് തോന്നുന്നത് സ്വാഭാവികമാണ്. ഇതിന് പലരും നൽകുന്ന വിശദീകരണം ഒരു ലളിതമായ കണക്കാണ്. അതായത്, അഞ്ച് വയസ്സുള്ള ഒരു കുട്ടിക്ക് ഒരു വർഷം എന്നത് അവന്റെ ആകെ ജീവിതത്തിന്റെ 20 ശതമാനമാണ്. എന്നാൽ അമ്പത് വയസ്സുള്ള ഒരാൾക്ക് ഒരു വർഷം എന്നത് വെറും 2 ശതമാനം മാത്രമാണ്. കണക്കുകൾ ശരിയാണെങ്കിലും, നമ്മുടെ തലച്ചോറ് സമയത്തെ അളക്കുന്നത് ഇങ്ങനെ മാത്രമല്ല. ഇതിന് പിന്നിൽ നമ്മുടെ തലച്ചോറിന്റെ കാര്യക്ഷമതയും അത് ഓർമ്മകളെ സൂക്ഷിക്കുന്ന രീതിയും തമ്മിലുള്ള രസകരമായ ഒരു ബന്ധമുണ്ട്.
നമ്മുടെ തലച്ചോറ് ഒരു അത്ഭുതകരമായ യന്ത്രമാണ്. അതിന് എപ്പോഴും ഊർജ്ജം ലാഭിക്കാൻ വലിയ ഇഷ്ടമാണ്. അതിനാൽ കണ്ടു മടുത്ത കാര്യങ്ങളെ അത് പലപ്പോഴും വിശദമായി റെക്കോർഡ് ചെയ്യാറില്ല. കുട്ടികളായിരിക്കുമ്പോൾ ലോകം മുഴുവൻ നമുക്ക് പുതിയതാണ്. ആദ്യത്തെ മഴ, ആദ്യത്തെ കടൽ യാത്ര, പുതിയ കളികൾ, പുതിയ സ്ഥലങ്ങൾ എന്നിവയെല്ലാം തലച്ചോറ് വളരെ വ്യക്തമായി, ഓരോ നിമിഷവും ഒപ്പിയെടുക്കുന്നു. അതുകൊണ്ടാണ് ആ കാലഘട്ടം വളരെ ദൈർഘ്യമുള്ളതായി നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ മുതിരുമ്പോൾ, തലച്ചോറ് പതിയെ പ്രവചനങ്ങളുടെ (Predictive Mode) പാതയിലേക്ക് മാറുന്നു. പരിചിതമായ കാര്യങ്ങൾ കാണുമ്പോൾ “ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലേ” എന്ന് കരുതി അത് റെക്കോർഡ് ചെയ്യുന്നതിൽ വലിയ ശ്രദ്ധ കൊടുക്കാറില്ല.
ഇത് എങ്ങനെയാണ് സമയത്തെ ബാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. ഞാൻ നിങ്ങൾക്ക് ഒരേ ചെരുപ്പിന്റെ ചിത്രം പത്ത് തവണ കാണിക്കുന്നു എന്ന് കരുതുക. ആദ്യത്തെ ഒന്നോ രണ്ടോ തവണ കഴിഞ്ഞ് നിങ്ങളുടെ തലച്ചോറ് ആ ചിത്രത്തെ കാര്യമായി ശ്രദ്ധിക്കാതെയാകും. എന്നാൽ പതിനൊന്നാമത്തെ ചിത്രം മനോഹരമായ ഒരു പൂവിന്റേതാണെങ്കിലോ? നിങ്ങളുടെ തലച്ചോറ് പെട്ടെന്ന് ഉണരുകയും, ശ്രദ്ധിക്കുകയും, അത് റെക്കോർഡ് ചെയ്യുകയും ചെയ്യും. കാരണം അതൊരു സർപ്രൈസ് ആയിരുന്നു. ഇനി, ആ ചെരുപ്പുകൾ കണ്ട സമയവും പൂവ് കണ്ട സമയവും തുല്യമാണെങ്കിൽ കൂടി, പൂവ് കണ്ട സമയമാണ് കൂടുതൽ ദൈർഘ്യമുള്ളതായി നിങ്ങൾക്ക് അനുഭവപ്പെടുക. കാരണം, പൂവിന്റെ കാര്യത്തിൽ നിങ്ങളുടെ തലച്ചോറിന് ഓർത്തുവെക്കാൻ കൂടുതൽ വിവരങ്ങൾ ഉണ്ടായിരുന്നു. ഇതിനെയാണ് ന്യൂറോ സയന്റിസ്റ്റുകൾ “ഓഡ്ബോൾ ഇഫക്റ്റ്” (Oddball Effect) എന്ന് വിളിക്കുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. മുതിരുമ്പോൾ നമ്മൾ ഒരു കൃത്യമായ ദിനചര്യയിലേക്ക് (Routine) മാറുന്നു. ഒരേ സമയം എഴുന്നേൽക്കുന്നു, ഒരേ ജോലി ചെയ്യുന്നു, ഒരേ കാര്യങ്ങൾ ആവർത്തിക്കുന്നു. ഇത് ജീവിതത്തിന് ഒരു ചിട്ട നൽകുന്നുണ്ടെങ്കിലും, ഇതിലൊന്നും വലിയ പുതുമയില്ലാത്തതിനാൽ തലച്ചോറ് ഈ ദിവസങ്ങളെ ഓർമ്മയിൽ സൂക്ഷിക്കാതെ വിടുന്നു. ഇത് തലച്ചോറിന്റെ ഒരു എഫിഷ്യൻസി ടെക്നിക് ആണ്. ഒരേപോലെയുള്ള ആഴ്ച തന്നെ 500 തവണ ആവർത്തിച്ച് ജീവിക്കുമ്പോൾ, തലച്ചോറ് ആ നീണ്ട 10 വർഷത്തെ ‘ജോലി’ എന്ന ഒറ്റ ഫയലിലാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് തിരിഞ്ഞു നോക്കുമ്പോൾ വർഷങ്ങൾ പെട്ടെന്ന് കടന്നുപോയതായി നമുക്ക് തോന്നുന്നത്.
അതുകൊണ്ട്, ജീവിതം പെട്ടെന്ന് തീർന്നുപോകാതിരിക്കാൻ, അല്ലെങ്കിൽ സമയത്തിന്റെ വേഗത ഒന്ന് കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഒരൊറ്റ വഴിയേ ഉള്ളൂ, അത് ജീവിതത്തിൽ ഇടയ്ക്കിടെ കൊണ്ടുവരുന്ന പുതുമകളാണ് (Novelty). ഇടയ്ക്ക് യാത്രകൾ പോകാം. കാര്യങ്ങൾ ചെയ്യാൻ പുതിയ രീതികൾ പരീക്ഷിക്കാം. വായിക്കുന്ന പുസ്തകങ്ങളിലോ, കഴിക്കുന്ന ഭക്ഷണത്തിലോ, എന്തിനേറെ വീടിന്റെ അകത്തളങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിൽ പോലും ഈ പുതുമ കണ്ടെത്താം. പുതിയൊരു ഭാഷ പഠിക്കുന്നതോ, പരിചയമില്ലാത്ത മനുഷ്യരോട് സംസാരിക്കുന്നതോ, പുതിയൊരു ഹോബി കണ്ടെത്തുന്നതോ ഒക്കെ തലച്ചോറിന് പുതിയ ഉണർവ് നൽകുന്ന കാര്യങ്ങളാണ്. നിങ്ങൾ കംഫർട്ട് സോണിൽ നിന്നും മാറി ഇത്തരം പുതിയ അനുഭവങ്ങൾ പരീക്ഷിക്കുമ്പോൾ തലച്ചോറ് വീണ്ടും ഉണരുകയും ആ നിമിഷങ്ങളെ റെക്കോർഡ് ചെയ്യാൻ തുടങ്ങുകയും ചെയ്യും. ഓർമ്മകൾക്ക് തിളക്കം വരാനും ജീവിതം കൂടുതൽ ആസ്വദിക്കാനും ഇത്തരം മാറ്റങ്ങൾ നമ്മളെ സഹായിക്കും. ആത്യന്തികമായി, നമ്മുടെ ഓർമ്മകളാണ് സമയത്തിന്റെ ദൈർഘ്യത്തെ നിശ്ചയിക്കുന്നത്. ഇപ്പോൾ മനസ്സിലായോ രാമൻകുട്ടി, ഞാൻ എന്തിനാ ഈ ബ്ലോഗും പുസ്തകവുമൊക്കെ എഴുതുന്നതെന്ന്? : )
