നമ്മെ വിസ്മയിപ്പിക്കേണ്ട എത്രയോ അത്ഭുതങ്ങൾക്കിടയിലൂടെയാണ് ഒരു നിഴൽ പോലെ നാം കടന്നുപോകുന്നത്.
ഉറക്കമെഴുന്നേൽക്കുന്നതിനും വീണ്ടും ഉറങ്ങാൻ പോകുന്നതിനുമിടയിൽ, നമ്മെ അല്പനേരം പിടിച്ചുനിർത്താൻ പോന്ന എത്രയോ നിമിഷങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ഒരു ഗ്ലാസ്സ് വെള്ളത്തിലൂടെ പ്രകാശം വളഞ്ഞുപോകുന്ന വഴി. മഴ പെയ്യുന്നതിന് തൊട്ടുമുമ്പുള്ള ആ പ്രത്യേക ശബ്ദം. നമ്മുടെ യാതൊരു നിർദ്ദേശവുമില്ലാതെ ഇന്ന് മാത്രം ലക്ഷത്തോളം തവണ തുടിച്ച നമ്മുടെ ഹൃദയം. ഇവയൊന്നും വെറും സാധാരണ കാര്യങ്ങളല്ല. നാം സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കാൻ തീരുമാനിച്ച വലിയ അത്ഭുതങ്ങളാണിവ.
പ്രായമേറുന്തോറും നമ്മൾ സ്വയം ഒരുതരം അന്ധത വരിക്കുകയാണ്. വഴിയിലെ ഒരു കുഞ്ഞുവണ്ടിനെ നോക്കി അത്ഭുതപ്പെടാൻ ഒരു കൊച്ചുകുട്ടിക്ക് ഇരുപത് മിനിറ്റോളം സമയം കിട്ടുമ്പോൾ, മുതിർന്നവർ തങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ചുരുങ്ങുന്നു. വിസ്മയങ്ങളെ മറന്ന് വെറും യന്ത്രങ്ങളെപ്പോലെ ആകുന്നതിനെയാണോ നാം വളർച്ച എന്ന് വിളിക്കുന്നത്?
നാം ചവിട്ടി നിൽക്കുന്ന ഈ മണ്ണൊന്ന് ശ്രദ്ധിച്ചു നോക്കൂ. കാലഘട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണ്. ഇരുണ്ടതും നിർജീവവുമെന്ന് തോന്നിക്കുന്ന ആ മണ്ണിൽ നിന്നാണ് ജീവന്റെ തുടിപ്പുമായി ഒരു ചെടി മുളച്ചു വരുന്നത്. അതിൽ നിന്നും വർണ്ണങ്ങളും സുഗന്ധവും പൊട്ടിവിടരുന്നു. വെളിച്ചം എന്താണെന്ന് പോലുമറിയാത്ത ഒരു കുഞ്ഞുവിത്ത്, സൂര്യനെത്തേടി ഇരുളിൽ നിന്ന് മണ്ണും തുരന്ന് പുറത്തുവരുന്നത് പ്രകൃതിയിലെ ഏറ്റവും നിശബ്ദവും എന്നാൽ മനോഹരവുമായ വിപ്ലവമാണ്. എന്നിട്ടും നാം അതൊന്നും ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നു.
ലോകം വിരസമായതുകൊണ്ടല്ല നമുക്ക് മടുപ്പ് തോന്നുന്നത്; മറിച്ച്, ഈ ലോകം യഥാർത്ഥത്തിൽ എന്താണെന്ന ചോദ്യം നമ്മൾ അവസാനിപ്പിച്ചതുകൊണ്ടാണ്.
നിങ്ങൾ ഈ ഭൂമിയിൽ ജനിച്ചു എന്നതുതന്നെ എത്ര വലിയ അത്ഭുതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നൂറ്റാണ്ടുകളിലൂടെ, ഒരുപാട് തലമുറകളിലൂടെ കൈമാറി വന്ന വലിയൊരു ശൃംഖലയുടെ തുടർച്ചയാണ് നിങ്ങൾ. നിങ്ങളുടെ പൂർവ്വികരിൽ ഒരാൾ എടുത്ത ഒരു ചെറിയ തീരുമാനം മാറിയിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും, സ്വന്തം അസ്തിത്വം പോലും ഒരു സാധാരണ സംഭവമായി കരുതി, എവിടെയോ മനസ്സ് കുരുക്കി നിങ്ങളീ വരികൾ വായിക്കുകയാകാം.
സ്വയം ചോദിച്ചു നോക്കൂ:
- ഒരു വിനോദമെന്നതിലുപരി, സത്യത്തിൽ നിങ്ങളെ വിസ്മയിപ്പിച്ച ഒരു കാര്യം അവസാനമായി അനുഭവിച്ചത് എപ്പോഴാണ്?
- അടുത്ത ഒരു മണിക്കൂറിനുള്ളിൽ നിങ്ങളുടെ ജീവിതം പൂർണ്ണമായും മാറിമറിയുമെങ്കിൽ, മുൻപ് എന്തൊക്കെ കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കും?
- നിങ്ങൾ ദിവസവും ചെലവഴിക്കുന്ന സമയം, നിങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടോ?
- ഒരിക്കൽപ്പോലും അതെന്താണെന്ന് പരിശോധിക്കാൻ നിൽക്കാതെ, എന്ത് ഭാരമാണ് നിങ്ങൾ പേറിക്കൊണ്ടുനടക്കുന്നത്?
സമയത്തെക്കുറിച്ച് ഓർക്കാൻ നമ്മൾ അധികം ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ജീവിതം വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് നമുക്ക് തോന്നും; എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ പതിറ്റാണ്ടുകൾ വെറുമൊരു വാരാന്ത്യം പോലെ കടന്നുപോയതായി മനസ്സിലാകും. നമ്മൾ മാറ്റിവെക്കുന്ന സംസാരങ്ങളും, തീരുമാനങ്ങളും, ധൈര്യവുമെല്ലാം നാളത്തെ നമ്മളിലേക്ക് ബാക്കിവെക്കുന്നു. നാളത്തെ ആ ‘നമ്മളും’ ഇതുപോലെ തിരക്കിലായിരിക്കും, ക്ഷീണിതനായിരിക്കും. അപ്പോഴും മാറ്റിവെക്കാൻ പുതിയ കാരണങ്ങളുണ്ടാകും.
നമ്മൾ എപ്പോഴും എന്തിന്റെയൊക്കെയോ പാതിവഴിയിലാണ്. അത് മനസ്സിലാക്കുന്നത് നമ്മളിൽ ഉത്കണ്ഠയല്ല, മറിച്ച് അവബോധമാണ് ഉണ്ടാക്കേണ്ടത്. ഈ ഭക്ഷണം, ഈ സംസാരം, ഈ സാധാരണ ദിവസം..ഇവയെല്ലാം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത, പകരം വെക്കാനില്ലാത്ത നിമിഷങ്ങളാണെന്ന തിരിച്ചറിവ് അത് നൽകും.
ജീവിതം ചെറുതാണ് എന്നതല്ല വലിയ ദുരന്തം. അത്യാഴത്തിൽ ചിന്തിക്കാനും മനസ്സിലാക്കാനും കഴിവുള്ള ഒരു മനസ്സ് ഉണ്ടായിട്ടും, ഉപരിപ്ലവമായ കാര്യങ്ങളിൽ മാത്രം അഭിരമിച്ച്, ജീവിതത്തെക്കുറിച്ച് ഒന്നുപോലും ചിന്തിക്കാതെ കടന്നുപോകുന്നതാണ് ഏറ്റവും വലിയ ദുരന്തം. അത്ഭുതങ്ങൾ കണ്ടെത്താൻ നിശബ്ദതയോ ഏകാന്തതയോ ഒന്നും ആവശ്യമില്ല. അല്പനേരം ഒന്ന് നിൽക്കാനും, ചുറ്റുമുള്ള ലോകത്തെ ശരിക്കും നോക്കിക്കാണാനുമുള്ള ഒരു മനസ്സാണ് നമുക്കാവശ്യം.
ഈ ലോകം അതിന്റെ അർത്ഥം നമ്മിൽ നിന്ന് മറച്ചുവെക്കുന്നില്ല. ഒരു വിത്തിന്റെ ഘടന മുതൽ ഒരു സങ്കടത്തിന്റെ ആഴങ്ങളിൽ വരെ അത് നമ്മളോട് നിരന്തരം സംസാരിക്കുന്നുണ്ട്. കണ്ണുകൾ തുറന്ന് ആ അർത്ഥങ്ങളെ സ്വീകരിക്കാൻ നാം തയ്യാറാണോ എന്നത് മാത്രമാണ് ചോദ്യം.
ഏറ്റവും വലിയ സത്യം ഇതായിരിക്കാം: ഈ ലോകം ഒരിക്കലും അർത്ഥശൂന്യമല്ല. ആ സ്രഷ്ടാവ് തന്റെ ഓരോ സൃഷ്ടിയിലും വളരെ ആഴത്തിലുള്ള ചില സത്യങ്ങൾ നിഗൂഢമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഒരു താക്കോലില്ലാത്ത പൂട്ട് കേവലമൊരു രഹസ്യം മാത്രമാണ്. ആ രഹസ്യങ്ങൾ തുറക്കാനുള്ള താക്കോൽ എന്ന് പറയുന്നത് കേവലം ബുദ്ധിയോ വിദ്യാഭ്യാസമോ ഒന്നുമല്ല, മറിച്ച് ‘അവബോധം’ (Awareness) ആണ്.
എന്തുകൊണ്ട് എന്ന് ചോദിക്കാനും, അത്ഭുതത്തോടെ ഈ ലോകത്തെ നോക്കിക്കാണാനുമുള്ള വിനീതമായ ഒരു മനസ്സാണ് ആ താക്കോൽ. അത് കൈവശമുള്ളവർ ഈ ലോകത്തിലൂടെ സഞ്ചരിക്കുന്നത് മറ്റൊരു രീതിയിലായിരിക്കും. സാധാരണ കാര്യങ്ങളിൽ പോലും അവർ വലിയ അറിവുകൾ കണ്ടെത്തും. നിശബ്ദതയിൽ അവർ സംഗീതം കേൾക്കും. കൊഴിഞ്ഞു വീഴുന്ന ഒരു ഇലയിലും, ജീവിതത്തിലെ വലിയ നഷ്ടങ്ങളിലും ഒളിഞ്ഞിരിക്കുന്ന വലിയ അർത്ഥങ്ങളെ അവർ തിരിച്ചറിയും. അതെല്ലാം ഓരോരോ വാതിലുകളാണെന്ന് അവർ മനസ്സിലാക്കും. ആ വാതിലുകൾക്കപ്പുറം, യഥാർത്ഥത്തിൽ അന്വേഷിക്കാൻ തയ്യാറുള്ളവർക്കായി ഈ ലോകത്തേക്കാൾ വലിയൊരു സത്യം കാത്തിരിക്കുന്നുണ്ട്.
ഈ ദിവസങ്ങളിൽ ഞാൻ ഇംഗ്ലീഷിലും എഴുതുന്നുണ്ട് കേട്ടോ. എന്റെ എഴുത്തുകൾ ഇവിടെ വായിക്കാം. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എഴുതിയ ഒരു ചെറിയ പുസ്തകവും അവിടെയുണ്ട്. കേൾക്കാൻ ഇഷ്ടമുള്ളവർക്കായി കുറച്ച് പോഡ്‌കാസ്റ്റുകളും, കാണാനായി കുറച്ച് ചിത്രങ്ങളും ഇതിലുണ്ട്.
