സമയം എന്നത് ലോകത്തിലെ ഏറ്റവും ലളിതമായ ഒന്നാണെന്നാണ് നമ്മൾ കരുതുന്നത്. ഒരു മിനിറ്റ് എന്നാൽ എല്ലാവർക്കും ഒരു മിനിറ്റ് തന്നെ. ഇന്നലെ കഴിഞ്ഞു, നാളെ വരാനിരിക്കുന്നു, ‘ഇപ്പോൾ’ എന്നത് മാത്രമാണ് സത്യം. ഇതല്ലേ നമ്മുടെ മനസ്സിൽ സാധാരണയുള്ള ഒരു തോന്നൽ? എന്നാൽ ആപേക്ഷികതാ സിദ്ധാന്തം (Relativity Theory) എന്ന വലിയൊരു അറിവ് വന്നതോടുകൂടി ഈ ധാരണ ആകെ മാറിമറിഞ്ഞു. സമയം എല്ലാവർക്കും ഒന്നല്ല. ഇതൊരു കവിതയോ തമാശയോ അല്ല, പ്രപഞ്ചത്തിന്റെ വലിയൊരു സത്യമാണ്. ഇത് വെറുമൊരു അറിവ് മാത്രമല്ല, ജീവിതത്തെപ്പറ്റി നമ്മൾ ചിന്തിക്കുന്ന രീതിയെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒന്നാണ്. നാളെ എന്ത് ഭക്ഷണം ഉണ്ടാക്കണമെന്നോ, ഓഫീസിലേക്ക് ഏത് വസ്ത്രം ധരിക്കണമെന്നോ ഒക്കെ ആലോചിക്കുന്നതിനൊപ്പം, നമ്മൾ കുറച്ച് ആഴത്തിൽ ചിന്തിക്കേണ്ട ഒന്നാണിതെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. നമ്മൾ ലോകത്തെ കാണുന്ന രീതിയിൽ തന്നെ വലിയ മാറ്റം കൊണ്ടുവരാൻ ഇതിന് കഴിയും. നിത്യജീവിതത്തിലെ സാധാരണ തിരക്കുകൾക്കിടയിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ ഗുണകരമാണ്. എന്നെയും നിങ്ങളെയും ഒന്നു പോസിറ്റീവായി ചിന്തിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് ഞാൻ ഇത് ഇവിടെ കുറിക്കുന്നത്.
“പഴയതെല്ലാം കഴിഞ്ഞുപോയി, അതൊന്നും ഇനി ഇല്ല” എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ഈ സിദ്ധാന്തം നമ്മോട് ഒരു വലിയ രഹസ്യം പറയുന്നു. ഞാൻ ഇതൊന്നു വിശദീകരിക്കാൻ ഒരു സിനിമയുടെ ഉദാഹരണം പറയാം. നിങ്ങൾ ഒരു തീയേറ്ററിൽ ഇരുന്ന് സിനിമ കാണുകയാണെന്ന് കരുതുക. സ്ക്രീനിൽ ഓരോ രംഗവും ഒന്നിന് പുറകെ ഒന്നായി വരുന്നു. നായകൻ കുട്ടിയായിരിക്കുന്ന രംഗം കഴിഞ്ഞാൽ പിന്നെ നമ്മൾ കാണുന്നത് അവൻ യുവാവാകുന്നതാണ്. ആ സമയം നമുക്ക് തോന്നും, ‘കുട്ടിക്കാലം കഴിഞ്ഞുപോയി, അത് മാഞ്ഞുപോയി’ എന്ന്. എന്നാൽ സത്യത്തിൽ അത് മാഞ്ഞുപോയോ? ഇല്ല. പ്രൊജക്ഷൻ റൂമിലിരിക്കുന്ന ആ സിനിമയുടെ ഫിലിം റോൾ (Reel) ഒന്ന് എടുത്തു നോക്കൂ. അതിൽ നായകന്റെ കുട്ടിക്കാലവും, യൗവനവും, വാർദ്ധക്യവും എല്ലാം ഒരേ റോളിനുള്ളിൽ, ഒരേ സമയത്ത് തന്നെ ചുരുട്ടി വെച്ചിട്ടുണ്ട്. സിനിമ കാണുന്ന നിങ്ങൾക്ക് മാത്രമേ ‘സമയം’ കടന്നുപോകുന്നതായി തോന്നുന്നുള്ളൂ. ആ ഫിലിം റോളിനെ സംബന്ധിച്ചിടത്തോളം തുടക്കവും ഒടുക്കവും എല്ലാം ഒരേസമയം അവിടെത്തന്നെയുണ്ട്. നമ്മുടെ ജീവിതവും ഇതുപോലെയാണെങ്കിലോ? പ്രപഞ്ചം എന്ന വലിയ ഫിലിം റോളിൽ, നിങ്ങളുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളും നേരത്തെ തന്നെ ‘ഉണ്ട്’. നമ്മൾ അത് ഓരോന്നായി അനുഭവിച്ചു തീർക്കുന്നു എന്ന് മാത്രം. നമ്മൾ ഇപ്പോൾ കാണുന്ന രംഗം മാത്രമാണ് സത്യം എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നു, എന്നാൽ കഴിഞ്ഞുപോയ രംഗങ്ങളും വരാനിരിക്കുന്ന രംഗങ്ങളും ആ വലിയ റോളിൽ ഭദ്രമായി ഇരിപ്പുണ്ട്. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഈ പോസ്റ്റ് ഇരുന്ന് തോണ്ടുന്നത് ഉൾപ്പെടെ!! : )
നമ്മൾ സാധാരണയായി കരുതുന്നത് സമയം ഒരു നദി പോലെയാണെന്നാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. കഴിഞ്ഞുപോയത് വെള്ളം പോലെ ഒഴുകിപ്പോയി, ഇനി അത് തിരിച്ചുവരില്ല. എന്നാൽ ആപേക്ഷികതാ സിദ്ധാന്തം പറയുന്നത് മറ്റൊന്നാണ്; സമയം ഒരു നദിയല്ല, അതൊരു വലിയ ഭൂപടം പോലെ വിരിഞ്ഞു കിടപ്പാണ്. ഇതൊന്ന് ആലോചിച്ചു നോക്കൂ. ഒരു ഭൂപടത്തിൽ ഒരേസമയം പല സ്ഥലങ്ങളുണ്ട്. നിങ്ങളുടെ ജന്മനാടും, നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലവും, നാളെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലവും. ഇവയെല്ലാം ആ ഭൂപടത്തിൽ ഒരേസമയം ഉണ്ട്. നിങ്ങൾ ഇപ്പോൾ ഒരിടത്താണെന്ന് കരുതി പഴയ സ്ഥലം മാഞ്ഞുപോകുന്നില്ലല്ലോ? അത് അവിടെത്തന്നെയുണ്ട്. നിങ്ങൾ അവിടെ ഇല്ലെന്ന് മാത്രമേയുള്ളൂ. ഇതുപോലെയാണ് സമയവും. നിങ്ങളുടെ കുട്ടിക്കാലവും, യൗവനവും, വാർദ്ധക്യവും എല്ലാം ഈ പ്രപഞ്ചത്തിൽ ഒരേസമയം ‘നിലനിൽക്കുന്നുണ്ട്’. നമ്മൾ ഓരോ നിമിഷത്തിലൂടെയും സഞ്ചരിക്കുന്നു എന്ന് മാത്രം.
ഇത് കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, പക്ഷെ ഇതിൽ വലിയൊരു സമാധാനമുണ്ട്. നമുക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ നമ്മൾ സങ്കടപ്പെടാറുണ്ട്. അവർ “ഇല്ലാതായി” എന്ന് നമ്മൾ കരയുന്നു. എന്നാൽ സത്യത്തിൽ, അവർ ഇല്ലാതായിട്ടില്ല. നമ്മൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, പിന്നിട്ട സ്റ്റേഷനുകൾ നമ്മുടെ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്നു. അതുകൊണ്ട് ആ സ്റ്റേഷനുകൾ ഇല്ലാതായി എന്ന് ആരെങ്കിലും പറയുമോ? ഇല്ല, ആ സ്റ്റേഷനുകൾ അവിടെത്തന്നെയുണ്ട്. നമ്മൾ അതിനെ കടന്നുപോയി എന്ന് മാത്രമേയുള്ളൂ. അതുപോലെ, മരിച്ചുപോയവരും കടന്നുപോയ നല്ല നിമിഷങ്ങളും സമയത്തിന്റെ ഈ വലിയ ഭൂപടത്തിൽ സുരക്ഷിതമായി ഇപ്പോഴും ഉണ്ട്. നമുക്ക് അങ്ങോട്ട് തിരിച്ചുപോകാൻ കഴിയില്ലായിരിക്കാം, പക്ഷേ പ്രപഞ്ചത്തിന്റെ കണക്കെടുപ്പിൽ ഒന്നും മാഞ്ഞുപോകുന്നില്ല.
ഇവിടെയാണ് കാര്യങ്ങളുടെ ഗൗരവം മാറുന്നത്. സമയം ഒലിച്ചുപോകുന്നില്ലെങ്കിൽ, നമ്മൾ ചെയ്യുന്ന ഓരോ ചെറിയ കാര്യവും അത് വലുതായാലും ചെറുതായാലും, എന്നെന്നേക്കുമായി ഇവിടെയുണ്ടാകും. ഉദാഹരണത്തിന്, വിശക്കുന്ന ഒരാൾക്ക് നിങ്ങൾ വാങ്ങി കൊടുത്ത ഭക്ഷണപ്പൊതി, ബസ്സിൽ തിരക്കിനിടയിൽ മുതിർന്ന ഒരാൾക്ക് ഒഴിഞ്ഞുകൊടുത്ത സീറ്റ്, അല്ലെങ്കിൽ വിഷമിക്കുന്ന ഒരു സുഹൃത്തിന് നിങ്ങൾ ഒരു സാന്ത്വനമായി കൂടെയുണ്ടായപ്പോൾ… ഇതൊന്നും കാറ്റിൽ പറന്നുപോകുന്നില്ല. ഇവ ഓരോന്നും പ്രപഞ്ചത്തിന്റെ ചുവരിൽ എഴുതിവെച്ച വരികൾ പോലെയാണ്. നിങ്ങൾ ജീവിക്കുന്ന ജീവിതം വെറുതെ ഒരു യാത്രയല്ല, മറിച്ച് നിങ്ങൾ ഓരോ നിമിഷവും ഓരോ ഇഷ്ടിക വെച്ച് ഒരു വലിയ കൊട്ടാരം പണിയുകയാണ്. അത് പൊളിച്ചുനീക്കാൻ കഴിയില്ല. അതുകൊണ്ട്, ഓരോ നിമിഷവും വിലപ്പെട്ടതാണ്. നമ്മൾ വെറുതെ സമയം തള്ളിനീക്കുകയല്ല, മറിച്ച് കാലത്തിന് മായ്ക്കാൻ കഴിയാത്ത ഒപ്പുകൾ ചാർത്തുകയാണ്.
ഈ ആശയം നമ്മുടെ സ്വന്തം മലയാള സിനിമയുമായി ബന്ധിപ്പിച്ചാൽ ഒന്നുകൂടി എളുപ്പത്തിൽ മനസ്സിലാക്കാം. നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ തന്നെ എടുക്കാം. അതിലെ തിലകൻ ചേട്ടനോ, നെടുമുടി വേണു ചേട്ടനോ, ഇന്നസെന്റ് ചേട്ടനോ ഒന്നും ഇന്ന് നമ്മുടെ കൂടെയില്ല. എന്നാൽ നമ്മൾ ഇന്നും ടിവിയിൽ ആ സിനിമ കാണുമ്പോൾ, അവർ നമുക്ക് മുന്നിൽ ജീവിച്ചിരിക്കുകയാണ്. ആ സിനിമയുടെ ലോകത്ത് അവർക്ക് മരണമില്ല. അവരുടെ ശബ്ദവും, ചിരിയും, അഭിനയവും ആ ഫിലിം റീലിൽ എക്കാലത്തേക്കുമായി പതിഞ്ഞു കിടപ്പുണ്ട്. നമ്മൾ പ്ലേ ബട്ടൺ അമർത്തുമ്പോൾ ആ സമയം വീണ്ടും ജനിക്കുന്നു എന്ന് മാത്രം. ഇതുപോലെയാണ് പ്രപഞ്ചവും. നമ്മൾ സ്നേഹിച്ചവർ, നമ്മളെ വിട്ടുപോയവർ… അവർ കാലത്തിന്റെ മറ്റൊരു ‘റീലിൽ’ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മൾ ഇപ്പോൾ അവരെ കാണുന്നില്ല എന്നതുകൊണ്ട് അവർ ഇല്ലാതാകുന്നില്ല.
ഒരുപക്ഷെ നിങ്ങൾക്ക് തോന്നാം, “ടിവിയിൽ കാണുന്നത് വെറും നിഴലുകളല്ലേ, അവർ സത്യത്തിൽ മരിച്ചുപോയില്ലേ?” എന്ന്. ശരിയാണ്, നമ്മുടെ ഈ ‘ഇന്നത്തെ’ ലോകത്ത് അവർ ഇല്ല. പക്ഷെ ഒന്ന് ചിന്തിക്കൂ, നമ്മൾ താമസിച്ചിരുന്ന പഴയ വീട് വിട്ട് പുതിയ ഒരിടത്തേക്ക് മാറിയാൽ, പഴയ വീട് ഇല്ലാതാകുമോ? ഇല്ല, അത് അവിടെത്തന്നെയുണ്ടാകും. അതുപോലെ 1993 എന്ന വർഷത്തിൽ, ആ ഷൂട്ടിംഗ് സെറ്റിൽ, അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതൊരു ഓർമ്മ മാത്രമല്ല, ഭൗതികമായ ഒരു സത്യം തന്നെയാണ്. നമ്മൾ കാലത്തിലൂടെ സഞ്ചരിച്ച് അവരിൽ നിന്നും ഒരുപാട് ദൂരം മുന്നോട്ട് പോയി എന്ന് മാത്രം. നമുക്ക് തിരികെ ചെല്ലാൻ കഴിയാത്തതുകൊണ്ട് ആ ലോകം ഇല്ലാതാകുന്നില്ല. ഒരർത്ഥത്തിൽ, മരണം എന്നത് ഒരു ‘അവസാനമല്ല’, മറിച്ച് നമ്മൾ നിൽക്കുന്ന സമയത്തിൽ നിന്നും അവർ മറ്റൊരു സമയത്തിലേക്ക് മാറി നിൽക്കുന്നു എന്ന് മാത്രം.
ഒരു കവറിനുള്ളിൽ ഇരിക്കുന്ന, ഇതുവരെ വായിക്കാത്ത ഒരു കത്ത് പോലെയാണ് ഭാവി. ആ കത്ത് അവിടെയുണ്ട്, പക്ഷെ അത് പൊട്ടിച്ചു വായിക്കുമ്പോഴേ നിങ്ങൾക്ക് അതിന്റെ അനുഭവം കിട്ടുകയുള്ളൂ. നിങ്ങളുടെ തീരുമാനങ്ങളും, നിങ്ങളുടെ കഷ്ടപ്പാടുകളും, നിങ്ങളുടെ സ്നേഹവും എല്ലാം യഥാർത്ഥമാണ്. അവയാണ് ആ ഭൂപടത്തെ നിർമ്മിക്കുന്നത്. ചുരുക്കത്തിൽ, നമ്മുടെ ജീവിതം മിന്നിമറയുന്ന ഒരു വെളിച്ചമല്ല. അത് എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒരു സൃഷ്ടിയാണ്. ഇന്നലെ എന്നത് ഒരു ഓർമ്മ മാത്രമല്ല, അതൊരു യാഥാർത്ഥ്യമാണ്. അതുകൊണ്ട്, ഈ നിമിഷത്തെ സ്നേഹിക്കുക. കാരണം, നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്താണോ, അത് പ്രപഞ്ചമുള്ളിടത്തോളം കാലം ‘ഉണ്ടായിരിക്കും’.
ഈ തിരിച്ചറിവ് നമുക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞുപോയ തെറ്റുകളെ ഓർത്ത് ഇനി നമ്മൾ നീറേണ്ടതില്ല; അതൊരു പഴയ സ്റ്റേഷൻ മാത്രമാണ്, നമ്മൾ അത് പിന്നിട്ടു കഴിഞ്ഞു. നാളെയെ ഓർത്ത് വെറുതെ ഭയപ്പെടേണ്ട കാര്യവുമില്ല, കാരണം അതും ഈ യാത്രയുടെ ഭാഗമായി അവിടെത്തന്നെയുണ്ട്. എല്ലാം അതിന്റേതായ ഇടങ്ങളിൽ ഭദ്രമാണെന്ന അറിവ്, മനസ്സിന്റെ ഭാരം കുറയ്ക്കട്ടെ. നമ്മൾ ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രം. ഭയമില്ലാതെ, ശാന്തമായ മനസ്സോടെ ഈ നിമിഷത്തിൽ ജീവിക്കുക. ബാക്കിയെല്ലാം കാലം കാത്തുവെച്ചോളും…
അവസാനമായി, എന്റെ ഒരു ചിന്ത കൂടി പറയട്ടെ. സമയവും സ്ഥലവും എല്ലാം ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളാണ്. എന്നാൽ ഇവയ്‌ക്കെല്ലാം അതീതമായ ഒരു ശക്തിയുണ്ട്; അതാണ് ദൈവം. നമ്മൾ നേരത്തെ പറഞ്ഞ ആ സിനിമയുടെ ഉദാഹരണം തന്നെ എടുക്കാം. നമ്മൾ സ്ക്രീനിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെടുന്ന പ്രേക്ഷകർ മാത്രമാണ്. എന്നാൽ ദൈവം, ആ മുഴുവൻ ഫിലിം റോളും, അതിന്റെ തുടക്കവും ഒടുക്കവും, ഒരേസമയം കൈയ്യിലെടുത്ത് കാണാൻ കഴിയുന്ന ഒരാളെപ്പോലെയാണ്. അവിടെ ‘കഴിഞ്ഞുപോയ’ രംഗങ്ങളില്ല, എല്ലാം ഒരേസമയം കൺമുന്നിലുണ്ട്. കാലത്തിനപ്പുറം നിൽക്കുന്ന ആ സത്യത്തിന് മുന്നിൽ സമയം വെറുമൊരു കാഴ്ച മാത്രം…
